ആലപ്പുഴ: യാത്രക്കാരെ വലച്ച് ഇന്ത്യന്‍ റെയില്‍വേ. മുന്നറിയിപ്പില്ലാതെ ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ് സമയം മാറ്റി. രാവിലെ ആറുമണിക്ക് ആലപ്പുഴയില്‍നിന്ന് പുറപ്പെടേണ്ട ധന്‍ബാദ് എക്‌സ്പ്രസ് രണ്ടേമുക്കാല്‍ മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്.
ധന്‍ബാദില്‍നിന്ന് ട്രെയിന്‍ എത്തിയപ്പോള്‍ താമസിച്ചു. തുടര്‍ന്ന് ശുചീകരണജോലികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള കാലതാമസവും വന്നു. ഇതാണ് ട്രെയിന്‍ വൈകിയോടാന്‍ കാരണമെന്നാണ് റെയില്‍വേ നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇക്കാര്യം മുന്‍കൂട്ടി അറിയിച്ചിരുന്നെങ്കില്‍ വലിയ ഉപകാരമാകുമായിരുന്നെന്ന് യാത്രക്കാര്‍ പ്രതികരിച്ചു.
ആലപ്പുഴയില്‍നിന്ന് വടക്കോട്ട് എറണാകുളത്തേക്ക് ഉള്‍പ്പെടെ ജോലിക്ക് പോകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടക്കം ആശ്രയിക്കുന്ന ട്രെയിനാണ് ധന്‍ബാദ് എക്‌സ്പ്രസ്. ട്രെയിന്‍ വൈകുന്നതുമായി ബന്ധപ്പെട്ട് റെയില്‍വേ മുന്നിറിയിപ്പ് നല്‍കിയിരുന്നുവെങ്കില്‍ ഇവര്‍ക്ക് മറ്റ് യാത്രാമാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കഴിഞ്ഞേനെ. ഇതേത്തുടര്‍ന്നാണ് യാത്രക്കാര്‍ പ്രതിഷേധിച്ചത്.