കൊച്ചി: നടിയെ ആക്രമിച്ച കേസില്‍, അതിജീവിതയ്ക്ക് നീതി ലഭ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . തൃക്കാക്കര മുന്നില്‍ കണ്ടു കൊണ്ടുള്ള പ്രചാരണം ആണ് ‘അതിജീവിത’ വിഷയത്തില്‍ യുഡിഎഫ് നടത്തുന്നത്. പാർട്ടിയും സർക്കാരും നടിയ്ക്ക് ഒപ്പമാണ്. തൃക്കാക്കര തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് നടിയുടെ പരാതി ദുരൂഹമാണ് എന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
പരാതി ഉണ്ടെങ്കിൽ അതിജീവിത നേരെത്തെ കോടതിയെ അറിയിക്കേണ്ടതല്ലേ. കേസിൽ അതിജീവിതയുടെ താല്പര്യം ആണ് സർക്കാരിന്‍റെ താല്പര്യം. പ്രോസിക്യൂട്ടറെ പോലും അതിജീവിതയുടെ താല്പര്യം കണക്കിലെടുത്താണ് നിയമിച്ചത്. വനിതാ ജഡ്ജിയെ വെച്ചത് നടിയുടെ താല്പര്യം നോക്കിയാണ്. ഏത് കാര്യത്തിൽ ആണ് അതിജീവിതയുടെ താല്പര്യത്തിന് വിരുദ്ധമായി സർക്കാർ നിന്നത്.
തൃക്കാക്കരയില്‍ യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടിന് ശ്രമിക്കുന്നുണ്ടെന്ന് . യുഡിഫ് സ്ഥാനാർഥി ഉമാ തോമസ് ബിജെപി ഓഫിസിൽ പോയത് ഇതിന്‍റെ ഭാഗമാണ്. യുഡിഫ് തൃക്കാക്കരയിൽ ബിജെപി, എസ് ഡി പി ഐ കൂട്ടുകെട്ട് ഉണ്ടാക്കി. ഈ കൂട്ട്കെട്ട് വിജയിക്കില്ല. തൃക്കാക്കരയിൽ തെരഞ്ഞെടുപ്പില്‍ അട്ടിമറി ഉണ്ടാകുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
വർഗീയതയ്ക്ക് എതിരെ ശക്തമായ നടപടി എടുത്തത് പിണറായി വിജയനാണെന്ന് വി ഡി സതീശന് മറുപടിയായി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആർ എസ് എസ്, എസ് ഡി പി ഐ വോട്ട് വേണ്ട എന്ന് വി ഡി സതീശൻ പറയുമോ. ഇടത് മുന്നണി നേരെത്തെ ഈ നിലപാട് വ്യക്‌തമാക്കിയിട്ടുണ്ട്.
വിസ്മയ കേസിലെ കോടതിവിധി പോലീസിന്റെ തൊപ്പിയിലെ പൊൻതൂവൽ ആണ്. കേസ് നടത്തിപ്പിലെ ജാഗ്രത ആണ് ഇത് കാണിക്കുന്നത്. സ്ത്രീ സുരക്ഷയിൽ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുന്നു എന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.