CricketKeralaNewsSports

അക്ഷയ് ചന്ദ്രന് സെഞ്ചുറി, രഞ്ജി ട്രോഫിയില്‍ കേരളത്തിന് മികച്ച സ്‌കോര്‍; ജാര്‍ഖണ്ഡിന് മൂന്ന് വിക്കറ്റ് നഷ്ടം

റാഞ്ചി: രഞ്ജി ട്രോഫിയില്‍ ജാര്‍ഖണ്ഡിനെതിരായ മത്സരത്തില്‍ കേരളത്തിന് മികച്ച സ്‌കോര്‍. അക്ഷയ് ചന്ദ്രന്റെ (150) കരുത്തില്‍ 475 റണ്‍സാണ് കേരളം നേടിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ജാര്‍ഖണ്ഡ് രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സെടുത്തിട്ടുണ്ട്. വിരാട് സിംഗ് (18), സൗരബ് തിവാരി (13) എന്നിവരാണ്. ക്രീസല്‍. വൈശാഖ് ചന്ദ്രന്‍ രണ്ട് വിക്കറ്റെടുത്തു. നേരത്തെ രോഹന്‍ പ്രേം (79), രോഹന്‍ കുന്നുമ്മല്‍ (50), സഞ്ജു സാംസണ്‍ (72), സിജോമോന്‍ ജോസഫ് (83) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഷഹ്ബാസ് നദീം അഞ്ച് വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗില്‍ മോശം തുടക്കമാണ് ജാര്‍ഖണ്ഡിന് ലഭിച്ചത്. ഉത്കര്‍ഷ് സിംഗ് (3) സ്‌കോര്‍ബോര്‍ഡില്‍ അഞ്ച് റണ്‍സ് മാത്രമുള്ളപ്പോള്‍ മടങ്ങി. ബേസില്‍ തമ്പിയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നീട് കുമാര്‍ സുരജ് (28)- മുഹമ്മദ് നസീം (24) സഖ്യമാണ് തുടക്കത്തിലെ തകര്‍ച്ച ഒഴിവാക്കിയത്. സുരജിനെ പുറത്താക്കി വൈശാഖ് കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ നസീം പുറത്ത്. വൈശാഖിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. 

നേരത്തെ ആറിന് 276 എന്ന നിലയിലാണ് കേരളം രണ്ടാം ദിനം ആരംഭിച്ചത്. അധികം വൈകാതെ അക്ഷയ് ചന്ദ്രന്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ സിജോമോന്‍ ജോസഫ് മടങ്ങിയത് കേരള ക്യാംപില്‍ നിരാശയുണ്ടാക്കി. 10 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. അക്ഷയ്‌ക്കൊപ്പം 171 റണ്‍സാണ് സിജോമോന്‍ കൂട്ടിചേര്‍ത്തത്. പിന്നീടെത്തിയവരില്‍ ബേസില്‍ തമ്പി (9), വൈശാഖ് (10) എന്നിവര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. ഇതിനിടെ അക്ഷയ് ചന്ദ്രനും പവലിയനില്‍ തിരിച്ചെത്തി. 268 പന്തുകള്‍ നേരിട്ട അക്ഷയ് 13 ഫോറും ഒരു സിക്‌സും നേടി. ഫനൂസ് എഫ് (6) പുറത്താവാതെ നിന്നു.

രോഹന്‍ പ്രേം (79) രോഹന്‍ കുന്നുമ്മല്‍ (50) സഖ്യം മികച്ച തുടക്കമാണ് കേരളത്തിന് നല്‍കിയത്. ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 90 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ രോഹന്‍ കുന്നുമ്മല്‍ പുറത്തായി. ഷഹ്ബാസിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. ഒരു സിക്സും അഞ്ച് ഫോറും താരത്തിന്റെ ഇന്നിംഗ്സില്‍ ഉണ്ടായിരുന്നു. പിന്നീടെത്തിയ ഷോണ്‍ ജോര്‍ജ് (1), സച്ചിന്‍ ബേബി (0) എന്നിവര്‍ക്ക് തിളങ്ങാനായില്ല.

ഇതോടെ കേരളം മൂന്നിന് 98 എന്ന നിലയിലായി. അഞ്ചാമനായിട്ട് സഞ്ജു ക്രീസിലെത്തി. ക്രിസീല്‍ ഉറച്ചുനില്‍ക്കുന്നതിനൊപ്പം അറ്റാക്ക് ചെയ്യാനും സഞ്ജു മറന്നില്ല. ഏഴ് സിക്സും നാല് ഫോറും സഞ്ജുവിന്റെ ഇന്നിംഗ്സിലുണ്ടായിരുന്നു. കൂട്ടുകെട്ട് മികച്ച നിലയില്‍ പോയികൊണ്ടിരിക്കെ രോഹന്‍ പ്രേം മടങ്ങിയത് കേരളത്തിന് തിരിച്ചടിയായി. 201 പന്തുകള്‍ നേരിട്ട താരം 79 റണ്‍സ് നേടിയിരുന്നു. ഒമ്പത് ഫോറും രോഹന്റെ ഇന്നിംഗ്സിലുണ്ടായിരുന്നു. 

സഞ്ജുവിനൊപ്പം 91 റണ്‍സ് രോഹന്‍ കൂട്ടിചേര്‍ത്തിരുന്നു. ചായയ്ക്ക് ശേഷം സഞ്ജുവും മടങ്ങി. ഷഹ്ബാസിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങിയത്. ഏഴ് സിക്സും നാല് ഫോറുമാണ് സഞ്ജു നേടിയത്. ഇതിനിടെ ജലജ് സക്സേന (0) റണ്ണൗട്ടായത് കേരളത്തിന് കനത്ത തിരിച്ചടിയായി. 

കേരള ടീം: രോഹന്‍ പ്രേം, രോഹന്‍ കുന്നുമ്മല്‍, ഷോണ്‍ ജോര്‍ജ്, സച്ചിന്‍ ബേബി, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), അക്ഷയ് ചന്ദ്രന്‍, വൈശാഖ് ചന്ദ്രന്‍, ബേസില്‍ തമ്പി, സിജോമോന്‍ ജോസഫ്, ജലജ് സക്സേന, എഫ് ഫനൂസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker