എയർ ഇന്ത്യ എക്‌സ്പ്രസ് സമരം അവസാനിപ്പിച്ചു, ജീവനക്കാരെ തിരിച്ചെടുക്കും
ന്യൂഡല്‍ഹി: പിരിച്ചുവിട്ട 25 ജീവനക്കാരെ തിരിച്ചെടുക്കാമെന്ന വിമാനക്കമ്പനി അധികൃതരുടെ ഉറപ്പില്‍ സമരം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ യൂണിയന്‍.
ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി കൂട്ട അവധിയെടുത്ത ജീവനക്കാര്‍ എത്രയുംപെട്ടെന്നുതന്നെ തിരിച്ച് ജോലിയില്‍ പ്രവേശിക്കാമെന്ന് ഉറപ്പ് നല്‍കി. ലേബര്‍ കമ്മിഷണറുടെ ഓഫീസാണ് ഇക്കാര്യമറിയിച്ചത്. ഇതോടെ 170-ലേറെ സര്‍വീസുകള്‍ റദ്ദാക്കാനിടയാക്കിയ, ചൊവ്വാഴ്ച മുതല്‍ തുടരുന്ന പ്രതിസന്ധിക്ക് അയവുവരും.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് എംപ്ലോയീസ് യൂണിയന്‍ പ്രതിനിധികളും കമ്പനി അധികൃതരും പങ്കെടുത്ത ചര്‍ച്ച ലേബര്‍ കമ്മിഷണര്‍ ഓഫീസില്‍ വ്യാഴാഴ്ച നടന്നിരുന്നു. ജീവനക്കാര്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ പരിശോധിച്ച് പരിഹരിക്കുമെന്ന് കമ്പനി അധികൃതര്‍ ഉറപ്പുനല്‍കി.
ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള വേതനം ലഭിക്കുന്നില്ലെന്ന കാര്യമടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ജീവനക്കാരുടെ സമരം. എയര്‍ ഇന്ത്യ എക്‌സ്പ്രസിനെ എയര്‍ ഏഷ്യയുമായും ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മറ്റ് വിമാനക്കമ്പനികളുമായും ബന്ധിപ്പിക്കാനുള്ള തീരുമാനത്തിലും ജീവനക്കാര്‍ക്ക് പ്രതിഷേധമുണ്ടായിരുന്നു. ജോലിസമയം, അലവന്‍സ് സംബന്ധിച്ച് തര്‍ക്കവും സമരത്തിന് കാരണമായിരുന്നു.
സമരത്തെത്തുടര്‍ന്ന് കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ മാത്രം നാല്പതോളം സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. വിസാകാലാവധിയും അവധിയും തീരുന്നവരുള്‍പ്പെടെ ഗള്‍ഫിലേക്കുള്ള യാത്രക്കാരെ സമരം വലിയ ദുരിതത്തിലാക്കിയിരുന്നു.