മൂന്നു മാസത്തിനിടെ ശരീരഭാരം 16 കിലോഗ്രാം കുറച്ചു,സ്പന്ദനയുടെ മരണം പുനീത് രാജ് കുമാറിൻ്റെ സമാനം, വിനയായത് അശാസ്ത്രീയമായി ഡയറ്റോ?
ബംഗളൂരു: കന്നഡ നടന്‍ വിജയ രാഘവേന്ദ്രയുടെ ഭാര്യയും നടിയുമായ സ്പന്ദനയുടെ മരണത്തിന് കാരണമായത് അശാസ്ത്രീയമായി പിന്തുടര്‍ന്ന ഡയറ്റാണോയെന്ന് സംശയം. കഴിഞ്ഞ മൂന്നു മാസത്തിനിടെ സ്പന്ദന 16 കിലോ ശരീരഭാരം കുറച്ചിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.
സമാനമായ രീതിയിലാണ് പുനീത് രാജ് കുമാറും മരിച്ചതെന്ന് ബന്ധുക്കള്‍ ചൂണ്ടിക്കാണിച്ചു. പുനീതിന്റെ അമ്മയും രാജ്കുമാറിന്റെ ഭാര്യയുമായ പര്‍വതമ്മയുടെ ഏറ്റവും ഇളയ സഹോദരന്റെ മകനാണ് സ്പന്ദനയുടെ ഭര്‍ത്താവ് വിജയ രാഘവേന്ദ്ര.
അതേസമയം, ഹൃദയാഘാതമുണ്ടായി എന്നതല്ലാതെ മറ്റ് വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സ്പന്ദനയുടെ പിതൃസഹോദരനുമായ ബി കെ ഹരിപ്രസാദ് പറഞ്ഞു. സ്പന്ദനയ്ക്ക് ക്ഷീണം അനുഭവപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബാങ്കോക്കില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് 35കാരിയായ സ്പന്ദന മരിച്ചത്. ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ സ്പന്ദനയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാളെ ബംഗളൂരുവില്‍ എത്തിക്കുമെന്നാണ് സൂചന. വിവരം അറിഞ്ഞതിന് പിന്നാലെ പിതാവ് ബികെ ശിവറാം അടക്കമുള്ള അടുത്തബന്ധുക്കള്‍ ബാങ്കോക്കിലേക്ക് തിരിച്ചിട്ടുണ്ട്.
16-ാം വിവാഹവാര്‍ഷികം ആഘോഷിക്കാനിരിക്കെയായിരുന്നു സ്പന്ദനയുടെ മരണം. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം 2007ലാണ് വിജയ രാഘവേന്ദ്രയും സ്പന്ദനയും വിവാഹിതരായത്. കിസ്മത്, അപൂര്‍വ എന്നീ രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പന്ത്രണ്ട് വയസായ ശൗര്യ ഏക മകനാണ്.