Featuredhome bannerHome-bannerKeralaNews

ആകാശത്ത് ആശങ്കയുടെ രണ്ടര മണിക്കൂർ,തിരുവനന്തപുരം വിമാനത്താവളത്തിൽ  വിജയകരമായി അടിയന്തര ലാൻഡിങ്

തിരുവന്തപുരം: ആശങ്കയുടെ രണ്ടര മണിക്കൂര്‍ പറക്കലിനൊടുവില്‍ ആശ്വാസത്തിന്റെ ലാന്‍ഡിങ്‌ . കോഴിക്കോട്ടുനിന്ന് സൗദി അറേബ്യയിലെ ദമ്മാമിലേക്ക് രാവിലെ 9.44-ന് ടേക്ക്ഓഫ് ചെയ്ത വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്ത്‌ അടിയന്തര ലാന്‍ഡിങ് വേണ്ടി വന്നത്.

കരിപ്പൂരിൽനിന്ന് ഉയർന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ IX 385 വിമാനം ടേക് ഓഫ് ചെയ്യുമ്പോള്‍ പിന്‍ഭാഗം റണ്‍വേയില്‍ ഉരസിയെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. ഹൈഡ്രോളിക് സംവിധാനത്തില്‍ തകരാര്‍ ഉണ്ടെന്ന സംശയത്തിലാണ് എമര്‍ജെന്‍സി ലാന്‍ഡിങ്ങ് നിശ്ചയിച്ചത്. കരിപ്പൂരില്‍ അടിയന്തര ലാന്‍ഡിങ് സാധിക്കാത്തതിനാല്‍ കൊച്ചിയും തിരുവനന്തപുരവും പരിഗണിക്കുകയും ഒടുവില്‍ തിരുവനന്തപുരത്ത് ലാന്‍ഡിങ് നിശ്ചയിക്കുകയായിരുന്നു.

11.03-ന് ആണ് ആദ്യം ലാന്‍ഡിങ് നിശ്ചയിച്ചത്. എന്നാല്‍, അതിന് സാധിച്ചില്ല. പിന്നെയും ആശങ്കയേറി. തിരുവനന്തപുരം വിമാനത്താവളത്തിന്‌ മുകളില്‍ വട്ടമിട്ട് പറന്ന്, കോവളം ഭാഗത്ത് കടലിലേക്ക് ഇന്ധനം ഒഴുക്കിക്കളഞ്ഞാണ് ലാന്‍ഡിങ്ങിന് തയ്യാറെടുത്തത്. ഈ സമയം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എല്ലാ വിമാനങ്ങളുടേയും ടേക് ഓഫും ലാന്‍ഡിങ്ങും നിര്‍ത്തിവെച്ചാണ് ലാന്‍ഡിങ്ങിനായി തയ്യാറെടുത്തത്.

ഒടുവില്‍ ഉച്ചയ്ക്ക് 12.15-ന് നിശ്ചയിച്ച സമയത്ത് വിമാനം ഇറങ്ങി. വിമാനത്താവളത്തില്‍ അപ്പോള്‍ ഏത് പ്രതിസന്ധിയും നേരിടാനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായിരുന്നു. സുരക്ഷിത ലാന്‍ഡിങ്ങിനായി ഏവരും കാത്തു. കൃത്യസമയത്ത് തന്നെ റണ്‍വേയിലേക്ക് വിമാനം വന്നിറങ്ങി. അതോടെ മണിക്കൂറുകള്‍ നീണ്ട ആശങ്ക ആശ്വാസത്തിന് വഴിമാറി.

റണ്‍വേയില്‍നിന്ന് വിമാനം പാര്‍ക്കിങ് ബേയിലേക്ക് എത്തിയതോടെ ദൗത്യം അപകടമില്ലാതെ പൂര്‍ത്തിയാക്കാനായ ആശ്വാസത്തില്‍ പൈലറ്റും ജീവനക്കാരും. ഒപ്പും നെഞ്ചിടിപ്പിന്റെ നിമിഷങ്ങള്‍ക്കൊടുവില്‍ 182 യാത്രക്കാര്‍ക്കും ആശ്വാസം. യാത്രക്കാരെയെല്ലാം പുറത്തിറക്കിയ ശേഷം കൂടുതൽ പരിശോധനയ്ക്കായി ചാക്കയിലെ ഹാങ്ങർ യൂണിറ്റിലേക്ക് വിമാനം മാറ്റും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker