ന്യുഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പൂർണമായപ്പോൾ രാജ്യത്തെമ്പാടുമുള്ളവരെ ഞെട്ടിച്ച ഫലമായിരുന്നു ഉത്തർപ്രദേശിലെ ഫൈസാബാദിൽനിന്നും വന്നത്. അയോധ്യ രാമക്ഷേത്രം സ്ഥിതിചെയ്യുന്ന മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച ലല്ലു സിംഗ് പരാജയപ്പെടുകയായിരുന്നു. എസ്പി സ്ഥാനാർത്ഥി അവധേഷ് പ്രസാദാണ് വിജയം രുചിച്ചത്. ഈ വിഷയത്തിൽ പഴയ രാമായണം പരമ്പരയിൽ ലക്ഷ്മണനായി വേഷമിട്ട നടൻ സുനിൽ ലാഹ്റിയുടെ പ്രതികരണം ശ്രദ്ധേയമാവുകയാണ്.
ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് ഫൈസാബാദ് തിരഞ്ഞെടുപ്പ് ഫലത്തേക്കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങൾ സുനിൽ ലാഹ്റി പങ്കുവെച്ചത്. ബാഹുബലി എന്ന ചിത്രത്തിലെ കട്ടപ്പ ബാഹുബലിയെ പിന്നിൽനിന്ന് കുത്തുന്ന ചിത്രമാണ് താരം പങ്കുവെച്ച ഒരു സ്റ്റോറി.
“വനവാസം കഴിഞ്ഞ് തിരിച്ചെത്തിയ സീതാദേവിയെ സംശയിച്ച അതേ അയോധ്യാ പൗരന്മാരാണ് ഇവരെന്ന് നാം മറക്കുകയാണ്. ദൈവത്തെപ്പോലും നിഷേധിക്കുന്നവനെ എന്ത് വിളിക്കും? സ്വാർത്ഥർ. അയോധ്യയിലെ പൗരന്മാർ എപ്പോഴും തങ്ങളുടെ രാജാവിനെ വഞ്ചിച്ചിട്ടുണ്ടെന്നതിന് ചരിത്രം സാക്ഷിയാണ്. അവരെക്കുറിച്ചോർത്ത് നാണിക്കുന്നു.” സുനിൽ ലാഹ്റി എഴുതി.
ഫോളോവർമാർക്കായി ഒരു വീഡിയോ സന്ദേശവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിലെ വാക്കുകൾ ഇങ്ങനെ: “തിരഞ്ഞെടുപ്പ് ഫലങ്ങളിൽ ഞാൻ അസ്വസ്ഥനാണ്. ആദ്യത്തേ കാര്യം എന്താണെന്നുവെച്ചാൽ വോട്ടിങ് വളരെ കുറവായിരുന്നു. രണ്ടാമത്തേത് ഈ ഫലങ്ങളും. ഞാൻ നിരന്തരം ജനങ്ങളോട് വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ചു, പക്ഷേ ആരും ശ്രദ്ധിച്ചില്ല. ഇപ്പോൾ ഒരു കൂട്ടുകക്ഷി സർക്കാർ രൂപീകരിക്കും. പക്ഷേ, ഈ സർക്കാരിന് അഞ്ച് വർഷം സുഗമമായി പ്രവർത്തിക്കാൻ കഴിയുമോ? ചിന്തിക്കേണ്ട കാര്യമാണത്.”
54567 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഫൈസാബാദിൽ അവധേഷ് പ്രസാദിന്റെ വിജയം.