FeaturedKeralaNews

വിളിച്ചു വരുത്തി അധിക്ഷേപിച്ചു, കൊല്ലം റൂറല്‍ എസ്.പിയ്‌ക്കെതിരെ പരാതിയുമായി അയിഷ പോറ്റി എംഎല്‍എ

കൊല്ലം: സൈബര്‍ പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടന പരിപാടിയില്‍ തന്നെ വിളിച്ചു വരുത്തി അധിക്ഷേപിച്ചെന്ന പരാതിയുമായി കൊട്ടാരക്കര എംഎല്‍എ അയിഷ പോറ്റി. പരിപാടിയില്‍ പ്രോട്ടോക്കോള്‍ ലംഘനം നടന്നെന്ന് ചൂണ്ടിക്കാട്ടി എംഎല്‍എ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. എന്നാല്‍ പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായില്ലെന്നും ആശയക്കുഴപ്പം എംഎല്‍എയുമായി സംസാരിച്ചു പരിഹരിച്ചെന്നും കൊല്ലം റൂറല്‍ എസ്.പി. പ്രതികരിച്ചു.

വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രിയാണ് കൊട്ടാരക്കരയിലെ സൈബര്‍ പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തത്. ഈ ചടങ്ങിനു ശേഷം സ്റ്റേഷന്‍ കവാടത്തിലെ നാട മുറിക്കാന്‍ തനിക്ക് അവസരം നല്‍കാതിരുന്നതാണ് അയിഷ പോറ്റി എംഎല്‍എയെ പ്രകോപിപ്പിച്ചത്.

എംഎല്‍എയുടെ സാന്നിധ്യത്തില്‍ റൂറല്‍ എസ് പി ആര്‍.ഇളങ്കോ നാട മുറിക്കുകയായിരുന്നു. ഉദ്ഘാടന ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചതിനു ശേഷം നാടമുറിക്കല്‍ ചടങ്ങ് എസ് പി നടത്തിയത് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അയിഷ പോറ്റി മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും പരാതി നല്‍കിയത്.

അതേസമയം സംസ്ഥാന വ്യാപകമായി നടന്ന പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടന ചടങ്ങുകളിലേക്ക് സ്ഥലം എംഎല്‍എയെ ക്ഷണിക്കണമെന്നായിരുന്നു നിര്‍ദേശമെന്നും അതനുസരിച്ച് താന്‍ നേരിട്ട് തന്നെ എംഎല്‍എയെ ക്ഷണിക്കുകയായിരുന്നെന്നും എസ്പി ആര്‍.ഇളങ്കോ പറഞ്ഞു.

ഉദ്ഘാടന ചടങ്ങ് മുഖ്യമന്ത്രി നടത്തിയതിനാല്‍ നാടമുറിക്കല്‍ ചടങ്ങ് സാങ്കേതികം മാത്രമായിരുന്നു. എംഎല്‍എയെ അവഹേളിക്കും വിധമുളള നടപടികളുണ്ടായില്ലെന്നും എസ് പി പറഞ്ഞു. എംഎല്‍എയുമായി ഫോണില്‍ സംസാരിച്ച് ആശയക്കുഴപ്പങ്ങള്‍ പരിഹരിച്ചെന്നും എസ് പി പിന്നീട് അറിയിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button