KeralaNews

എന്റെ ഇടതുകണ്ണിനു കാഴ്ച ശക്തി പൂര്‍ണ്ണമായും നഷ്ടപ്പെട്ടു, അവരുടെ ശിക്ഷ എങ്ങനെ പകരമാകും..? വേദനയോടെ അല്‍ അമീന്‍

തിരുവനന്തപുരം: ക്ലാസില്‍ ശ്രദ്ധിക്കാത്തതിന്റെ പേരില്‍ അധ്യാപിക എറിഞ്ഞ പേന ഇടതുകണ്ണിലെ കൃഷ്ണമണിയില്‍ തറച്ച് കാഴ്ച നഷ്ടപ്പെട്ട സംഭവത്തില്‍ അധ്യാപികക്ക് കഠിന തടവ് ലഭിച്ചെങ്കിലും ഈ ശിക്ഷ എങ്ങനെ പകരമാകുമെന്ന് അല്‍ അമീന്‍ ചോദിക്കുന്നു. എന്റെ ഇടതുകണ്ണിനു കാഴ്ച ശക്തി പൂര്‍ണ്ണമായും നഷ്ടപ്പെട്ടു, അവരുടെ ശിക്ഷ എങ്ങനെ പകരമാകും..? ഇത് കോടതി വിധി വന്നതിനു ശേഷമുള്ള അല്‍ അമീന്റെ വാക്കുകളാണ്. നഷ്ടപ്പെട്ടത് നഷ്ടപ്പെട്ടു. കോടതി വിധിയില്‍ ആഹ്ലാദിക്കുന്നില്ല. ആശ്വാസമുണ്ട്. കാഴ്ചശക്തി പൂര്‍ണമായി നഷ്ടപ്പെട്ട എന്റെ ഇടതുകണ്ണിനു മറ്റൊരാള്‍ക്ക് നല്‍കുന്ന ശിക്ഷ എങ്ങനെ പകരമാകുമെന്ന് അധ്യാപികയുടെ ആക്രമണത്തിന് ഇരയായ ആ മൂന്നാം ക്ലാസുകാരന്‍ ചോദിക്കുന്നു.

ക്ലാസില്‍ ശ്രദ്ധിക്കാത്തതിന്റെ പേരില്‍ അധ്യാപിക എറിഞ്ഞ പേന ഇടതുകണ്ണിലെ കൃഷ്ണമണിയില്‍ തറച്ചാണ് അല്‍ അമീന് കാഴ്ച നഷ്ടപ്പെട്ടത്. 16 വര്‍ഷം മുന്‍പുണ്ടായ സംഭവത്തില്‍ തിരുവനന്തപുരം പോക്സോ കോടതി മലയിന്‍കീഴ് കണ്ടല ഗവ. സ്‌കൂളിലെ മുന്‍ അധ്യാപിക തൂങ്ങാംപാറ സ്വദേശിനി ഷെരീഫ ഷാജഹാനെ ഒരു വര്‍ഷം കഠിനതടവിനു ശിക്ഷിച്ചു. മൂന്നു ലക്ഷം രൂപ പിഴയും ജഡ്ജി കെ.വി.രജനീഷ് വിധിച്ചു. പിഴയൊടുക്കിയില്ലെങ്കില്‍ മൂന്നു മാസം അധിക തടവും അനുഭവിക്കണം. ഈ വിധിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇടയ്ക്ക് വാക്കുകള്‍ സങ്കടം കൊണ്ട് മുറിഞ്ഞു പോകുന്നുണ്ട്.

‘എന്റെ ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടു. എനിക്ക് 24 വയസ്സായി. ലൈസന്‍സും പാസ്പോര്‍ട്ടും എടുക്കാനായി അധികൃതരെ സമീപിച്ചപ്പോള്‍ തിരിച്ചയച്ചു. കൂലിപ്പണിക്കു പോലും ആരും വിളിക്കുന്നില്ല…കണ്ണുള്ളവരെങ്കിലും ഇതു കാണണം..എനിക്കും ജീവിക്കണ്ടേ…പൊലീസില്‍ ചേരണമെന്നായിരുന്നു സ്വപ്നം.. പക്ഷേ ഇനി…’ തൊണ്ടയിടറി അമീന്‍ പറയുന്നു.

സംഭവമുണ്ടായി 16 വര്‍ഷം കഴിഞ്ഞിട്ടും ഒരിക്കല്‍ പോലും അധ്യാപിക തിരിഞ്ഞു നോക്കിയില്ലെന്ന് അല്‍ അമീന്റെ മാതാവ് എ.സുമയ്യ ബീവിയും പറയുന്നു. ‘പേന എറിഞ്ഞില്ലെന്നായിരുന്നു അവകാശവാദം. വിധി എതിരാകുമെന്ന് ഉറപ്പായതോടെ ഇടനിലക്കാരന്‍ വഴി ഒരു ലക്ഷം രൂപ നല്‍കി മൊഴി മാറ്റി പറയാന്‍ ആവശ്യപ്പെട്ടെങ്കിലും സാധ്യമല്ലെന്നു പറഞ്ഞു. എന്റെ മകന്റെ സ്ഥിതി മനസ്സിലാക്കി ആരെങ്കിലും ജോലി നല്‍കാന്‍ തയാറാകുമോ എന്നും സുമയ്യ നിറകണ്ണുകളോടെ ചോദിക്കുന്നു.

കൂലിപ്പണിക്കാരനായ പി.സയ്യദ് അലിഎ.സുമയ്യ ബീവി ദമ്പതികളുടെ മൂത്ത മകനാണ് അല്‍ അമീന്‍. ബികോം വിദ്യാര്‍ഥി അഫ്‌സല്‍ സഹോദരനാണ്. അല്‍ അമീന്റെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് മലയിന്‍കീഴ് പൊലീസ് അധ്യാപികയ്‌ക്കെതിരെ അന്നു കേസെടുത്തിരുന്നു. ആറു മാസത്തേക്ക് സസ്‌പെന്‍ഡു ചെയ്‌തെങ്കിലും ഒരു മാസം കഴിഞ്ഞ് അധ്യാപിക സര്‍വീസില്‍ തിരികെ പ്രവേശിച്ചു. പിന്നീട് നെയ്യാറ്റിന്‍കരയിലെ സ്‌കൂളിലേക്കു മാറിയ ഇവര്‍ 4 വര്‍ഷം മുന്‍പു വിരമിച്ചു. ചികിത്സ കഴിഞ്ഞ് 4 മാസത്തിനു ശേഷം ഇതേ സ്‌കൂളില്‍ തിരിച്ചെത്തിയ അല്‍ അമീന്‍ പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker