
കോഴിക്കോട്: താമരശ്ശേരി കോടഞ്ചേരിയില്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപിക അലീന ബെന്നി ശമ്പളം കിട്ടാത്തതിന്റെ പേരില്‍ ജീവനൊടുക്കിയ സംഭവത്തില്‍ കുടുംബത്തിന്റെ ആരോപണങ്ങള്‍ ശരിവച്ച് വിദ്യാഭ്യാസ വകുപ്പ്. അധ്യാപിക അലീന ബെന്നിയുടെ നിയമനം വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. താമരശ്ശേരി രൂപതയുടെ കോര്‍പറേറ്റ് മാനേജ്‌മെന്റിന് വീഴ്ച പറ്റിയെന്നും വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. റിപ്പോര്‍ട്ട് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറി.
കട്ടിപ്പാറ നസ്രത്ത് എല്‍പി സ്‌കൂളിലായിരുന്നു അലീനയ്ക്ക് ആദ്യം നിയമനം നല്‍കിയത്. എന്നാല്‍ ഈ തസ്തികയിലേക്ക് ആശ്രിത നിയമനത്തിന് അവകാശപ്പെട്ട മറ്റൊരാള്‍ വന്നതോടെ നിയമനം സ്ഥിരപ്പെടുത്താന്‍ സാധിക്കാതെ വന്നു. തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ജൂണില്‍ കോടഞ്ചേരിയിലേക്ക് മാറ്റിയത്. കോടഞ്ചേരി സെന്റ്. ജോസഫ് എല്‍പി സ്‌കൂളിലെ നിയമനവും വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചിരുന്നില്ല. ഭിന്നശേഷി സംവരണമാണ് ഇവിടെ നിയമനത്തിന് പ്രശ്‌നമായതെന്നാണ് വിവരം.
വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന് വീഴ്ചപറ്റി എന്നായിരുന്നു മാനേജ്മെന്റ് ആരോപിച്ചിരുന്നത്. സ്ഥിരനിയമനത്തിനുള്ള അപേക്ഷ നല്‍കിയിരുന്നുവെന്നും എന്നാല്‍ വിദ്യാഭ്യാസ വകുപ്പ് കൃത്യമായി ഇടപെട്ടില്ല എന്നുമായിരുന്നു മാനേജ്മെന്റിന്റെ വാദം. എന്നാല്‍ മാനേജ്മെന്റിന്റെ വാദങ്ങളെല്ലാം തള്ളിക്കൊണ്ടാണ് വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
ആറുവര്‍ഷം മുമ്പ് 13 ലക്ഷം രൂപ നല്‍കി ജോലിയില്‍ കയറിയിട്ടും ശമ്പളം നല്‍കുകയോ സ്ഥിരം നിയമനം നല്‍കുകയോ ചെയ്യാതെ വഞ്ചിച്ച താമരശ്ശേരി രൂപത കോര്‍പറേറ്റ് മാനേജ്‌മെന്റാണ് മകളുടെ മരണത്തിന് ഉത്തരവാദിയെന്ന് ആത്മഹത്യ ചെയ്ത അധ്യാപിക അലീന ബെന്നിയുടെ പിതാവ് കട്ടിപ്പാറ വളവനാനിക്കല്‍ ബെന്നി ആരോപിച്ചിരുന്നു.
ആറ് വര്‍ഷമായി ശമ്പളം നല്‍കാത്തതിലുള്ള മനോവിഷമത്തിലാണ് കോടഞ്ചേരി സെന്റ് ജോസഫ് എല്‍.പി സ്‌കൂള്‍ അധ്യാപിക അലീന ബെന്നി ഇന്നലെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. അതേസമയം, കോഴ വാങ്ങിയെന്ന ആരോപണം രൂപത നിഷേധിച്ചു.
താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് മാനേജുമെന്റിന് കീഴിലുള്ള കട്ടിപ്പാറ ഹോളി ഫാമിലി എല്‍.പി സ്‌കൂളില്‍ അഞ്ചു വര്‍ഷം ജോലി ചെയ്ത അലീന ഈ വര്‍ഷം ജൂണ്‍ മുതല്‍ കോടഞ്ചേരി സെന്റ് ജോസഫ് എല്‍.പി സ്‌കൂളിലാണ് ജോലി ചെയ്യുന്നത്. ജോലിക്കായി ആറു വര്‍ഷം മുന്‍പ് 13 ലക്ഷം രൂപ മാനേജ്മന്റെിന് നല്‍കിയതായി കുടുംബം പറഞ്ഞു. എന്നാല്‍, അലീനയ്ക്ക് ജോലി സ്ഥിരപ്പെടുകയോ ശമ്പളം ലഭിക്കുകയോ ചെയ്തിരുന്നില്ല. അധ്യാപകര്‍ പിരിവെടുത്താണ് വണ്ടിക്കൂലി നല്‍കിയിരുന്നത്.
കട്ടിപ്പാറ സ്‌കൂളില്‍ ലീവ് വേക്കന്‍സിയിലാണ് അലീനയെ നിയമിച്ചത്. ഇവിടെ നിയമനത്തിന് സാധ്യതയില്ലായിരുന്നിട്ടും മാനേജ്‌മെന്റ് സ്ഥിര നിയമനത്തിന് സാധ്യതയുണ്ടെന്ന് വാഗ്ദാനം നല്‍കിയാണ് ഇവര്‍ക്ക് ജോലി നല്‍കിയത്. എന്നാല്‍, അവധിക്ക് പോയ അധ്യാപിക തിരികെ വന്നതോടെ അലീനയുടെ ജോലി പോയി. കുടുംബം താമരശ്ശേരി രൂപതയുമായി ബന്ധപ്പെട്ടപ്പോള്‍ വീട്ടില്‍നിന്ന് ദൂരെയുള്ള കോടഞ്ചേരി സെന്റ് ജോസഫ് എല്‍.പി സ്‌കൂളിലേക്ക് മാറ്റി. ഇവിടെയും സ്ഥിര നിയമനം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നതായാണ് വിവരം. എന്നാല്‍, ഇതും പാഴ്വാക്കായി.
സ്‌കൂള്‍ മാറ്റ സമയത്ത് കട്ടിപ്പാറയില്‍ ജോലി ചെയ്ത കാലയളവിലെ ശമ്പളമോ ആനുകൂല്യമോ ആവശ്യമില്ലെന്നു കോര്‍പ്പറേറ്റ് മാനേജര്‍ എഴുതി വാങ്ങിയിരുന്നുവെന്നും പിതാവ് ബെന്നി ആരോപിച്ചു. ശമ്പള കുടിശ്ശിക കിട്ടാതെ വന്നതോടെ അലീന മാനസികമായി തളര്‍ന്നുവെന്നും പിതാവ് പറഞ്ഞു. ഇന്നലെ അലീന സ്‌കൂളില്‍ പോയിരുന്നില്ല. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നു. സ്‌കൂളില്‍ എത്താതിരുന്നതിനാല്‍ അധികൃതര്‍ പിതാവ് ബെന്നിയെ വിളിച്ച് കാര്യം അന്വേഷിക്കുകയായിരുന്നു. മൂന്നു മണിയോടെ ബെന്നി വീട്ടിലെത്തിയപ്പോഴാണ് അലീനയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
അധ്യാപികയുടെ ആത്മഹത്യ ചെയ്തത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ഇതോടൊപ്പം എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് ശമ്പള കുടിശികക്ക് അര്‍ഹതയില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടിയുടെ നിയമസഭയിലെ മറുപടി വിദ്യാഭ്യാസ രംഗത്തെ കുത്തഴിഞ്ഞ അവസ്ഥ വെളിവാക്കുന്നതാണ്.
2016 ജൂണ്‍ മുതല്‍ 2020 ഫെബ്രുവരി വരെ എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപകരായി നിയമനം ലഭിച്ചവര്‍ക്ക് നോഷണലായി അംഗീകാരം നല്‍കിയ കാലയളവിലെ ശമ്പള കുടിശ്ശിക അനുവദിക്കാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഈ മാസം നിയമസഭയില്‍ സമ്മതിച്ചിരുന്നു. ഈ കാലയളവിലെ സാമ്പത്തിക ആനുകൂല്യങ്ങള്‍ക്ക് അധ്യാപകര്‍ അര്‍ഹരല്ലെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉന്നയിച്ച ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.
2016 മുതല്‍ 2020 വരെയുള്ള കാലയളവില്‍ സംസ്ഥാനത്തെ വിവിധ എയ്ഡഡ് സ്‌കൂളുകളില്‍ ജോലി ചെയ്ത അധ്യാപകര്‍ക്ക് നിയമന തീയതി മുതല്‍ സേവന കാലയളവ് പരിഗണിച്ച് ഇന്‍ക്രിമെന്റ് നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ? മേല്പറഞ്ഞ കാലയളവിലെ സാമ്പത്തിക ആനുകൂല്യങ്ങള്‍ പ്രസ്തുത അധ്യാപകര്‍ക്ക് എന്ന് നല്‍കുമെന്ന് വ്യക്തമാക്കാമോ? എന്നിവയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചത്. ഇതിന് മറുപടിയായി മന്ത്രി പറഞ്ഞത് ഇങ്ങനെ:
കെ.ഇ.ആര്‍ അദ്ധ്യായം XXI ലെ ചട്ടം 7 ഉപചട്ടം 1, 2, 3, 4 എന്നിവ അനുസരിച്ച് സംരക്ഷിത അദ്ധ്യാപകരെ നിയമിക്കാന്‍ മാനേജര്‍മാര്‍ ചട്ടപ്രകാരം ബാദ്ധ്യസ്ഥരാണ്. മേല്‍ ചട്ടങ്ങള്‍ക്ക് 29.01.2016 മുതല്‍ പ്രാബല്യമുണ്ട്. പ്രസ്തുത ചട്ടങ്ങള്‍ക്കുവിരുദ്ധമായി അധിക തസ്തികകളില്‍ നിയമിക്കപ്പെട്ട അദ്ധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കുന്നതിനായി, ചട്ടങ്ങളില്‍ ഇളവ് നല്‍കിക്കൊണ്ട്, സ.ഉ. (അച്ചടി) 4/2021/പൊ.വി.വ തീയതി 06.02.2021 നമ്പര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇതുപ്രകാരം നിയമനാംഗീകാരം ലഭിക്കുന്ന ജിവനക്കാര്‍ക്ക് 06-02-2021 മുതല്‍ മാത്രമാണ് സാമ്പത്തിക ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ളത്. നിയമന തീയതി മുതല്‍ 05.02.2021 വരെയുള്ള കാലയളവിലുള്ള ശമ്പള കുടിശികക്ക് അര്‍ഹരല്ല. എന്നാല്‍ ഈ കാലയളവ് അര്‍ഹമായ മറ്റ് സര്‍വ്വീസ് ആനുകൂല്യങ്ങള്‍ക്ക് പരിഗണിക്കുന്നതിന് തടസ്സമില്ല എന്നാണ് വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ പറഞ്ഞത്.