തമിഴ്‌നാട്ടില്‍ കമല്‍ഹാസന് വിജയ സാധ്യതയില്ലെന്ന് ഗൗതമി,ബിജെപി നോട്ടയ്ക്കും താഴെയാകുമെന്ന് സ്റ്റാലിൻ
ചെന്നൈ: തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പു പ്രചരണം മുറുകുകയാണ്. പതിവില്‍ നിന്നു വ്യത്യസ്തമായി ഡിഎംകെ, എഐഎഡിഎംകെ മുന്നണികള്‍ കൂടാതെ കമല്‍ഹാസന്‍ നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിയും മത്സര രംഗത്തുണ്ട്.
എന്നാല്‍ തമിഴ്നാട്ടില്‍ കമല്‍ഹാസന് വിജയസാധ്യതയില്ലെന്നാണ് നടി ഗൗതമി അഭിപ്രായപ്പെടുന്ന്. സിനിമയിലെ പ്രശസ്തിയും രാഷ്ട്രീയത്തിലെ വിജയവും തമ്മില്‍ ബന്ധമില്ല. നല്ല രാഷ്ട്രീയകാര്‍ക്കേ വിജയമുണ്ടാകൂ എന്നും ഗൗതമി പറഞ്ഞു.
കോയമ്പത്തൂര്‍ സൗത്തില്‍ ബിജെപി വിജയിക്കും. കോയമ്പത്തൂരില്‍ ബിജെപിക്ക് വേണ്ടി വോട്ടുചോദിക്കുമെന്നും ഗൗതമി പറഞ്ഞു. കോയമ്പത്തൂര്‍ സൗത്തില്‍ നിന്നാണ് കമല്‍ഹാസന്‍ ജനവിധി തേടുന്നത്.
ബിജെപിയുടെ താരപ്രചാരകയായ ഗൗതമി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറങ്ങും മുമ്പ് തന്നെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. വിരുദനഗഗര്‍ രാജപാളയത്ത് മാസങ്ങളായി ക്യാമ്പ് ചെയ്തായിരുന്നു ഗൗതമിയുടെ പ്രവര്‍ത്തനം.
അതേസമയം തമിഴ്നാട്ടിൽ സീറ്റ് നേടാമെന്ന ബിജെപി മോഹം നടക്കാൻ പോകുന്നില്ലെന്നും നോട്ടയ്ക്കും താഴെ വോട്ട് മാത്രമേ ബിജെപിക്ക് കിട്ടൂവെന്നുമാണ് സ്റ്റാലിന്റെ അവകാശവാദം. പത്ത് വര്‍ഷത്തെ അണ്ണാഡിഎംകെ ഭരണവും പാര്‍ട്ടിയുടെ തകര്‍ച്ചയും ഒരുമിച്ചാകുമെന്നാണ് ഡിഎംകെ അവകാശവാദം.
ബിജെപി കൂട്ടുകെട്ട് അണ്ണാ ഡിഎംകെയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് സ്റ്റാലിന്‍. ബിജെപി വിരുദ്ധ സഖ്യമായി ചിത്രീകരിച്ചാണ് പ്രചാരണം. സ്റ്റാലിനും മകന്‍ ഉദയനിധിയും ഇത്തവണ നേരിട്ട് മത്സരരംഗത്തുണ്ട്.
എടപ്പാടി സര്‍ക്കാരിനെ താഴെയിറക്കണമെന്ന് ജനം നാളുകളായി ആഗ്രഹിക്കുന്നുണ്ടെന്നും. അത് ഇത്തവണ നടക്കുമെന്നും സ്റ്റാലിൻ പറയുന്നു. പ്രതിപക്ഷ പാര്‍ട്ടികളെയല്ലാം ഒറ്റക്കെട്ടായി നിര്‍ത്തുമെന്നും സ്റ്റാലിൻ അവകാശപ്പെടുന്നു. മധുരയില്‍ അഴഗിരിയുടെ വിമത നീക്കങ്ങള്‍ തടയാനുള്ള ഒരുക്കത്തിലാണ് ഡിഎംകെ.
ജയലളിതയുടെ മരണത്തില്‍ പുനരന്വേഷണം നടത്തുമെന്നാണ് പ്രധാന വാഗ്ദാനം. തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ പ്രവര്‍ത്തകര്‍ക്ക് ആഹ്വാനം നല്‍കി കൗണ്ട്ഡൗണ്‍ ബോര്‍ഡും ഡിഎംകെ ആസ്ഥാനത്ത് സ്ഥാപിച്ചു.
അതിനിടെ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന റെയ്ഡുകള്‍ ബി.ജെ.പിയുടെ ഭീഷണി രാഷ്ട്രീയമാണെന്ന് മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കമല്‍ ഹാസന്‍ പ്രതികരിച്ചു. റെയ്ഡുകളെ ഭയപ്പെടുന്നില്ലെന്നും തന്‍റെ വീട്ടില്‍ നിന്നും ഒന്നും കണ്ടെത്താന്‍ പോകുന്നില്ലെന്നും കമല്‍ ഹാസന്‍ പറഞ്ഞു.
മക്കള്‍ നീതി മയ്യം ജനങ്ങളുടെ ശബ്ദമാണെന്നും കമല്‍ ഹാസന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മികച്ച രീതിയിലുള്ള പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത്. അത് പ്രതീക്ഷകള്‍ക്കപ്പുറമാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
തമിഴ്നാട്ടിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍പോലും ഇല്ലാത്ത അവസ്ഥയാണ്.സത്യസന്ധമായ ഒരു ശ്രമം നടത്തിയിരുന്നെങ്കില്‍ അതൊക്കെ നിറവേറ്റാമായിരുന്നെന്നും കമല്‍ അഭിപ്രായപ്പെട്ടു.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനൊരുങ്ങുകയാണ് കമൽ ഹാസൻ. കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽനിന്നാണ് കമല്‍ മത്സരിക്കുന്നത്. പ്രദേശത്ത് വർഗീയ ധ്രുവീകരണം നടക്കുന്നുണ്ടെന്നും അതുകൊണ്ട് അതിനെതിരെ പേരാടണമെന്നും കമല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.മാഞ്ചസ്റ്റർ ഓഫ് സൗത്ത് എന്നറിയപ്പെടുന്ന നഗരത്തിന്‍റെ പ്രൗഢിയും പകിട്ടും നഷ്ടപ്പെടാതിരിക്കാൻ പ്രവർത്തിക്കുമെന്നും കമല്‍ വാഗ്ദാനം നല്‍കിയിരുന്നു.