അമ്മയും ഭാര്യയുമുള്ള വീട്ടിലിരുന്ന് ദൃശ്യങ്ങൾ കണ്ടെന്ന് പറയുന്നതെങ്ങനെ ശരിയാകും; ദിലീപ് കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ഹാജരാക്കിയ പെന്‍ഡ്രൈവിന്റെ ഫൊറന്‍സിക് പരിശോധനാ ഫലം പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. ബാലചന്ദ്ര കുമാര്‍ ഹാജരാക്കിയ സംഭാഷണം റെക്കോഡ് ചെയ്ത തീയതി കണ്ടെത്തിയിട്ടില്ലെന്നും കോടതിയെ അറിയിച്ചു. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ അന്തിമവാദം 18-ന് നടക്കും. ഹര്‍ജിയില്‍ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം ചൊവ്വാഴ്ച നടന്നു.
ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതായി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി. സുനില്‍കുമാര്‍ ചൂണ്ടിക്കാട്ടി. പ്രതി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇതിന് കൃത്യമായ തെളിവുകളുണ്ട്. പലരെയും ഉപയോഗിച്ചാണ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ലഭിച്ചിരിക്കുന്ന വോയിസ് ക്ലിപ്പുകളില്‍ നിന്നെല്ലാം ഇത് വ്യക്തമാണ്. ഫോണില്‍നിന്നു തെളിവുകള്‍ പലതും നശിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
ഫോണിലെ പഴയ ഫയലുകള്‍ നീക്കം ചെയ്യുന്നതിന് ബോധപൂര്‍വമായ ശ്രമം നടത്തി. തുടര്‍ച്ചയായി വീഡിയോ അയയ്ക്കുകയും ഡിലീറ്റ് ചെയ്യുകയുമാണുണ്ടായത്. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ചതും ഗൗരവത്തോടെ കാണണം. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്ത് ജാമ്യം റദ്ദാക്കണമെന്ന്് പ്രോസിക്യൂഷന്‍ വാദിച്ചു.
ബാലചന്ദ്ര കുമാര്‍ ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം കേള്‍ക്കാന്‍ കഴിയുന്ന തരത്തിലാക്കിയെന്ന് (എന്‍ഹാന്‍സ്) പെന്‍ഡ്രൈവിന്റെ ഫൊറന്‍സിക് പരിശോധനാ ഫലം നല്‍കിയതിനെക്കുറിച്ച് പരാമര്‍ശിക്കവേ പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ശബ്ദം കേള്‍ക്കാന്‍ ബുദ്ധിമുട്ടായതിനാലാണ് ഇത് ചെയ്തത് – പ്രോസിക്യൂഷന്‍ പറഞ്ഞു.
എന്നാല്‍, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവൊന്നുമില്ലെന്ന് ദിലീപിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ബി. രാമന്‍പിള്ള വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ ഗൂഢാലോചന നടത്തിയെന്ന കേസ് അന്വേഷണ ഉദ്യോഗസ്ഥനും ബാലചന്ദ്ര കുമാറും ചേര്‍ന്നുണ്ടാക്കിയ തിരക്കഥയാണ്. ദിലീപിനെതിരായ മൊഴികളില്‍ വിശ്വസനീയമല്ലാത്ത കാര്യങ്ങള്‍ ഏറെയുണ്ട്. അമ്മയും സഹോദരിയും ഭാര്യയുമുള്ള വീട്ടിലെ ഹാളിലിരുന്ന് ദൃശ്യങ്ങള്‍ കണ്ടുവെന്ന് പറയുന്നത് എങ്ങനെ ശരിയാകുമെന്നും പ്രതിഭാഗം ചോദിച്ചു.
ഫോണിലെ തെളിവുകള്‍ നശിപ്പിച്ചതിനെക്കുറിച്ച് പറയവേ സായ് ശങ്കറിനെ നടിയെ ആക്രമിച്ച കേസില്‍ പ്രതിയാക്കേണ്ടതല്ലേയെന്ന് കോടതി ചോദിച്ചു. അനൂപിന്റെയും സുരാജിന്റെയും രണ്ട് ഫോണുകള്‍ ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചെങ്കിലും ഹാജരാക്കിയിട്ടില്ല. ഫോണുകള്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
കോടതിയില്‍ നല്‍കിയ രഹസ്യ സ്വഭാവമുള്ള റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട കാര്യവും കേസ് പരിഗണിക്കുന്നതിനിടെ കോടതി ചൂണ്ടിക്കാണിച്ചു. ഇതെങ്ങനെ സംഭവിച്ചുവെന്ന് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറോട് ചോദിച്ച കാര്യവും കോടതി പരാമര്‍ശിച്ചു. തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍നിന്നുള്ള റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് കിട്ടിയത് എങ്ങനെയാണ്-കോടതി ചോദിച്ചു. ഇക്കാര്യം പ്രതിഭാഗവും വാദത്തിനിടെ പരാമര്‍ശിച്ചിരുന്നു.
മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയെന്ന ഫൊറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് രഹസ്യമാക്കി െവച്ചത് സുപ്രീം കോടതിയുടെ നിര്‍ദേശാനുസരണമാണെന്ന് കോടതി പറഞ്ഞു. ദിലീപിന്റെ അപേക്ഷയനുസരിച്ച് ദൃശ്യങ്ങള്‍ പരിശോധനയ്ക്ക് നല്‍കാന്‍ സുപ്രീംകോടതി അനുവദിച്ചിരുന്നു. ഇതു സംബന്ധിച്ച വിവരങ്ങളും റിപ്പോര്‍ട്ടുകളും രഹസ്യമാക്കി വെക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നതും ചൂണ്ടിക്കാട്ടി.