KeralaNews

എത്ര ഭീരുക്കളാണ് അവർ; 'അമ്മ'എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടതിൽ പാർവതി

കൊച്ചി:ലൈംഗികാരോപണത്തെ തുടര്‍ന്ന് താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടതില്‍ പ്രതികരണവുമായി നടി പാര്‍വതി. ബര്‍ഖ ദത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. താരസംഘനയുടെ അംഗങ്ങള്‍ക്കെതിരേ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ ഉത്തരവാദിത്തത്തോടെ പ്രതികരിക്കേണ്ട അവസരത്തില്‍ ഭീരുക്കളെപ്പോലെ ഒഴിഞ്ഞുമാറിയെന്ന് പാര്‍വതി വിമര്‍ശിച്ചു.

”ഈ വാര്‍ത്ത ആദ്യം കേട്ടപ്പോള്‍ എത്ര ഭീരുക്കളാണ് ഇവര്‍ എന്നാണ് ആദ്യം തോന്നിയത്. ഈ വിഷയങ്ങളില്‍ ഉത്തരവാദിത്തത്തോടെ സംസാരിക്കാനുള്ള ഒരു സ്ഥാനത്താണ് അവര്‍ ഇരുന്നിരുന്നത്. ഞങ്ങള്‍ സ്ത്രീകള്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ നയിക്കുന്നു. സര്‍ക്കാറുമായി സഹകരിച്ച് ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു ചെറിയ നീക്കമെങ്കിലും അവര്‍ നടത്തിയിരുന്നുവെങ്കില്‍ അത് നന്നാകുമായിരുന്നു. ഈ എക്‌സിക്യൂട്ടീവ് കമ്മിറ്റി തന്നെയാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതിയെ സംഘടനയിലേക്ക് തിരികെ സ്വാഗതം ചെയ്തത്. ഈ എക്‌സിക്യൂട്ടീവ് കമ്മിറ്റി തന്നെയാണ് ലൈംഗികാരോപണങ്ങള്‍ പുറത്ത് വരുന്നത് വരെ അങ്ങനെ യാതൊന്നും ഇവിടെ നടക്കുന്നില്ല എന്ന ഭാവത്തോടെ ഇരുന്നത്.

സ്ത്രീകള്‍ക്ക് പരാതിയുണ്ടെങ്കില്‍ മുന്നോട്ട് വരട്ടെ എന്ന് പറഞ്ഞ് സര്‍ക്കാരും അശ്രദ്ധ കാണിച്ചു. പൊതുസമൂഹത്തിന്റെ കുറ്റവും പരിഹാസവും ഏറ്റുവാങ്ങേണ്ട അവസ്ഥയിലൂടെ സ്ത്രീകള്‍ കടന്നുപോകും. അതിന് ശേഷം ഞങ്ങളുടെ കരിയര്‍, മാനസികാരോഗ്യം എന്നിവയെക്കുറിച്ചൊന്നും ആരും ചിന്തിക്കുകയില്ല. അതൊന്നും ആര്‍ക്കും ഒരു വിഷയമേയല്ല. ഞങ്ങളല്ല ഈ പ്രശ്‌നങ്ങളെല്ലാം ഉണ്ടാക്കിയത്. ഞങ്ങളല്ല തെറ്റുകാര്‍.

പക്ഷേ ഇതിന്റെ ആഘാതമെല്ലാം ഏറ്റുവാങ്ങേണ്ടി വരുന്നത് സ്ത്രീകളാണ്. മുന്നോട്ട് വന്ന സ്ത്രീകളെ ഞങ്ങള്‍ പൂര്‍ണമായും പിന്തുണയ്ക്കുന്നു. അവരോട് ബഹുമാനമുണ്ട്. എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നേരത്തേ നടപ്പാക്കിയിരുന്നുവെങ്കില്‍ അതിജീവിതര്‍ക്ക് നീതിയ്ക്കായി ഇപ്പോള്‍ അലയേണ്ടി വരില്ലായിരുന്നു. താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ക്ക് നീതിലഭിക്കണമെങ്കില്‍ ഓരോ സ്ത്രീയും രംഗത്ത് വരാന്‍ നിര്‍ബദ്ധിതയാകുകയാണ്.

അമ്മ എങ്ങിനെയാണ് പ്രവര്‍ത്തിക്കുക എന്ന് എനിക്കറിയാം. ഞാനും അതിന്റെ ഭാഗമായിരുന്നു. ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റി സര്‍വാധികാരിയായി ഇരിക്കുകയാണ്. നമുക്ക് നമ്മുടെ ആവശ്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ അവിടെ അവകാശമില്ല. ഇനിയെങ്കിലും മികച്ച നേതൃത്വം വന്നാല്‍ സംഘടന ശക്തിപ്പെട്ടേക്കാം”- പാര്‍വതി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ‘അമ്മ’ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മോഹന്‍ലാല്‍ രാജിവെച്ചതും എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടതും. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്വം മുന്‍നിര്‍ത്തി രാജി വെയ്ക്കുന്നു.

രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നല്‍കിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങള്‍ക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും.

‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങള്‍. എല്ലാവര്‍ക്കും നന്ദി, വിമര്‍ശിച്ചതിനും തിരുത്തിയതിനും’, രാജിവെച്ചുകൊണ്ടുള്ള മോഹന്‍ലാലിന്റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു. അഡ്‌ഹോക് കമ്മിറ്റി ഉടന്‍ നിലവില്‍ വരും. നിലവിലുള്ള സമിതി താത്കാലിക സമിതിയായി തുടരും. പുതിയ സമിതി രണ്ടുമാസത്തിനുള്ളില്‍ നിലവില്‍ വരും- എന്നായിരുന്നു വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയത്.

മലയാള ചലച്ചിത്രരംഗത്തെ അണിയറരഹസ്യങ്ങള്‍ ചുരുളഴിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നാലരവര്‍ഷത്തെ സസ്പെന്‍സിനൊടുവില്‍ പുറത്തുവന്നതിന്റെ ബാക്കിപത്രമായിരുന്നു താരസംഘടനയിലെ കൂട്ടരാജി. ലൈംഗികാരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറിയും നടനുമായ സിദ്ദിഖ് രാജിവെച്ചിരുന്നു. മുകേഷ്, ജയസൂര്യ, സിദ്ദിഖ്, മണിയന്‍പിള്ള രാജു തുടങ്ങിയവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker