EntertainmentKeralaNews

എന്നെ ഇനി മുതല്‍ ‘തല’ എന്ന് വിളിക്കരുത്- അജിത്

ചെന്നൈ:ഇനി മുതൽ ‘തല’ എന്ന് വിളിക്കരുതെന്ന് നടൻ അജിത്. ആരാധകർ സ്നേഹത്തോടെ വർഷങ്ങളായി അജിതിനെ തല എന്നാണ് വിളിക്കുന്നത്. സൂപ്പർതാരങ്ങൾക്ക് ദളപതി, ഇളയദളപതി, മക്കൾസെൽവൻ തുടങ്ങി ഒട്ടേറെ ഓനമപ്പേരുകൾ തമിഴകത്തുണ്ട്.

സമൂഹമാധ്യമങ്ങളിൽ സജീവമല്ലാത്ത അജിത് പി.ആർ.ഒ സുരേഷ് ചന്ദ്ര വഴിയാണ് അപേക്ഷയുമായി രംഗത്ത് വന്നത്.ബഹുമാനപ്പെട്ട മാധ്യമങ്ങളോടും, പൊതുജനങ്ങളോടും എന്റെ യഥാർഥ ആരാധകരോടും. ഇനി മുതൽ എന്നെ അജിത്, അജിത് കുമാർ, അല്ലെങ്കിൽ വെറും എ.കെ. എന്ന് വിളിക്കുക. ‘തല’ എന്ന വിശേഷണം എന്റെ പേരിനൊപ്പം ചേർക്കരുത്. നിങ്ങളുടെ ജീവിതം ആരോഗ്യവും സന്തോഷവും വിജയവും സമാധാനവും നിറഞ്ഞതാകട്ടെ എന്ന് ആശംസിക്കുന്നു- സ്നേഹത്തോടെ അജിത്

സോഷ്യല്‍ മീഡയയില്‍ അജിത്ത് ആരാധകര്‍ തങ്ങളുടെ പ്രിയതാരത്തെ വിശേഷിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പദം ‘തല’യെന്നാണ്. മാധ്യമ വാര്‍ത്തകളിലും ഈ പദം പലപ്പോഴും ഇടംപിടിക്കാറുണ്ട്. തമിഴ് സിനിമയില്‍ മിക്ക ജനപ്രിയതാരങ്ങള്‍ക്കും ഇത്തരത്തില്‍ വിളിപ്പേരുകളുണ്ട്. വിജയ്‍യെ ദളപതിയെന്നും കമല്‍ ഹാസനെ ഉലകനായകനെന്നും വിക്രത്തെ ചിയാനെന്നും ചേര്‍ത്താണ് ആരാധകര്‍ വിളിക്കാറ്. ഇവരുടെ സിനിമകളിലെ ടൈറ്റില്‍ കാര്‍ഡുകളിലും ഈ വിശേഷണങ്ങള്‍ കടന്നുവരാറുണ്ട്. 2001ല്‍ പുറത്തെത്തിയ ‘ദീന’ മുതലാണ് അജിത്തിന് ‘തല’യെന്ന വിളിപ്പേര് ലഭിക്കുന്നത്.

58000ൽ അധികം ഫാൻസ് ക്ലബ്ബുകളുമായി തമിഴ്നാട്ടിൽ മുന്നിൽ നിൽക്കുമ്പോൾ 2011ൽ, ആരാധകർ അച്ചടക്കംവിട്ട് പെരുമാറുന്നതു കണ്ട് അജിത് സ്വന്തം ഫാൻസ് ക്ലബ്ബുകൾ പിരിച്ചുവിട്ട് സിനിമാ ലോകത്തെ ഞെട്ടിച്ചിരുന്നു. ആക്‌ഷൻ പടത്തിലെ ഇന്റർവെൽ പഞ്ച് പോലൊരു നീക്കം. എങ്കിലും സമൂഹമാധ്യമങ്ങളിൽ അജിത് – വിജയ് ഫാൻസ് ഏറ്റുമുട്ടലിന് ഇപ്പോഴും കുറവില്ല. ‘വിവേക’ത്തിന്റെ റിലീസിനു തൊട്ടുമുൻപ് അഭിഭാഷകർ വഴി ഇറക്കിയ പ്രസ്താവനയിൽ ഇത്തരം തെരുവുയുദ്ധങ്ങളെ വിലക്കിയ താരം, തന്റെ പേരിൽ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ ക്ഷമ പറയുകയും ചെയ്തു.

അജിത് നേതൃത്വം നൽകുന്ന, അംഗീകൃത ഫാൻസ് ക്ലബ്ബുകൾ ഇല്ലെങ്കിലും തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിൽ പോലും സ്വയംസന്നദ്ധ അജിത് ഫാൻസ് അസോസിയേഷനുകൾ ഒട്ടേറെയുണ്ട്. സിനിമയ്ക്കകത്തും പുറത്തും ഒരുപോലെ സ്വീകാര്യമായ അജിത് എന്ന നടന്റെ വ്യക്തിത്വമാണ് ഇതിനു കാരണം. സിനിമാ പശ്ചാത്തലമേതുമില്ലാതെ വന്ന്, ഒരുപാടു തിരിച്ചടികൾക്കു ശേഷവും ആത്മവിശ്വാസത്തോടെ ഉദിച്ചുയർന്ന അജിത്തിനെ ‘സെൽഫ് മെയ്ഡ് സൂപ്പർ സ്റ്റാർ’ എന്നു വിളിക്കാൻ കാരണവും ഇതുതന്നെ.

എ.ആർ. മുരുകദാസ് സംവിധാനം ചെയ്ത ‘ദീന’ എന്ന ചിത്രത്തിലെ ചെല്ലപ്പേരായിരുന്നു തല. അൾട്ടിമേറ്റ് സ്റ്റാർ എന്ന മുൻവിശേഷണത്തിനു പകരമായി ആരാധകർ ഇതേറ്റെടുത്തു. പ്രഫഷനൽ കാറോട്ട മൽസര വിദഗ്ധൻ. ഒരു അപകടത്തെ തുടർന്നാണു ബൈക്ക് റേസിങ് ഉപേക്ഷിച്ച് കാറിലേക്കു തിരിഞ്ഞത്. 2004 ബ്രിട്ടിഷ് ഫോർമുല 2 സീസൺ, ജർമനി, മലേഷ്യ ഫോർമുല ചാംപ്യൻഷിപ്പുകൾ തുടങ്ങിയവയിൽ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button