പ്രണയ സാഫല്യം; ആലിയയും രൺബീറും വിവാഹിതരായി
ബോളിവുഡ് താരജോഡികളായ ആലിയ ഭട്ടും രൺബീര്‍ കപൂറും വിവാഹിതരായി. അഞ്ച് വര്‍ഷത്തെ പ്രണയമാണ് വിവാഹത്തിലെത്തിയിരിക്കുന്നത്. വീട്ടിലെ ഏറ്റവും പ്രിയപ്പെട്ട ബാൽക്കണിയിൽ വച്ചാണ് വിവാഹിതരായതെന്ന് ആലിയ ഇൻസ്റ്റഗ്രാമിൽ ഫോട്ടോ പങ്കുവച്ചുകൊണ്ട് അറിയിച്ചു. ഒരുമിച്ച് ഇനിയുമൊരുപാട് ഓര്‍മ്മകൾ നിര്‍മ്മിക്കുന്നതിന് ഇനിയും കാത്തിരിക്കാനാവില്ലെന്ന് ആലിയ പറയുന്നു.
ബാന്ദ്രയിലെ രൺബീറിന്‍റെ വസതിയിൽ വച്ചാണ് ചടങ്ങുകൾ നടന്നത്. ഇന്നലെ ഹൽദി, സംഗീത് ചടങ്ങുകൾ ഇവിടെ വച്ച് നടന്നിരുന്നു. കരീനാ കപൂർ, കരിഷ്മ കപൂർ അടക്കം രൺബീറിന്‍റെ കുടുംബാംഗങ്ങളും ബോളിവുഡിലെ സുഹൃത്തുക്കളും ചടങ്ങിനെത്തി. ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഇന്നത്തെ ചടങ്ങിലും പങ്കെടുക്കുത്തത്. ഇന്നലെയാണ് രൺബീർ കപൂറിന്‍റെ അമ്മ നീതു സിംഗ് ഇരുവരുടെയും വിവാഹം ഇന്ന് നടക്കുമെന്ന് മാധ്യമങ്ങളോട് സ്ഥിരീകരിച്ചത്. സെപ്തംബറിൽ ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ച ചിത്രം ബ്രഹ്മാസ്ത്ര റിലീസ് ചെയ്യാനിരിക്കുകയാണ്.
ബോളിവുഡിലെ മോസ്റ്റ് വാണ്ടഡ് സെലിബ്രിറ്റി ഡിസൈനറായ സബ്യസാചി തന്നെയാണ് ആലിയയ്ക്കും വിവാഹ വസ്ത്രങ്ങൾ ഒരുക്കുന്നത്. അനുഷ്ക ശർമ, ദീപിക പദുകോൺ, പ്രിയങ്ക ചോപ്ര, കത്രീന കൈഫ് എന്നീ താരങ്ങളെല്ലാം വിവാഹ ദിനത്തിൽ ഉപയോഗിച്ചത് സബ്യസാചി തയ്യാറാക്കിയ വസ്ത്രമായിരുന്നു. വിവാഹത്തിന് വെള്ള ലെഹങ്കയാണ് ആലിയയുടെ വേഷം. സംഗീത്, മെഹന്ദി ചടങ്ങുകൾക്ക് മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത വേഷങ്ങളാണ് ആലിയ ധരിച്ചത്.