EntertainmentKeralaNews

പൗരത്വ ബിൽ: പോലീസ് ഭീകരതക്കെതിരെ നടി പാർവ്വതി

 

ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാലയിലും അലിഗഢ് മുസ്‌ലിം സര്‍വകലാശാലയിലും പൊലീസ് നടത്തിയ അക്രമങ്ങള്‍ക്കെതിരെ നടി പാര്‍വതി തിരുവോത്ത്. ‘ജാമിഅ, അലിഗഢ്.. ഭീകരത’ എന്നായിരുന്നു പാര്‍വതി ഇക്കാര്യത്തില്‍ പ്രതികരിച്ചത്.

അലിഗഢ് സര്‍വകലാശാലയിലെ പൊലീസ് അക്രമത്തിന്റെ ഒരു വീഡിയോ ദൃശ്യം ഉള്‍പ്പെടുത്തി മാധ്യമപ്രവര്‍ത്തക റാണ അയ്യൂബ് ചെയ്ത ഒരു ട്വീറ്റ് റീട്വീറ്റ് ചെയ്തായിരുന്നു പാര്‍വതി ഇക്കാര്യം പറഞ്ഞത്. ജാമിഅ സര്‍വകലാശാലയ്‌ക്കൊപ്പം നില്‍ക്കുക എന്നര്‍ഥം വരുന്ന ഹാഷ്ടാഗും അവര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. നേരത്തേ പൗരത്വ ഭേദഗതി ബില്ല് രാജ്യസഭയില്‍ പാസ്സായതിനു ശേഷവും പാര്‍വതി സമാനമായ പ്രസ്താവന നടത്തിയിരുന്നു. ‘നട്ടെല്ലിലൂടെ ഭയം കയറുന്നുണ്ട്, നമ്മള്‍ ഇത് സംഭവിക്കാന്‍ അനുവദിക്കരുത്, പാടില്ല’ എന്നായിരുന്നു പാര്‍വതിയുടെ പ്രതികരണം.

രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ അനുവദിക്കരുതെന്ന് നടിയും നിര്‍മ്മാതാവുമായ റിമ കല്ലിങ്കലും നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. പൗരത്വ ഭേദഗതിയില്‍ പ്രതിഷേധിച്ച് ദേശീയ അവാര്‍ഡ്ദാന ചടങ്ങ് ബഹിഷ്‌കരിച്ച ‘സുഡാനി ഫ്രം നൈജീരിയ’യുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് റിമ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്‌തു.

ഫേസ്ബുക്കിലൂടെയായിരുന്നു റിമയുടെ പ്രതികരണം. നേരത്തെ പൗരത്വ ഭേദഗതി എന്‍.ആര്‍.സി പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ദേശീയ ചലച്ചിത്ര അവാര്‍ഡിന്റെ ചടങ്ങില്‍ നിന്നും വിട്ട് നില്‍ക്കുകയാണെന്ന് സുഡാനി ഫ്രം നൈജീരിയയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button