‘ഒരിക്കൽ കൂടി, ഇനിയൊരു മേക്കപ്പ് ഇടൽ ഉണ്ടാവില്ല’, നൊമ്പരനിമിഷം പങ്കുവെച്ച് ആലപ്പി അഷ്‌റഫ്
അന്തരിച്ച നടനും മുന്‍ എംപിയുമായ ഇന്നസെന്റിന് അന്ത്യാഞ്ജലിയര്‍പ്പിച്ചുകൊണ്ട് നിരവധിയാളുകളാണ് എത്തുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ആളുകള്‍ നടനെക്കുറിച്ചുള്ള ഓര്‍മകളും ചിത്രങ്ങളും പങ്കുവെക്കുകയാണ്. ഇപ്പോഴിതാ ഹൃദയഭേദകമായ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്.
ചേതനയറ്റ ഇന്നസെന്റിന്റെ ശീരത്തില്‍ മേക്കപ്പ് ചെയ്യുന്ന ഫോട്ടോയും കൂടെ ഒരു കുറിപ്പും ആലപ്പി അഷ്‌റഫ് പങ്കുവെച്ചിട്ടുണ്ട്. ‘ഒരിക്കല്‍ കൂടി, ഇനിയൊരു മേക്കപ്പ് ഇടല്‍ ഉണ്ടാവില്ല. എന്നാലും, അരങ്ങു തകര്‍ത്ത അഭിനയ മികവ് എന്നും നിലനില്ക്കും’, ആലപ്പി അഷ്‌റഫ് കുറിച്ചു.
നിർമാതാവ് ഔസേപ്പച്ചൻ അവസാനമായി കൈയിൽ കുരിശ് പിടിപ്പിച്ചുകൊടുക്കുന്നതും ചിത്രത്തിൽ കാണാം. ഒരു നിയോഗം പോലെയാണ് അദേഹത്തിന് കുരിശ് നൽകി യാത്രയാക്കാനുള്ള അവസരമുണ്ടായതെന്ന് ഔസേപ്പച്ചൻ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. നടന്മാരായ ബാബുരാജ്, സിദ്ദിഖ് എന്നിവരും ചിത്രത്തിൽ അദ്ദേഹത്തിനടുത്തുണ്ട്.
അതേസമയം, കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ പൊതുദര്‍ശനത്തിന് ശേഷം ഇന്നസെന്റിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര തൃശ്ശൂരില്‍ എത്തി. വൈകീട്ട് 3.30 മണിവരെ ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ പൊതുദര്‍ശനമുണ്ടാവും. ശേഷം വീട്ടിലേക്ക് കൊണ്ടുപോവും. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ചൊവ്വാഴ്ച രാവിലെ 10-നാണ് സംസ്‌കാരം.