KeralaNews

‘ആരോപണങ്ങളെല്ലാം അന്വേഷിക്കട്ടെ, സർക്കാരിന് കത്ത് നൽകി അജിത് കുമാർ

കോട്ടയം: തനിക്കെതിരായ ആരോപണങ്ങളെല്ലാം അന്വേഷിക്കട്ടെയെന്നും അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയതായും എഡിജിപി എംആർ അജിത് കുമാർ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. എഡിജിപിക്കെതിരേ പി.വി.അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങളില്‍ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

പോലീസ് അസോസിയേഷന്‍ സമ്മേളന വേദിയിൽ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനു പിന്നാലെ സംസാരിച്ചപ്പോൾ എഡിജിപി മുഖ്യമന്ത്രിയെ പ്രശംസിക്കുകയും തന്റെ നേട്ടങ്ങൾ എണ്ണിപറയുകയും ചെയ്തു. കഴിഞ്ഞ എട്ടുവർഷക്കാലമായി മുഖ്യമന്ത്രി പോലീസ് സേനയോട് അനുഭാവപൂർവ്വമാണ് പെരുമാറയിട്ടുള്ളതെന്ന് പറഞ്ഞ എഡിജിപി, തനിക്കിനി ഇത് പറയാൻ അവസരം ലഭിക്കുമോയെന്ന് അറിയില്ലെന്നും കൂട്ടിചേർത്തു.

പോലീസുകരുടെ എണ്ണത്തിൽ കുറവുണ്ട്. ജോലിഭാരം കൂടിയിട്ടുണ്ട്. സേനയിലെ പ്രശ്നങ്ങളും അത് പരിഹരിക്കാൻ ഉതകുന്ന പ്രപ്പോസലുകളും എഡിജിപി മുന്നോട്ടുവച്ചു. പോലീസുകാർക്ക് സ്വന്തം ഹോം സ്റ്റേഷനിൽ ജോലിനൽകാൻ സാധിക്കുമെങ്കിൽ അതും വേണമെന്നും എംആർ അജിത് കുമാർ പറ‍ഞ്ഞു.

പലമാറ്റങ്ങൾക്കും താൻ കാരണമായിട്ടുണ്ട്. ജീവൻകൊടുത്തും പൊതുജനത്തെ സംരക്ഷിക്കാൻ പോലീസിന് ഉത്തരവാദിത്വമുണ്ട്. എന്ത് ആവശ്യപ്പെട്ടാലും അതിവേ​ഗത്തിൽ നടപടി ലഭിക്കുന്നെന്ന വിശ്വസത്തിലാണ് എല്ലാവരും പോലീസിനെ സമീപിക്കുന്നത്. പോലീസ് ശരിയാണെന്നും സഹായിക്കുമെന്നും ജനങ്ങൾ വിശ്വസിക്കുന്നുണ്ട്. ആ വിശ്വാസത്തിനനുസരിച്ച് ഉയരാനും നിങ്ങൾക്കും എനിക്കും സാധിക്കട്ടെയെന്ന് പറഞ്ഞുകൊണ്ടായിരുന്നു എഡിജിപി പ്രസം​ഗം അവസാനിപ്പിച്ചത്.

അൻവറിന്‍റെ ആരോപണങ്ങളിൽ പ്രതിസന്ധിയിലായതോടെയാണ് സർക്കാർ അന്വേഷണത്തിലേയ്ക്ക് നീങ്ങിയത്. എഡിജിപി എം.ആര്‍. അജിത് കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെയുള്ള ആരോപണങ്ങളിൽ ഡിജിപി തല അന്വേഷണം നടത്തുമെന്നാണ് മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിച്ചത്. ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ ഇത് സംബന്ധിച്ച് അന്വേഷിക്കുമെന്നും അച്ചടക്കത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker