ചെന്നൈ: ഡോ. ബി.ആര്‍. അംബേദ്കറിനെതിരായ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമര്‍ശത്തില്‍ വിവാദം പുകുയുമ്പോള്‍, വിമര്‍ശനവുമായി നടന്‍ വിജയ്. അംബേദ്കര്‍ എന്ന പേരിനോട് ചിലര്‍ക്ക് അലര്‍ജിയാണെന്നും മഹത്തായ ആ നാമം സന്തോഷത്തോടെ ഉച്ചരിക്കാമെന്നും വിജയ് എക്‌സില്‍ കുറിച്ചു. അംബേദ്കറിനെ അപമാനിക്കാന്‍ നാം ഒരിക്കലും അനുവദിക്കരുതെന്നും അദ്ദേഹത്തെ അപമാനിച്ച അമിത് ഷായുടെ നടപടിയെ തമിഴക വെട്രി കഴകത്തിന്റെ പേരില്‍ ശക്തമായി അപലപിക്കുന്നുവെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.
”അംബേദ്കര്‍ എന്ന പേരിനോട് ചിലര്‍ക്ക് അലര്‍ജിയുണ്ടാകാം. സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിച്ച ഇന്ത്യയിലെ എല്ലാവിഭാഗം ജനങ്ങളാലും ഉയര്‍ത്തിപ്പിടിക്കപ്പെട്ട സമാനതകളില്ലാത്ത രാഷ്ട്രീയ-ബൗദ്ധിക വ്യക്തിത്വമായിരുന്നു അദ്ദേഹം. അംബേദ്കര്‍… അംബേദ്കര്‍… അംബേദ്കര്‍… അദ്ദേഹത്തിന്റെ നാമം ഹൃദയം കൊണ്ടും അധരങ്ങളും സന്തോഷത്തോടെ ഉച്ചരിക്കട്ടെ. അദ്ദേഹത്തെ അപമാനിക്കാന്‍ നാം ഒരിക്കലും അനുവദിക്കരുത്. തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ പേരില്‍, അംബേദ്കറെ അപമാനിച്ചതിന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നടപടിയെ ഞാന്‍ ശക്തമായി അപലപിക്കുന്നു.”- വിജയ് എക്‌സില്‍ കുറിച്ചു.
ചൊവ്വാഴ്ച രാജ്യസഭയിലാണ് അംബേദ്കറെക്കുറിച്ച് ഷാ വിവാദ പരാമര്‍ശം നടത്തിയത്. ”അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍ എന്നിങ്ങനെ പറയുന്നത് ഫാഷനായിരിക്കുന്നു. ഇതിനുപകരം ദൈവത്തിന്റെ പേരാണ് കോണ്‍ഗ്രസ് പറയുന്നതെങ്കില്‍, അവര്‍ക്ക് സ്വര്‍ഗത്തില്‍ ഇടം കിട്ടുമായിരുന്നു” എന്നാണ് ഷാ പറഞ്ഞത്. ഭരണഘടനാ ചര്‍ച്ചയ്ക്ക് മറുപടി നല്‍കുമ്പോഴാണ് അമിത് ഷായുടെ പരാമര്‍ശം.
പിന്നാലെ ഡോ. അംബേദ്കറില്‍ പ്രധാനമന്ത്രിക്ക് വിശ്വാസമുണ്ടെങ്കില്‍ അമിത് ഷായെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടിരുന്നു. അംബേദ്കറുടെ ആശയങ്ങളെയും ഭരണഘടനയെയും തരംതാഴ്ത്താനാണ് ബി.ജെ.പി. ശ്രമമെന്ന് രാഹുല്‍ ഗാന്ധിയും ആരോപിച്ചു. തൃണമൂല്‍ എം.പി. ഡെറിക് ഒബ്രിയാന്‍ ഷായ്‌ക്കെതിരേ സഭയില്‍ അവകാശലംഘന നോട്ടീസ് നല്‍കി.
അംബേദ്കറെ അവഹേളിക്കുന്നത് കോണ്‍ഗ്രസാണെന്ന് ആരോപിച്ച് അമിത് ഷായ്ക്ക് പ്രതിരോധം തീര്‍ത്ത് പ്രധാനമന്ത്രിയും ബി.ജെ.പി. നേതാക്കളും അണിനിരന്നു. അംബേദ്കറുടെ പാരമ്പര്യം നശിപ്പിക്കുന്നതിന് ഹീനമായ തന്ത്രങ്ങള്‍ കോണ്‍ഗ്രസ് പ്രയോഗിച്ചെന്നും മോദി എക്‌സില്‍ ആരോപിച്ചു. അംബേദ്കറെ അവഹേളിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അമിത് ഷാ പത്രസമ്മേളനം വിളിച്ച് വിശദീകരിച്ചു. അസത്യപ്രചാരണത്തിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.