
തിരുവനന്തപുരം: വെഞ്ഞാറമൂട് കൊലപാതക പരമ്പരയിൽ പുറത്തുവരുന്ന ഓരോ വിവരങ്ങളും ഞെട്ടിപ്പിക്കുന്നത്. ആറു പേരെ കൊലപ്പെടുത്തിയെന്ന യുവാവിന്റെ വെളിപ്പെടുത്തലിൽ കേരളമാകെ നടുക്കുകയാണ്. സ്വന്തം വീട്ടിലെ കൊലകൾ ചെയ്തശേഷം ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടശേഷമാണ് പ്രതി സ്റ്റേഷനിലേക്ക് എത്തിയത് എന്നാണ് പോലീസ് പറയുന്നത്.
ഇയാൾ എലിവിഷം കഴിച്ചിരുന്നു എന്നും അറിയുന്നു. കൊല്ലപ്പെട്ട ഉമ്മൂമ്മയോട് ദിവസങ്ങൾക്ക് മുൻപ് ഇയാൾ ആഭരണം ആവശ്യപ്പെട്ടിരുന്നതായും അത് നൽകാഞ്ഞത് പ്രതിയെ പ്രകോപിതനാക്കിയിരുന്നു എന്നുമാണ് വിവരം. അതേസമയം, കൊല്ലപ്പെട്ട അഫാന്റെ കാമുകിയായ യുവതിയെ രണ്ടുദിവസമായി കാണാനില്ലായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.
വെഞ്ഞാറമൂട് പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട പേരുമല പേരാവൂർ സ്വദേശി അഫാൻ വൈകീട്ട് 6.20-നാണ് സ്റ്റേഷനിൽ എത്തിയത്. ഇയാൾ നൽകിയ വിവരമനുസരിച്ച് സ്വന്തം വീട്ടിൽ അനിയനെയും പെൺസുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തി. മാതാവിനെ ഗുരുതരമായി പരിക്കേറ്റ നിലയിലും കണ്ടെത്തി. ഇവരെ ഉടനെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം. പിന്നീടാണ് മറ്റു രണ്ട് വീടുകളിലുമായി മൂന്നു പേരെ കൂടി കൊലപ്പെടുത്തിയതായി കണ്ടെത്തിയത്. വൈകീട്ട് നാലു മണിയോടെയാണ് ഇയാൾ ഈ ക്രൂരകൃത്യം നടത്തിയതെന്നു കരുതുന്നു.
അഫാന്റെ വീട്ടിലുണ്ടായിരുന്ന പെണ്‍കുട്ടി എവിടെയുള്ള ആളാണെന്ന് നാട്ടുകാര്‍ക്കോ മറ്റ് ബന്ധുക്കള്‍ക്കോ വിവരങ്ങളില്ല. ഇക്കാര്യത്തില്‍ പോലീസും അന്വേഷിക്കുകയാണ്. ഈ കുട്ടിയെ കണ്ടിട്ടില്ല എന്നാണ് സമീപവാസികള്‍ പറയുന്നു. വെഞ്ഞാറമൂട് തന്നെയുള്ള ആളാണ് പെണ്‍കുട്ടിയെന്നാണ് വിവരം. രാവിലെ ട്യൂഷനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഈ കുട്ടി പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ല. കൊല്ലത്ത് ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നയാളാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി.