‘മോഹൻലാലിന്റെ കൂടെ നടക്കുന്നവർ പൊടിപ്പും തൊങ്ങലും വച്ച് പറയും, ലാൽ അത് അപ്പാടെ വിശ്വസിക്കും’ ആലപ്പി അഷ്‌റഫ്
കൊച്ചി:മലയാള സിനിമയിലെ എക്കാലത്തെയും വലിയ സൂപ്പർ താരങ്ങളിൽ ഒരാളാണ് മോഹൻലാൽ. കഴിഞ്ഞ നാലര പതിറ്റാണ്ടോളമായി അദ്ദേഹം സിനിമയിൽ തന്റെ സ്ഥാനം നിലനിർത്തി വരികയാണ്. ഇതിനിടെ ചെറുതും വലുതുമായ ഒട്ടേറെ ഹിറ്റുകൾ അദ്ദേഹത്തിന്റേതായി പിറക്കുകയും ചെയ്‌തിരുന്നു. അഭിനയ മികവും ബോക്‌സ് ഓഫീസ് നേട്ടങ്ങളും ഒരുപോലെ അവകാശപ്പെടാൻ കഴിയുന്ന മോഹൻലാലിന്റെ കരിയർ പൊതുവെ പുതിയ കാലത്തെ നടൻമാർക്ക് ഒരു അനുഭവ പാഠമാണ്.
എന്നാൽ പലപ്പോഴും താരത്തിന് ഏറെ വിമർശനങ്ങൾ നേരിടേണ്ടി വരാറുള്ളത് തന്റെ സിനിമാ സെലക്ഷനുകളുടെ പേരിലാണ്. സൗഹൃദത്തിന്റെ പേരിലും വ്യക്തി ബന്ധങ്ങളുടെ പേരിലും ചെന്ന് കേറിയ ചിത്രങ്ങളിൽ പലതും വൻ പരാജയങ്ങൾ ആയതോടെയാണ് ഈ പഴി കേൾക്കേണ്ടി വന്നത്. മോഹൻലാലിന്റെ കൂടെയുള്ള പലരുടെയും നേരെയായിരുന്നു ഇക്കാര്യത്തിൽ ചോദ്യമുന ഉയർന്നത്. ഇപ്പോഴിതാ സമാനമായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ്.
വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു സംഭവമാണ് അദ്ദേഹം ഓർത്തെടുക്കുന്നത്. ഒരു സിനിമയുടെ ഡേറ്റുമായി ബന്ധപ്പെട്ട് ലാലിനെ സമീപിച്ചപ്പോൾ അദ്ദേഹം ആദ്യം വലിയ താൽപര്യം പ്രകടിപ്പിച്ചതും പിന്നീട് ചെന്നപ്പോൾ ഒഴിവാക്കി വിട്ടതുമാണ് ആലപ്പി അഷ്‌റഫ് ചൂണ്ടിക്കാണിക്കുന്നത്. ആ സിനിമ ഇല്ലാതാവാൻ കാരണം എന്തെന്നും ആലപ്പി അഷ്‌റഫ് വെളിപ്പെടുത്തുന്നുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ
മുൻപൊരിക്കൽ ഫാസിൽ സാർ എന്നെ വിളിച്ചു ഒന്ന് കാണണമെന്ന് പറഞ്ഞു. അങ്ങനെ ഞാൻ അദ്ദേഹത്തിന് അടുത്തേക്ക് ചെന്നു. പുതിയ കാലത്തെ സംവിധായകരെ വലിയ പരിചയമില്ലെന്ന് പാച്ചിക്ക എന്നോട് പറഞ്ഞു. ഈ ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകൻ ആളെങ്ങനെ എന്നാണ് പാച്ചിക്ക ചോദിച്ചത്. ലിജോ ഫഹദിന്റെ ഡേറ്റ് ചോദിച്ചെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അത് കൊടുക്കണോ വേണ്ടയോ എന്ന് അറിയാനാണ് എന്നെ വിളിച്ചത്.
