
തിരുവനന്തപുരം: കരിപ്പൂരില്‍ നിന്ന് ദമാമിലേക്ക് യാത്ര തിരിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരിച്ചിറക്കേണ്ടിവന്ന സംഭവത്തില്‍ വിമാനത്തിന്റെ പൈലറ്റിന് വീഴ്ചയുണ്ടായതായി പ്രാഥമിക വിലയിരുത്തല്‍.
കരിപ്പൂരില്‍നിന്നുള്ള ടേക് ഓഫിന്റെ സമയത്ത് വിമാനത്തിന്റെ പിന്‍ഭാഗം റണ്‍വേയില്‍ ഉരസിയിരുന്നു. ഇത് പൈലറ്റിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പ്രാഥമിക വിലയിരുത്തൽ. പൈലറ്റിനെ താത്ക്കാലികമായി ഡ്യൂട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്താൻ തീരുമാനിച്ചിട്ടുണ്ട്.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണെങ്കിലും സംഭവം ഗുരുതര വീഴ്ചയായാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിലയിരുത്തുന്നത്. കരിപ്പൂരില്‍നിന്ന് യാത്രതിരിക്കുമ്പോള്‍ വിമാനത്തിലുണ്ടായിരുന്ന പൈലറ്റുള്‍പ്പെടെ മുഴുവന്‍ ജീവനക്കാരെയും മാറ്റി പുതിയ ജീവനക്കാരുമായാണ് വിമാനം ദമാമിലേക്ക് യാത്രതിരിക്കുന്നത്.
സൗദി അറേബ്യയിലെ ദമാമിലേക്ക് രാവിലെ 9.44 നാണ് വിമാനം പുറപ്പെട്ടത്. 182 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിന്റെ പിന്‍ഭാഗം റണ്‍വേയില്‍ ഉരസിയെന്നുള്ള വാര്‍ത്തയാണ് ആദ്യം പുറത്തുവന്നത്. ഹൈഡ്രോളിക് സംവിധാനത്തില്‍ തകരാര്‍ ഉണ്ടെന്ന സംശയത്തിലാണ് പെട്ടെന്നുള്ള ലാന്‍ഡിങ് നിശ്ചയിച്ചത്. 11.03-ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ആദ്യം ലാന്‍ഡിങ് നിശ്ചയിച്ചിരുന്നെങ്കിലും അതു നടന്നില്ല. പിന്നീട് 12.15-ന് വിമാനം നിലത്തിറക്കുകയായിരുന്നു.