News

T20 World Cup: വമ്പൻ അട്ടിമറി,ഓസീസിനെ വീഴ്ത്തി അഫ്ഗാൻ

കിം​ഗ്സ്ടൗൺ: ട്വന്റി 20 ലോകകപ്പിൽ അട്ടിമറിയുമായി അഫ്ഗാനിസ്ഥാൻ. ഏകദിന ലോകചാമ്പ്യന്മാരായ ഓസ്ട്രേലിയയെ 21 റൺസിനാണ് അഫ്ഗാനിസ്ഥാൻ തകർത്തെറിഞ്ഞത് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്​ഗാനിസ്ഥാൻ ആറ് വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തു. ഓസീസിന്റെ മറുപടി 127 റൺസിൽ അവസാനിച്ചു. ഓസ്ട്രേലിയയ്ക്കെതിരെ അഫ്ഗാനിസ്ഥാന്റെ ആദ്യ വിജയമാണിത്.

ടോസ് നേടിയ ഓസ്ട്രേലിയ ബൗളിം​ഗ് തിരഞ്ഞെടുത്തു. അഫ്ഗാനിസ്ഥാനായി ഓപ്പണിം​ഗ് സഖ്യം മികച്ച തുടക്കം നൽകി. എന്നാൽ സ്കോറിം​ഗിന് വേ​ഗത കുറവായിരുന്നത് തിരിച്ചടിയായി. ആദ്യ വിക്കറ്റിൽ റഹ്മനുള്ള ​ഗുർബസും ഇബ്രാഹിം സദ്രാനും 118 റൺസ് കൂട്ടിച്ചേർത്തു. ​ഗുർബസ് 60 റൺസും സദ്രാൻ 51 റൺസുമെടുത്ത് പുറത്തായി. അവസാന ഓവറുകളിൽ തുടർച്ചയായി വിക്കറ്റ് വീണതോടെ അഫ്​ഗാന് മികച്ച സ്കോറിലേക്ക് എത്താൻ കഴിഞ്ഞില്ല. തുടർച്ചയായ രണ്ടാം മത്സരത്തിലും പാറ്റ് കമ്മിൻസ് ഹാട്രിക് സ്വന്തമാക്കി.

മറുപടി ബാറ്റിം​ഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായി. എന്നാൽ ഒരറ്റത്ത് ഉറച്ചുനിന്ന ​ഗ്ലെൻ മാക്സ്‍വെൽ ഓസീസിന് വിജയപ്രതീക്ഷ നൽകി. ഒടുവിൽ 59 റൺസുമായി മാക്സ്‍വെൽ വീണതോടെ അഫ്​ഗാനും ജയം മണത്തു. മാക്സ്‍വെല്ലിനെ കൂടാതെ 12 റൺസെടുത്ത മിച്ചൽ മാർഷും 11 റൺസുമായി മാർകസ് സ്റ്റോയിനിസും മാത്രമാണ് രണ്ടക്കം കടന്നത്. അഫ്​ഗാനിസ്ഥാനായി ​ഗുൽബദീൻ നയീബ് നാലും നവീൻ ഉൾ ഹഖ് മൂന്നും വിക്കറ്റെടുത്തു.

ഏകദിന ലോകകപ്പിൽ അഫ്​ഗാൻ പ്രതീക്ഷകൾ തല്ലിക്കെടുത്തിയ ഓസ്ട്രേലിയ പിന്നീട് ചാമ്പ്യന്മാരായിരുന്നു. അന്നും ​ഗ്ലെൻ മാക്സ്‍വെല്ലിന്റെ പോരാട്ടമാണ് ഓസ്ട്രേലിയയെ വിജയത്തിലെത്തിച്ചത്. പകരത്തിന് പകരം ട്വന്റി 20 ലോകകപ്പിൽ ഓസ്ട്രേലിയയുടെ സെമി പ്രതീക്ഷകൾക്ക് അഫ്ഗാൻ തിരിച്ചടി നൽകിയിരിക്കുകയാണ്.

ടി20 ലോകകപ്പിൽ ഓസ്ട്രേലിയയ്ക്ക് ഇനി സെമി കടക്കണമെങ്കിൽ അടുത്ത മത്സരം വിജയിക്കണം. ഇന്ത്യയാണ് ഓസീസിന്റെ എതിരാളികൾ. ഒപ്പം ബം​ഗ്ലാദേശിനെതിരായ മത്സരത്തിൽ അഫ്​ഗാനിസ്ഥാന്റെ ഫലവും കാത്തിരിക്കണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker