ആ സിനിമ കഴിഞ്ഞ് കുറച്ചുനാള്‍ കഴിഞ്ഞിട്ടും അതെന്റെ മനസിനെ വല്ലാതെ അലട്ടി, മറികടക്കുക എളുപ്പമായിരുന്നില്ല; കുഞ്ചാക്കോ ബോബന്‍
അഭിനയിച്ചു കഴിഞ്ഞ ശേഷവും വിട്ടുമാറാതെ നമുക്കൊപ്പം സഞ്ചരിക്കുന്ന കഥാപാത്രങ്ങള്‍ ചിലപ്പോഴൊക്കെ ഉണ്ടാകുമെന്നും ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്ന ചില മാനസികാവസ്ഥകളായിരിക്കും അഭിനയിച്ചവസാനിപ്പിച്ച ശേഷവും അവ നമ്മെ പിന്തുടരാന്‍ കാരണമെന്നും നടന്‍ കുഞ്ചാക്കോ ബോബന്‍.
ടേക്ക് ഓഫിലേയും രാമന്റെ ഏദന്‍തോട്ടത്തിലേയും കഥാപാത്രങ്ങള്‍ അത്തരത്തില്‍ തനിക്കൊപ്പം സഞ്ചരിച്ചവയാണെന്നും ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ആ സിനിമ കഴിഞ്ഞ് കുറച്ചുനാള്‍ കഴിഞ്ഞിട്ടും അറിഞ്ഞോ അറിയാതെയോ ചില സന്ദര്‍ഭങ്ങള്‍ മനസിനെ അലട്ടിയിരുന്നു. ആ വേഷം ചെയ്തവസാനിപ്പിച്ചിട്ടും അതിന്റെ അലകള്‍ പിന്തുടര്‍ന്നു. മറികടക്കുക എളുപ്പമായിരുന്നില്ല.
ചില സിനിമകളും അഭിനയിച്ച കഥാപാത്രങ്ങളും നമ്മുടെ മനസിനെ ആഴത്തില്‍ സ്പര്‍ശിക്കും. മുന്‍പ് ഇങ്ങനെ പലരും പറയുമ്പോള്‍ കഥാപാത്രം വിട്ടുപോകുന്നില്ല എന്ന ഡയലോഗൊക്കെ കേള്‍ക്കുമ്പോള്‍ കുറച്ച് ഓവറല്ലേ ഇത്തരം സംസാരമെന്ന് തോന്നിയിരുന്നു. എന്നാല്‍ ഇന്ന് ആ അവസ്ഥയെ കുറിച്ച് തനിക്ക് അറിയാമെന്നും ചാക്കോച്ചന്‍ പറയുന്നു.
‘അനിയത്തിപ്രാവ്’ എന്ന ഹിറ്റ് ചിത്രത്തിലൂടെ കരിയര്‍ തുടങ്ങിയെങ്കിലും രണ്ടാം വരവ് പൂജ്യത്തില്‍ നിന്നായിരുന്നു. നല്ല വേഷങ്ങള്‍ ചെയ്യുക എന്നതില്‍ മാത്രമായിരുന്നു ശ്രദ്ധ. ചെറിയ വേഷങ്ങളും ഗസ്റ്റ് റോളുകളും മള്‍ട്ടിസ്റ്റാര്‍ സിനിമകള്‍ക്കൊപ്പവുമെല്ലാം സഹകരിച്ചു. പരാജയങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മുന്നോട്ടു നീങ്ങുന്നതിന്റെ വിജയമാകും ഇന്ന് ലഭിക്കുന്ന ചിത്രങ്ങളെല്ലാം, കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.