തിരുവനന്തപുരം∙ ഇസ്രയേലിൽ കാണാതായ കർഷകൻ ബിജു കുര്യനെക്കുറിച്ച് ഇതുവരെ ഒരു വിവരവുമില്ലെന്നു കൃഷിമന്ത്രി പി.പ്രസാദ്. ഇസ്രയേലുമായുള്ള ബന്ധത്തിനു തടസം ഉണ്ടാകാത്ത നടപടികൾ സർക്കാർ സ്വീകരിക്കും. ബിജു വീട്ടിലേക്കു വിളിച്ചതായി അദ്ദേഹത്തിന്റെ സഹോദരൻ തന്നെ വിളിച്ചു പറഞ്ഞിരുന്നു. അദ്ദേഹം ക്ഷമാപണവും നടത്തി. ബിജു മനഃപൂർവം മുങ്ങിയെന്നാണു കരുതുന്നത്. അല്ലെങ്കിൽ, സംഘത്തിലുള്ളവർ ഇസ്രയേലിൽനിന്നു വിമാനം കയറിയതിനുശേഷം ബിജു നാട്ടിലേക്കു സന്ദേശം അയയ്ക്കില്ലായിരുന്നു.
ബിജുവിന്റെ വീസ റദ്ദാക്കാൻ എംബസിക്കു നിർദേശം നൽകി. ബിജുവിനെ കണ്ടെത്താനും നാട്ടിലെത്തിക്കാനും സർക്കാർ നടപടി സ്വീകരിക്കും. സർക്കാരിന്റെ ഉത്തരവാദിത്തം അനുസരിച്ചുള്ള എല്ലാ കാര്യവും ചെയ്തിട്ടുണ്ട്. ഇസ്രയേലിൽനിന്നു ലഭിച്ച അറിവുകൾ കർഷകരിലേക്ക് എത്തിക്കും. സംഘത്തിലുണ്ടായിരുന്ന 26 കർഷകരുമായി ഉദ്യോഗസ്ഥരും കാർഷിക സർവകലാശാലകളിലെ ആളുകളും ചർച്ച നടത്തും. ഇസ്രയേലിലെ കൃഷിരീതികൾ കേരളത്തിൽ പ്രാവർത്തികമാക്കും. വിയറ്റ്നാം അടക്കമുള്ള സ്ഥലങ്ങളിൽനിന്നു കേരളത്തിന് ഏറെ പഠിക്കാനുണ്ട്.
ഒരാൾ മുങ്ങിയതിന്റെ പേരിൽ വിദേശ സന്ദർശന പരിപാടികൾ അവസാനിപ്പിക്കാനാകില്ല. തമിഴനാട്ടില്‍ പോയാല്‍ പോരെ എന്ന ട്രോളുകള്‍ കണക്കിലെടുക്കുന്നില്ല. കർഷകരുടെ അടുത്ത വിദേശ സന്ദർശനത്തിൽ സമയം ഉണ്ടെങ്കിൽ പോകുമെന്നും മന്ത്രി പറഞ്ഞു.