നടന്‍ ടി പി മാധവന്‍ അന്തരിച്ചു
കൊല്ലം: മുതിര്‍ന്ന മലയാളം സിനിമാതാരം ടി.പി. മാധവന്‍ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറിയിരുന്നു.
വര്‍ഷങ്ങളായി കൊല്ലം പത്തനാപുരം ഗാന്ധി ഭവനിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്.അമ്മ’യുടെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്ന ടി. പി. മാധവന്‍ അറുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ഒരു ലോഡ്ജ് മുറിയില്‍ ആശ്രയമില്ലാതെ കഴിയുമ്പോഴാണ് സീരിയല്‍ സംവിധായകന്‍ പ്രസാദ് മാധവനെ ഗാന്ധിഭവനില്‍ എത്തിക്കുന്നത്. ഗാന്ധിഭവനില്‍ എത്തിയ ശേഷം ചില സീരിയലുകളിലും സിനിമകളിലും അദ്ദേഹം അഭിനയിച്ചു. പിന്നീട് മറവിരോഗം ബാധിക്കുകയായിരുന്നു.
അക്കല്‍ദാമ എന്ന ചിത്രത്തില്‍ ചെറിയ വേഷം ചെയ്തായിരുന്നു സിനിമ ജീവിതം ആരംഭിച്ചത്. 1975-ല്‍ റിലീസായ രാഗം എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് സജീവ സാന്നിധ്യമായി. രാഗം എന്ന സിനിമയക്ക് ശേഷം മലയാളത്തില്‍ സ്ഥിര സാന്നിധ്യമായ അദ്ദേം ആദ്യം വില്ലന്‍ വേഷങ്ങളിലായിരുന്നു തിളങ്ങിയത്. പിന്നീട് കോമഡി റോളുകളും പിന്നീട് സ്വഭാവ വേഷങ്ങളും ചെയ്തു. സിനിമകള്‍ക്കൊപ്പം ടെലി-സീരിയലുകളിലും സജീവ സാന്നിധ്യമായിരുന്നു.
1994 മുതല്‍ 1997 വരെ താര സംഘടനയായ അമ്മയുടെ ജനറല്‍-സെക്രട്ടറിയും 2000 മുതല്‍ 2006 വരെ ജോയിന്റ് സെക്രട്ടറിയുമായിരുന്നു. എട്ടു വര്‍ഷത്തോളമായി കഴിഞ്ഞത് പത്തനാപുരം ഗാന്ധി ഭവനില്‍ ആയിരുന്നു. പ്രശസ്ത അധ്യാപകന്‍ പ്രഫ. എന്‍ പി പിള്ളയുടെ മകനാണ് ടി പി മാധവന്‍. തിരുവനന്തപുരം വഴുതക്കാട് സ്വദേശിയാണ്. ബോളിവുഡ് സംവിധായകന്‍ രാജകൃഷ്ണ മേനോന്‍ മകനാണ്.