ഞാൻ മുൻപ് ലിജോയുടെ സിനിമകൾ കണ്ടിരുന്നു. സെൻസർ ബോർഡ് അംഗം ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ രണ്ട് സിനിമകൾ എന്റെ മുൻപിൽ എത്തിയിരുന്നു. നായകൻ എന്ന ചിത്രം കണ്ടപ്പോൾ എനിക്ക് അദ്ദേഹത്തോട് വളരെയധികം മതിപ്പ് തോന്നിയിരുന്നു. എന്നാൽ രണ്ട് ചിത്രങ്ങളും സാമ്പത്തികമായി പരാജയമായിരുന്നു.
ഞാൻ പാച്ചിക്കയോട് ലിജോ നല്ല ടെക്‌നീഷ്യൻ ആണെന്ന് പറഞ്ഞു. എന്നിട്ടാണോ രണ്ട് പടം പൊട്ടിയതെന്നായിരുന്നു അദ്ദേഹം എന്നോട് ചോദിച്ചത്. ഞാൻ പറഞ്ഞു നല്ല സംവിധായകൻ ആണ് ധൈര്യമായി ടാറ്റ കൊടുത്തോളാൻ. അങ്ങനെയാണ് ആമേൻ എന്ന ചിത്രം വന്നത്. അത് ഭയങ്കര ഹിറ്റാവുകയും ചെയ്‌തു. അങ്ങനെയാണ് ലിജോയുടെ കരിയർ ഗ്രാഫ് ഉയർന്നത്.
പലരും രണ്ട് സിനിമ പരാജയപ്പെട്ടാൽ അയാളെ കുറിച്ച് ഒരിക്കലും നല്ലത് പറയില്ല. പണ്ടൊരു സംഭവം നടന്നിരുന്നു. ഏഷ്യാനെറ്റ് വിട്ട ശേഷം ശശികുമാർ സാർ ഹിന്ദിയിൽ ഒരു പടം ചെയ്‌തു. പിന്നെ മോഹൻലാലിനെ വച്ച് ഒരു മലയാള ചിത്രം ചെയ്യണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. സക്കറിയയുടേത് ആയിരുന്നു എഴുത്ത്. അങ്ങനെ ഞാൻ ലാലിനെ കാണാൻ ചെന്നു.
കാര്യം പറഞ്ഞപ്പോൾ ലാൽ വല്ലാതെ എക്സൈറ്റഡ് ആയി. അണ്ണാ നമ്മൾ ഈ പടം ചെയ്യണം. ഇവരുടെ കൂടെ ഒക്കെയല്ലേ പടം ചെയ്യണ്ടത്. ധൈര്യമായി മുന്നോട്ട് പോവാം എന്നായിരുന്നു ലാൽ പറഞ്ഞത്. എന്നാൽ പിന്നീട് ഡേറ്റിനായി ലാലിന്റെ അടുത്ത് ചെന്നപ്പോൾ അദ്ദേഹം വലിയ താൽപര്യം കാട്ടിയില്ല. പലതും പറഞ്ഞ് ഒഴിവാക്കി വിടുകയായിരുന്നു.
ഞാൻ സക്കറിയയെ വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞു ഇനി അത് നോക്കണ്ട വലിയൊരു ബോംബ് വീണുവെന്ന്. തിരുവനന്തപുരത്തുള്ള പഴയ സംവിധായകൻ ലാലിനോട് ഓരോന്ന് പറഞ്ഞ് ബ്രെയിൻ വാഷ് ചെയ്‌തിരുന്നു. ലാൽ എപ്പോഴും അങ്ങനെയാണ്. കൂടെയുള്ളവർ പൊടിപ്പും തൊങ്ങലും വച്ച് ഓരോന്ന് പറയും, ലാൽ അത് പാടെ വിശ്വസിക്കും. അങ്ങനെയാണ് ആ പടം മുടങ്ങിപ്പോയത്.