'സിംഗിളാണോ മാരീയിഡാണോ?': ഇതാണോ ഒരാളെ വിലയിരുത്താനുള്ള കാരണം, തുറന്ന് ചോദിച്ച് തബു
മുംബൈ: പ്രൊഫഷണൽ ജീവിതത്തിനപ്പുറം തബുവിന്‍റെ വ്യക്തിജീവിതവും എന്നും ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ നിറയാറുണ്ട്. 53 വയസ്സ് തികഞ്ഞ താരം ഇപ്പോള്‍ തന്‍റെ റിലേഷൻഷിപ്പ് സ്റ്റാറ്റസിനെക്കുറിച്ച് എപ്പോഴും തുറന്ന് പറയുകയാണ്.
ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഇതുവരെ വിവാഹിതയായിട്ടില്ലാത്ത തബു തന്‍റെ ജീവിതത്തിലുള്ള ആളുകളുടെ താൽപ്പര്യത്തെക്കുറിച്ച് സംസാരിച്ചു. അവൾ പറഞ്ഞു, “സിംഗിളായത് എന്തെ എന്ന ചോദ്യം എന്നെ ശല്യപ്പെടുത്തുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്. പക്ഷെ ഞാൻ ഒരിക്കലും കേട്ട് അസ്വസ്ഥനായിട്ടില്ല എന്നതാണ് വസ്തുത. വിവാഹിതയാണോ, അല്ലയോ എന്നത് വലിയ കാര്യമായി ഞാന്‍ കാണുന്നില്ല.
എന്നെ സംബന്ധിച്ചിടത്തോളം ഇത് ആരെയെങ്കിലും വിലയിരുത്താനുള്ള ഘടകമല്ല. അതായത്, ഞാൻ ഒരാളെ അവരുടെ വൈവാഹിക നിലയെ അടിസ്ഥാനമാക്കിയോ അവർക്ക് കുട്ടികളുണ്ടോ ഇല്ലയോ എന്നോ വിലയിരുത്തുന്നില്ല. അങ്ങനെയുള്ള നിലവച്ച് ആളുകള്‍ എന്നെ വിലയിരുത്തുന്നെങ്കില്‍ അത് എന്‍റെ പ്രശ്നവുമല്ല. അങ്ങനെ വിലയിരുത്തുന്നവര്‍ക്ക് അടുത്ത് പോകാറുമില്ല തബു പറഞ്ഞു.
വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് തബുവിന്‍റെ മറുപടി ഇതായിരുന്നു. “നിങ്ങൾ എന്തിനാണ് അതിൽ തന്നെ നില്‍ക്കാന്‍ ആഗ്രഹിക്കുന്നത്? എന്തുകൊണ്ടാണ് നിങ്ങൾ അത് വഴി എന്‍റെ മാനസിക വിശകലനം നടത്താൻ ആഗ്രഹിക്കുന്നത്? ഇതൊരു വിരസമായ ചോദ്യമാണ്. മറ്റെന്തെങ്കിലും ചോദിക്കൂ ” തബു പറഞ്ഞു.
അജയ് ദേവ്ഗണ്, തബു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നീരജ് പാണ്ഡേ സംവിധാനം ചെയ്ത ഔറോണ്‍ മേം കഹാം ദും ധാ എന്ന ചിത്രത്തിലാണ് തബു അവസാനം അഭിനയിച്ചത്. വളരെ പ്രതീക്ഷയോടെ എത്തിയ ഈ പ്രണയകഥ ബോക്സോഫീസില്‍ വന്‍ പരാജയമായിരുന്നു.
അതിന് മുന്‍പ് തബു അഭിനയിച്ച ക്രൂ ഹിറ്റായിരുന്നു. തബുവിനൊപ്പം കരീന കപൂറും കൃതി സനോണും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ ഉണ്ടായിരുന്നു. സംവിധാനം രാജേഷ് കൃഷ്‍ണനാണ്. വമ്പൻമാരെ അത്ഭുതപ്പെടുത്തിയാണ് ചിത്രം കുതിച്ചത്.
ഇന്ത്യയില്‍ നിന്ന് മാത്രം 100 കോടിക്കടുത്ത് ക്രൂ നേടി എന്നായിരുന്നു റിപ്പോര്‍ട്ട്. എയര്‍ലൈൻ ഇൻഡസ്‍ട്രിയുടെ പശ്ചാത്തലത്തിലാണ് കരീനയുടെ ചിത്രം ക്രൂ ഒരുക്കിയത്. അനുജ് രാകേഷ് ധവാനാണ് ഛായാഗ്രാഹണം. ദില്‍ജിത്ത് ദൊസാൻഞ്‍ജും ഒരു പ്രധാനപ്പെട്ട കഥാപാത്രമാകുമ്പോള്‍ തബു ഗീതാ സേത്തിയും കരീന കപൂര്‍ ജാസ്‍മിൻ കോലിയും കൃതി സനോണ്‍ ദിവ്യാ റാണയുമായിട്ടാണ് ക്രൂവില്‍ എത്തിയിരിക്കുന്നത്.