അവനവന്റെ കാര്യം നോക്കി നടന്നാൽ പോരെ ? ആർക്കാണ് ഇത്ര കുഴപ്പം ?; ‘പഠാൻ’ വിവാദത്തിൽ നടൻ ബൈജു
കൊച്ചി:ഷാരൂഖ് ഖാൻ- ദീപിക പദുക്കോൺ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘പഠാൻ’ ആണ് ഇപ്പോൾ ഇന്ത്യൻ സിനിമാ ലോകത്തെ ചർച്ചാ വിഷയം. ചിത്രത്തിലെ ബെഷ്റം രംഗ് എന്ന ഗാനരംഗത്ത് ദീപിക ധരിച്ച കാവി നിറമുള്ള ബിക്കിനി വിവാദങ്ങൾക്ക് വഴിവയ്ക്കുക ആയിരുന്നു. പഠാൻ ബഹിഷ്കരിക്കണമെന്നും റിലീസ് ചെയ്യിപ്പിക്കരുതെന്നും ഉള്ള ആവശ്യവുമായി ഒരുവിഭാഗം രംഗത്ത് എത്തുക ആയിരുന്നു. നിരവധി പേരാണ് വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ പഠാൻ വിവാദത്തിൽ പ്രതികരണവുമായി എത്തിയിരിക്കുക ആണ് നടൻ ബൈജു.
അവരവർക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ അവർ ഇടുകയോ ഇടാതിരിക്കുകയോ ചെയ്യട്ടേ. ആർക്കാണ് ഇത് ഇത്ര കുഴപ്പമെന്ന് ബൈജു ചോദിക്കുന്നു. അവനവന്റെ കാര്യം നോക്കി മനുഷ്യർക്ക് നടന്നാൽ പോരെ എന്നും ബൈജു ചോദിച്ചു. ‘ആനന്ദം പരമാനന്ദം’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന വാർത്താ സമ്മേളനത്തിൽ ആയിരുന്നു നടന്റെ പ്രതികരണം.
“അവരവർക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ അവർ ഇടുകയോ ഇടാതിരിക്കുകയോ ചെയ്യട്ടേ. ആർക്കാണ് ഇത് ഇത്ര കുഴപ്പം. അവനവന്റെ കാര്യം നോക്കി നടന്നാൽ പോരെ ? സ്വന്തം വീടിനകത്തോട്ട് അല്ല നോക്കുന്നത്. അപ്പുറത്തെ വീട്ടിലെ ജനൽ തുറന്ന് കിടക്കുന്നുണ്ടോ എന്ന് നോക്കും. അവിടെ എന്താണ് നടക്കുന്നതെന്ന് അറിയാൻ. എന്തിനാണ് അത് നോക്കാൻ പോകുന്നത്. അതിൽ ദീപിക ഒരു ഡ്രെസ്സ് മാത്രമല്ല ഇട്ടിരിക്കുന്നത്. ഒരുപാട് ഡ്രെസ്സുകൾ മാറിവരുന്നില്ലെ അതിൽ ?” എന്ന് ബൈജു ചോദിക്കുന്നു.
പഠാന്‍ വിഷയത്തില്‍ പ്രതികരണവുമായി കഴിഞ്ഞ ദിവസം പൃഥ്വിരാജും രംഗത്ത് എത്തിയിരുന്നു. ഒരു കലാരൂപത്തെ ഇത്തരത്തിൽ നിരീക്ഷണങ്ങൾക്കും വീക്ഷണങ്ങൾക്കും ഇരയാക്കുന്നതിൽ ദുഃഖമുണ്ടെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു. പഠാന്‍ അടുത്തവർഷം ജനുവരി 25ന് തിയറ്ററുകളിൽ എത്തും.