നടൻ ബാല വീണ്ടും വിവാഹിതനായി
കൊച്ചി: നടൻ ബാല വീണ്ടും വിവാഹിതനായി. ബാലയുടെ ബന്ധുകൂടിയായ ചെന്നൈ സ്വദേശിയായ കോകിലയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹ ചടങ്ങിൽ പങ്കെടുത്തു. രാവിലെ 8.30ഓടെ എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം.
അടുത്തിടെ ഫെയ്സ്ബുക്കിലൂടെ പുതിയ വിവാഹത്തിന്റ സൂചനകൾ നൽകിയിരുന്നു. ഇതിനിടെയാണ് അമ്പലത്തിൽവെച്ച് വിവാഹം കഴിച്ചത്.
കരൾ ട്രാൻസ്പ്ലാന്റേഷന് ശേഷം എനിക്കും ഒരു തുണ വേണമെന്ന് തോന്നി. എന്റെ സ്വന്തക്കാരി കൂടിയാകുമ്പോൾ ഐ ആം കോൺഫിഡന്റ്. മുമ്പ് ഒരു ഇന്റർവ്യൂയിൽ പറഞ്ഞിരുന്നു, ഇപ്പോൾ നല്ല രീതിയിൽ ഭക്ഷണവും മരുന്നുമെല്ലാം കഴിക്കുന്നു. എന്റെ ആരോഗ്യനിലമാറി. നല്ല നിലയിൽ മുൻപോട്ട് പോകാൻ സാധിക്കുന്നു. നിങ്ങൾക്ക് മനസാൽ അനുഗ്രഹിക്കാൻ കഴിയുമെങ്കിൽ അനുഗ്രഹിക്കൂ- വിവാഹത്തിന് ശേഷം ബാല മാധ്യമങ്ങളോട് പ്രതികരിച്ചു.
ആദ്യ വിവാഹവുമായി ബന്ധപ്പെട്ട നിയമ നടപടികൾ പൂർത്തിയാക്കിയിരുന്നു. രണ്ടാം ഭാര്യയായ എലിസബത്തുമായുള്ള വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല. അതിനാൽ വിവാഹത്തിന് മറ്റ് നിയമപരമായ തടസങ്ങളില്ല.