KeralaNews

നിർവ്വികാരരായി ആന്ധ്രദമ്പതികൾ; കുട്ടിയെ യാത്രയാക്കിയത് പുതുവസ്ത്രങ്ങളടക്കം നൽകി

തിരുവനന്തപുരം:ദത്ത് വിവാദത്തില്‍ ഉൾപ്പെട്ട കുഞ്ഞിനെ തിരികെയെത്തിക്കാൻ ആന്ധ്രയിലെ വിജയവാഡയിലെത്തിയ ഉദ്യോഗസ്ഥ സംഘം സാക്ഷിയായത് വികാരനിർഭരമായ രംഗങ്ങൾക്ക്. ജില്ലാ ക്രൈംബ്രാഞ്ചിലെ രണ്ട് എസ്ഐമാരും ഉദ്യോഗസ്ഥയും ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥയുമാണ് സംഘത്തിലുണ്ടായിരുന്നത്. ജില്ലാ ക്രൈംബ്രാഞ്ച് എസി അനിൽകുമാറിനായിരുന്നു മേൽനോട്ടം.

കുട്ടിയെ കൈമാറണമെന്ന ശിശുക്ഷേമ സമിതിയുടെ നിർദേശം ദത്തെടുത്ത അധ്യാപക ദമ്പതികളെ നേരത്തേ തന്നെ അറിയിച്ചിരുന്നു. ഉദ്യോഗസ്ഥ സംഘം പുറപ്പെടുന്ന കാര്യവും ഔദ്യോഗികമായി അറിയിച്ചു. കോടതിയുടെ ഉത്തരവില്ലാതെ കുട്ടിയെ കൈമാറിയാൽ നിയമപ്രശ്നം ഉണ്ടാകുമോയെന്ന് ദമ്പതികൾ ആരാഞ്ഞു. കോടതി നിർദേശങ്ങൾ ഉദ്യോഗസ്ഥർ ദമ്പതികളെ അറിയിച്ചു. വാർത്തകളിലൂടെ വിവരങ്ങൾ അറിഞ്ഞിരുന്നതായി വ്യക്തമാക്കിയ ദമ്പതികൾ യഥാർഥ അമ്മയ്ക്കു നീതി ലഭിക്കണമെന്ന നിലപാടാണെന്ന് അറിയിച്ചു. പുതിയ വസ്ത്രങ്ങളടക്കം നൽകിയാണ് ദമ്പതികൾ കുഞ്ഞിനെ യാത്രയാക്കിയത്. ‘ഒരു പ്രശ്നവുമില്ലാതെ നടപടികൾ പൂർത്തിയാക്കാന്‍ കഴിഞ്ഞു’–സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ ഒരാൾ പ്രതികരിച്ചു.

ദത്തെടുത്തത് നടപടിക്രമങ്ങൾ പാലിച്ചാണെന്ന് ദമ്പതികൾ ഉദ്യോഗസ്ഥരോടു പറഞ്ഞു. ദത്തെടുക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ സൈറ്റിൽ ഓൺലൈൻ വഴി അപേക്ഷിച്ചു. വഞ്ചിയൂർ കുടുംബക്കോടതിയിൽ സിറ്റിങ് ഉണ്ടായിരുന്നു. വിവാദങ്ങൾ മനോവിഷമമുണ്ടാക്കിയെന്നും അവർ ഉദ്യോഗസ്ഥരോട് പറഞ്ഞു. കുട്ടിയെ ദത്തെടുത്തശേഷം സ്വന്തം സ്ഥലത്തുനിന്നുമാറി മറ്റൊരു സ്ഥലത്താണ് ദമ്പതികൾ താമസിച്ചിരുന്നത്. കുട്ടിയെ അപ്രതീക്ഷിത സാഹചര്യത്തില്‍ തിരിച്ചു കൊടുക്കേണ്ടി വന്നതിനാൽ വീണ്ടും ദത്തിന് അപേക്ഷിക്കുകയാണെങ്കിൽ ദമ്പതികൾക്കു മുൻഗണന ലഭിക്കും.

ഇന്നലെ രാത്രി എട്ടരയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച കുട്ടിയെ ശിശുക്ഷേമ സമിതിയുടെ മേൽനോട്ടത്തിൽ പാളയത്തെ നിർമല ശിശുഭവനിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ഡിഎൻഎ സാംപിൾ ശേഖരിച്ചു. കോടതി വിധി ഉണ്ടാകുന്നതുവരെ കുട്ടി നിർമല ശിശുഭവനിൽ തുടരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button