EntertainmentNews

വിവാഹമോചനത്തിനു ശേഷം കഞ്ചാവിനും രാസലഹരിക്കും അടിമപ്പെട്ടു; നിർത്തിയത് അമേയ കാരണം, വെളിപ്പെടുത്തി ജിഷിൻ

കൊച്ചി:സമീപകാലത്ത് സോഷ്യല്‍ മീഡിയയിലും പാപ്പരാസികള്‍ക്കിടയിലും ഏറ്റവുമധികം ചര്‍ച്ചയായ പേരുകളാണ് സീരിയല്‍ താരങ്ങളായ ജിഷിന്‍ മോഹന്റെയും അമേയ നായരുടേതും. ഇരുവരുടെയും സൗഹൃദം പലരും പലതരത്തില്‍ വ്യാഖ്യാനിക്കുന്നുണ്ട്. ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ ഒന്നിച്ചുള്ള ചിത്രങ്ങളും റീലുകളും പങ്കിടാറുണ്ട്. ഇതിനു താഴെ ഇരുവരെയും അധിക്ഷേപിക്കുന്നതരത്തിലുള്ള കമന്റുകള്‍ വരുന്നതും പതിവാണ്. ഇപ്പോഴിതാ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ വിവാഹമോചനത്തിനു പിന്നാലെയുള്ള തന്റെ ജീവിതത്തെ കുറിച്ചും അമേയയുമായുള്ള ബന്ധത്തെക്കുറിച്ചും മനസുതുറക്കുകയാണ് ജിഷിന്‍.

മൂന്നു വര്‍ഷത്തോളമായി ജിഷിന്‍ വിവാഹമോചിതനാണ്. സിനിമാ-സീരിയല്‍ താരം വരദയെയായിരുന്നു ജിഷിന്‍ വിവാഹം ചെയ്തിരുന്നത്. ഇരുവരുടേതും പ്രണയവിവാഹമായിരുന്നു. ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായിരുന്ന ഇരുവരും കുറേക്കാലമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. ഒടുവില്‍ ഈ വര്‍ഷം ജനുവരിയിലാണ് ജിഷിന്‍ തങ്ങള്‍ വിവാഹമോചിതരാണെന്ന് വെളിപ്പെടുത്തിയത്.

താന്‍ ഏത് പെണ്‍കുട്ടിക്കൊപ്പം ഫോട്ടോ ഇട്ടാലും ചിലര്‍ക്കത് വലിയ പ്രശ്‌നമാണെന്ന് ജിഷിന്‍ പറയുന്നു. അമേയയുമായി സൗഹൃദത്തിനും അപ്പുറമുള്ള ഒരു ആത്മബന്ധമുണ്ടെന്നും താരം വ്യക്തമാക്കി. വിവാഹ മോചനത്തിനു ശേഷം കടുത്ത വിഷാദത്തിലേക്കു പോയി ലഹരിയുടെ പിടിയിലായ താന്‍ അതെല്ലാം നിര്‍ത്തിയത് അമേയ കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”ഞാന്‍ ഏത് പെണ്‍കുട്ടിയുടെ കൂടെയുള്ള ഫോട്ടോ ഇട്ടാലും അതെല്ലാം ചര്‍ച്ചയാകുകയാണ്. ഞാന്‍ ഇതൊന്നും കാര്യമാക്കാറില്ല. എന്നാല്‍ ഇത്തരം കമന്റുകള്‍ അമേയയെ ബാധിക്കുന്നുണ്ട്. അവള്‍ ആദ്യമായി നല്‍കിയ അഭിമുഖത്തിന് താഴെ നിറയെ അധിക്ഷേപ കമന്റുകളായിരുന്നു. ഒരു ചീത്തപ്പേരും കേള്‍പ്പിക്കാതെയാണ് അമേയ ജീവിക്കുന്നത്. എന്റെ കുടുംബം തകര്‍ത്തുവെന്നതരത്തിലുള്ള അധിക്ഷേപങ്ങള്‍. എന്തടിസ്ഥാനത്തിലാണ് ചിലര്‍ പറയുന്നത്. അമേയയെ ഞാന്‍ പരിചയപ്പെട്ടിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളൂ. എന്റെ വിവാഹ മോചനം കഴിഞ്ഞിട്ട് മൂന്ന് വര്‍ഷമായി. ഇനി വിവാഹ മോചനം കഴിഞ്ഞാല്‍ വീട്ടില്‍ ഒതുങ്ങിക്കൂടണം എന്നാണോ? സന്തോഷിക്കാന്‍ പാടില്ലേ, വേറെ പെണ്ണിനെ നോക്കാന്‍ പാടില്ലേ.” – ജിഷിന്‍ ചോദിക്കുന്നു.

”ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് അമേയ പറഞ്ഞതു തന്നെയാണ് എനിക്കും പറയാനുള്ളത്. ഞങ്ങള്‍ തമ്മില്‍ സൗഹൃദമുണ്ട്. അതിനു മുകളിലേക്ക് ഒരു സ്‌നേഹബന്ധമുണ്ട്. പരസ്പരമായ ഒരു ധാരണയുണ്ട്. ഒരു ബോണ്ടുണ്ട്. പരസ്പരമുള്ള കരുതലുണ്ട്. അതിനെ പ്രണയമെന്നൊന്നും വിളിക്കാനാവില്ല. അത് വിവാഹത്തിലേക്കും പോകില്ല. ആ ബന്ധത്തിനെ എന്ത് പേരെടുത്തും വിളിച്ചോട്ടെ. പക്ഷേ അവിഹിതമെന്ന് പറയരുത്. കമന്റിടുന്ന പലര്‍ക്കും ചൊറിച്ചിലാണ്.” – ജിഷിന്‍ പറയുന്നു.

”ഡിവോഴ്‌സിന് ശേഷമുള്ള രണ്ടു വര്‍ഷക്കാലം ഞാന്‍ കടുത്ത ഡിപ്രഷനിലായിരുന്നു. പുറത്തുപോലുമിറങ്ങാതെ വീട്ടില്‍ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്നു. ചുറ്റും നെഗറ്റീവ്, പുറത്തിറങ്ങാന്‍ പറ്റുന്നില്ലായിരുന്നു. കള്ളുകുടി, കഞ്ചാവ് ഉപയോഗം തുടങ്ങി പല കാര്യങ്ങളിലോട്ടും ഞാന്‍ പോയിട്ടുണ്ട്. സിന്തറ്റിക് ഡ്രഗ്‌സ് ഉപയോഗിച്ചിട്ടുണ്ട്. ഈ എല്ലാ സാധനങ്ങളില്‍ നിന്നും എനിക്ക് മോചനം വന്നത് അമേയയെ പരിചയപ്പെട്ടതിനു ശേഷമാണ്. അമേയ കാരണമാണ് ലഹരി ഉപയോഗം നിര്‍ത്തിയത്. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോകുന്നവര്‍ക്ക് സംഭവിച്ചുപോകുന്നതാണിത്.” – താരം വ്യക്തമാക്കി. ഒറ്റപ്പെട്ടു പോകുക എന്നത് വല്ലാത്തൊരു അവസ്ഥയാണ്. തന്റെ ജീവിതത്തില്‍ ഇനി എന്തായാലും ഒരു വിവാഹം ഉണ്ടാകില്ലെന്നും ജിഷിന്‍ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker