KeralaNews

ചോലനായ്ക്കരുടെ മുഖമായിരുന്ന ആദിവാസി വയോധികന്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു

നിലമ്പൂര്‍: ചോലനായ്ക്കര്‍ വിഭാഗത്തിന്റെ തലവനായിരുന്ന ആദിവാസി വൃദ്ധന്‍ കരുളായി ഉള്‍വനത്തില്‍ വെച്ച് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കരുളായി വാള്‍ക്കെട്ട് മലയില്‍ താമസിച്ചിരുന്ന കരിമ്പുഴ മാതനാണ് കൊല്ലപ്പെട്ടത്.
ബുധനാഴ്ച രാവിലെ പാണപ്പുഴയ്ക്കും വാള്‍ക്കെട്ട് മലയ്ക്കും ഇടയിലാണ് സംഭവമുണ്ടായത്. മാഞ്ചീരിയിലെ സംഗമ കേന്ദ്രത്തിലേക്ക് റേഷന്‍ വാങ്ങാന്‍ പോവുകയായിരുന്നു മാതനും കൂട്ടരും.

ആദിവാസി സംഘത്തിന് മുന്നിലേക്ക് ആന ചാടുകയായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന ചാത്തന്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇയാള്‍ ഓടി രക്ഷപ്പെട്ടങ്കിലും മാതനെ രക്ഷപ്പെടുത്താനായില്ല. മാതന് ഓടി രക്ഷപ്പെടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ആന കുത്തുകയായിരുന്നു. ചാത്തന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ ആദിവാസികളും അധികൃതരും സ്ഥലത്തെത്തിയെങ്കിലും മൃതദേഹത്തിന് ചുറ്റും ആനക്കൂട്ടം തമ്പടിച്ചതിനാല്‍ അടുത്ത് ചെല്ലാന്‍ കഴിഞ്ഞിരുന്നില്ല.

ഏഷ്യയിലെ തന്നെ ഏറ്റവും സവിശേഷ പ്രാധാന്യമുള്ള പ്രാക്തന ഗോത്ര വിഭാഗങ്ങളിലൊന്നാണ് ചോലനായ്ക്കര്‍. ഗുഹയില്‍ ജീവിക്കുന്ന അപൂര്‍വ ഗോത്രവിഭാഗങ്ങളിലൊന്നാണിവര്‍. തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന നെടുങ്കയം, കരുവാരക്കുണ്ട്, കാളികാവ് വനമേഖലകളിലെ ഗുഹകളായിരുന്നു (അളകള്‍) പ്രധാനമായും ഇവരുടെ വാസസ്ഥലം. ആദിദ്രാവിഡ ഭാഷയുടെ വകഭേദമായ ചോലനായ്ക്കന്‍ ഭാഷയിലാണ് ഇവര്‍ സംസാരിക്കുന്നത്.

നിലമ്പൂരിലെ ചോലനായ്ക്കരിലെ കാരണവര്‍ എന്ന രീതിയില്‍ വാര്‍ത്തകളിലും ഫോട്ടോകളിലുമെല്ലാം പല തവണ മാതന്‍ ഇടംപിടിച്ചിരുന്നു. മാതന്റെ മുഖമായിരുന്നു പലപ്പോഴും ചോലനായ്ക്കരുടെ മുഖം. 2009 ല്‍ ചോലനായ്ക്കരെക്കുറിച്ച് ഡൗണ്‍ ടു എര്‍ത്ത് മാസികയ്ക്ക് വേണ്ടി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക എം. സുചിത്ര തയ്യാറാക്കിയ റിപ്പോര്‍ട്ടും അജീബ് കോമാച്ചി പകര്‍ത്തിയ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ദല്‍ഹിയില്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ അതിഥിയായി പങ്കെടുക്കാനുള്ള അവസരവും മാതനും ഭാര്യ കരിക്കയ്ക്കും ലഭിച്ചിരുന്നു.
‘2005 റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ മാതനെയും കരിക്കയെയും ദല്‍ഹിയിലേക്ക് കൊണ്ടുപോയിരുന്നുവത്രേ. പിറ്റേന്ന് പ്രധാനമന്ത്രിയെ കാണുന്ന ഒരു പരിപാടിയുമുണ്ടായിരുന്നു. എന്നാല്‍ സുരക്ഷാ പരിശോധനാവേളയില്‍ കരിക്കയില്‍ നിന്ന് അടക്കയുടെയും പുകയിലയുടെയും കഷണങ്ങള്‍ കണ്ടെത്തിയതിനാല്‍ അവരെ ഉള്ളിലേക്കു കടത്തിയില്ല,’ എം. സുചിത്ര പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button