ആന്റണി എന്നെ വിളിക്കുമ്പോൾ മോൾക്ക് രണ്ടു വയസ് ആയിട്ടുണ്ടായിരുന്നുള്ളു… മകളെ വിട്ടിട്ട് വരാൻ പറ്റില്ലെന്ന്പറഞ്ഞ് നോക്കി, പക്ഷെ ആ നോ സ്വീകരിക്കാൻ അവർ തയ്യാറായിരുന്നില്ല, ദൃശ്യം 3 യ്ക്ക് വേണ്ടി കാത്തിരിക്കുന്നു; മീന
ചെന്നൈ:മലയാളികളുടെ ഇഷ്ട നടിയാണ് മീന. 1991 ൽ പുറത്തിറങ്ങിയ സാന്ത്വനം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ മീന ആദ്യമായി നായികയാകുന്നത്. മലയാളത്തിലെയും തമിഴിയിലെയും എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പവും മീന അഭിനയിച്ചിട്ടുണ്ട്.
അതിനിടെ, വിഷുവിനോട് അനുബന്ധിച്ച് മീന നൽകിയ അഭിമുഖം ശ്രദ്ധ നേടുകയാണ്. തന്റെ കരിയറിനെ കുറിച്ചും മകളെ കുറിച്ചുമൊക്കെ മീന അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. കഴിഞ്ഞ 40 വർഷത്തെ കരിയറിൽ തനിക്ക് ചെയ്യാൻ കഴിയാതെ പോയതിനെ തുടർന്ന് വിഷമിക്കുന്ന സിനിമകളെ കുറിച്ചും മീന പറയുന്നുണ്ട്.
ഹരികൃഷ്ണൻസ് ആണ് അതിലൊന്നായി മീന പറയുന്നത്. ‘ചെയ്യാൻ കഴിയാതെ പോയതിൽ സങ്കടം തോന്നിയ ഒരുപാട് സിനിമകൾ ഉണ്ട്. അതിലൊന്നാണ് ഹരികൃഷ്ണൻസ്. ലാലേട്ടനും മമ്മൂക്കയും ഒന്നിച്ച്, ഒറ്റ നായികയെ ഉള്ളു. എന്തൊരു കോമ്പിനേഷൻ ആണത്. ആ സിനിമ ചെയ്യണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചു. പക്ഷെ ആ സമയത്ത് ഞാൻ ഭയങ്കര തിരക്കിൽ ആയിരുന്നു,
എനിക്ക് അതുകൊണ്ട് ആ സിനിമ ചെയ്യാൻ കഴിഞ്ഞില്ല. അത് വലിയൊരു റിഗ്രട്ടാണ്. അതുപോലെ തമിഴിൽ പടയപ്പ, തേവർമകൻ, തെലുങ്കിൽ നാഗാർജുന സാറിനൊപ്പമുള്ള ഒരു സിനിമയടക്കം അങ്ങനെ കുറെ സിനിമകൾ ഉണ്ട്,’ എന്നാണ് മീന പറഞ്ഞത്. ദൃശ്യം താൻ ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞ് ഒഴിവാകാൻ ശ്രമിച്ചത് ആണെന്നും എന്നാൽ അവർ തന്റെ നോ സ്വീകരിക്കാൻ തയ്യാറായില്ലെന്നും മീന അഭിമുഖത്തിൽ പറയുന്നുണ്ട്. ആന്റണി എന്നെ വിളിക്കുമ്പോൾ മോൾക്ക് രണ്ടു വയസ് ആയിട്ടുണ്ടായിരുന്നുള്ളു. ഞാൻ മകളെ വിട്ടിട്ട് വരാൻ പറ്റില്ലെന്ന് ഒക്കെ പറഞ്ഞ് നോക്കി.
പക്ഷെ ആ നോ സ്വീകരിക്കാൻ അവർ തയ്യാറായിരുന്നില്ല. സിനിമ ചെയ്യുമ്പോൾ ഹിറ്റ് ആകുമെന്ന് മാത്രമാണ് ഞാൻ ചിന്തിച്ചത്. ഇത്രയും വലിയ ഹിറ്റിലേക്ക് പോകുമെന്ന് കരുതിയതല്ല. ഒരു പാൻ ഇന്ത്യൻ സിനിമ പോലെ റീമേക്ക് ചെയ്തിട്ട് എല്ലാ ഭാഷകളിലും അത് സൂപ്പർ ഹിറ്റ് ആകുന്നത് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. അതിന് ശേഷം വന്ന ദൃശ്യം 2. അതും മറ്റൊരു സർപ്രൈസ് ആയിരുന്നു. ഇനി ദൃശ്യം 3 ൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് എനിക്ക് അറിയില്ല. ഞാൻ എന്തായാലും അതിന് വേണ്ടി കാത്തിരിക്കുകയാണെന്നും മീന പറയുന്നുണ്ട്.
മകൾക്ക് ഇഷ്ടപ്പെട്ട സിനിമകൾ ദൃശ്യവും ബ്രോ ഡാഡിയും ആണെന്നും മീന പറയുന്നുണ്ട്. നേരത്തെ മീനയുടെ മകൾ നൈനിക വിജയുടെ മകളായി തെരി എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. എന്നാൽ പിന്നീട് മകളെ സിനിമകളിൽ നിന്ന് മാറ്റി നിർത്തുകയാണ് ഉണ്ടായത്. അതേക്കുറിച്ചും മീന പറഞ്ഞു. പഠനത്തിന് ഒപ്പം അഭിനയവും കൊണ്ട് പോകാൻ കഴിയാത്തത് കൊണ്ടാണ് തൽകാലം സിനിമ വേണ്ടെന്ന് വെച്ചതെന്നാണ് മീന പറഞ്ഞത്.
അടുത്തിടെ വ്യക്തി ജീവിതത്തിൽ വിഷമകരമായ ഘട്ടത്തിലൂടെയായിരുന്നു മീന കടന്ന് പോയത്
അടുത്തിടെ ആയിരുന്നു മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ മരണം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്ന വിദ്യാസാഗർ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് കാത്തു നിൽക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ആ വേദന മറികടന്ന് മീന ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാവുകയാണ്.