താരപദവിയില്‍ ആ ഗ്രൂപ്പുകൾക്ക് അമർഷം,എന്റെ മുഖത്ത് നോക്കി ചോദിച്ചു; വെളിപ്പെടുത്തലുമായി ശിവകാർത്തികേയൻ
ചെന്നൈ:അമരന്റെ വിജയത്തോടെ നടൻ ശിവകാർത്തികേയന്റെ വിജയം കുതിച്ചുയർന്നിരിക്കുകയാണ്. തമിഴകത്ത് യുവനിരയിൽ ഏറ്റവും താരമൂല്യമുള്ളത് ഇന്ന് ശിവകാർത്തികേയനാണ്. നടന് തുടക്ക കാലത്ത് അവസരങ്ങൾ നൽകി ഒപ്പം നിന്ന ധനുഷിനേക്കാളും ജനപ്രീതി ഇന്ന് ശിവകാർത്തികേയനുണ്ട്. ധനുഷ്, വിജയ്, സൂര്യ ഉൾപ്പെടെ തമിഴകത്തെ ഒട്ടുമിക്ക താരങ്ങളും സിനിമാ കുടുംബത്തിൽ നിന്നുള്ളവരാണ്. എന്നാൽ ശിവകാർത്തികേയന് സിനിമാ ലോകത്ത് പ്രബല പശ്ചാത്തലമില്ലായിരുന്നു.
എന്നിട്ടും നടൻ സൂപ്പർതാരമായി വളർന്നു. ശിവകാർത്തികേയന്റെ വളർച്ചയിൽ അമർഷം തോന്നിയവരും തമിഴകത്തുണ്ട്. ഇതേക്കുറിച്ച് സംസാരിക്കുകയാണ് നടനിപ്പോൾ. ദ ഹോളിവുഡ് റിപ്പോർട്ടറുമായുള്ള അഭിമുഖത്തിലാണ് ശിവകാർത്തികേയൻ അനുഭവങ്ങൾ പങ്കുവെച്ചത്. ഒരു ഘട്ടത്തിൽ കരിയർ വിടാൻ പോലും താൻ തീരുമാനിച്ചിരുന്നെന്ന് നടൻ പറയുന്നു. സിനിമാ രംഗത്തെ ഞാനൊരിക്കലും കുറ്റം പറയില്ല. ചുറ്റും ഒരുപാട് കാര്യങ്ങൾ നടന്നു. പക്ഷെ അതിന് ഇൻഡസ്ട്രിയെ ഞാൻ പഴിക്കില്ല. ആളുകളെക്കുറിച്ച് മാത്രമാണ് പരാതി. എന്റെ സമ്മർദ്ദം കുടുംബത്തെ ബാധിക്കാൻ പാടില്ല. അവർ സാധാരണ ജീവിതമാണ് നയിക്കുന്നത്.
എന്റെ സ്ട്രഗിളും സാമ്പത്തിക പ്രശ്നങ്ങളും ഭാര്യയെയും അമ്മയെയും ബന്ധുക്കളെയും ബാധിക്കരുത്. ആ വീക്ഷണത്തിലാണ് എനിക്ക് മതിയായെന്ന് ഞാൻ പറഞ്ഞത്. എന്റെ പാഷന് വേണ്ടി നിങ്ങളെല്ലാം ഇതിനോട് അഡ‍്ജസ്റ്റ് ചെയ്യുന്നു. നിങ്ങൾക്ക് വേണ്ടി ഞാൻ ജീവിക്കാം. എംബിഎ ചെയ്തിട്ടുണ്ട് എന്തെങ്കിലും നോക്കാമെന്ന് പറഞ്ഞു.
എന്നാൽ ഭാര്യ തന്നെ ഉപദേശിച്ചെന്ന് ശിവകാർത്തികേയൻ ഓർത്തു. ഒന്നുമില്ലാതെ നിങ്ങൾ ഇവിടെ വരെയെത്തി. കഴിഞ്ഞ 20 വർഷത്തിൽ അജിത്ത് സാറും വിക്രം സാറുമല്ലാതെ ഔട്ട്സെെഡറായ ആരും ഈ ഇൻഡസ്ട്രിയിൽ വലിയ താരമായിട്ടില്ല. നിങ്ങളത് നേടി. അത് എളുപ്പമല്ല, ഇൻഡസ്ട്രി ഉപേക്ഷിക്കരുതെന്ന് ഭാര്യ പറഞ്ഞു. നിങ്ങൾക്ക് വേണ്ടിയാണെന്ന് പറഞ്ഞപ്പോൾ ഞങ്ങൾക്ക് കുഴപ്പമില്ല, ഈ രംഗത്ത് നിന്നുള്ള ഗുണങ്ങളും ഞങ്ങൾ ആസ്വദിക്കുന്നുണ്ട്, ജനങ്ങൾ ഞങ്ങളെ അവരുടെ കുടുംബമായി കാണുന്നു. കാറും മറ്റുമുണ്ട്. ഞങ്ങളിത് ആസ്വദിക്കുന്നെന്ന് ഭാര്യ പറഞ്ഞു.
ഭാര്യയുടെ വാക്കുകളാണ് തന്നെ മുന്നോട്ട് നയിച്ചതെന്ന് ശിവകാർത്തികേയൻ പറയുന്നു. സിനിമാ രഗത്തെ ചില ഗ്രൂപ്പുകൾ തനിക്കെതിരായിരുന്നെന്നും ശിവകാർത്തികേയൻ പറയുന്നു. കുറച്ച് പേർ സ്വീകരിച്ചു. എന്നാൽ സാധാരണക്കാരൻ ഉയർന്ന് വരുന്നത് ചില ഗ്രൂപ്പുകൾക്ക് ഓക്കെയല്ലായിരുന്നു. എന്തുകൊണ്ടാണ് അവനിത് ലഭിക്കുന്നത്, ആരാണിത്, എന്താണിവനുള്ളത് എന്നൊക്കെ അവർ ചോദിച്ചു. ഒരുപാട് പേർ നേരിട്ട് മുഖത്ത് നോക്കി ചോദിച്ചിട്ടുണ്ട്.
നീയാരാണ് ഈ ഇൻഡ്സട്രിയിൽ, എന്താണ് നീ ഇവിടെ ചെയ്യുന്നതെന്ന്. ഒരുപാട് തവണ ഞാനത് അഭിമുഖീകരിച്ചിട്ടുണ്ട്. അവർ പറയുന്നത് കേട്ട് ഞാൻ പോകും. ആർക്കും ഞാൻ മറുപടി നൽകിയിട്ടില്ല. എന്റെ വിജയം അവർക്കുള്ള മറുപടിയാണെന്ന് പോലും ഞാൻ പറയില്ല. എന്റെ വിജയം നൂറ് ശതമാനം വർക്ക് ചെയ്യുന്ന എന്റെ ടീമിനും ഫാൻസിനും എന്നെ പോലെയാകണമെന്ന് കരുതുന്നവർക്കുമാണെന്നും ശിവകാർത്തികേയൻ പറഞ്ഞു. പണവും പ്രശസ്തിയുമുള്ള എല്ലായിടത്തും ഇങ്ങനെയുണ്ടാകും. പരാതിപ്പെടുന്നതിൽ കാര്യമില്ല. അഭിമുഖീകരിക്കുകയാണ് വേണ്ടതെന്നും ശിവകാർത്തികേയൻ വ്യക്തമാക്കി.