ന്യൂഡല്‍ഹി: വിദ്വേഷപ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവിനെ സുപ്രീംകോടതി കൊളീജിയം വിളിച്ച് വരുത്തുന്നു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീംകോടതി കൊളീജിയത്തിന് മുമ്പാകെ ഡിസംബര്‍ 17-ന് ഹാജരാകണംമെന്ന നിര്‍ദേശം ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിന് കൈമാറി. ഇതിനിടെ ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ പിന്തുണച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി. സത്യം പറയുന്നവരെ ഇംപീച്ച് ചെയ്യുമെന്ന് പ്രതിപക്ഷം ഭീഷണിപ്പെടുത്തുന്നതായി യോഗി ആദിത്യനാഥ് കുറ്റപെടുത്തി.
വിശ്വഹിന്ദുപരിഷത്തിന്റെ ചടങ്ങില്‍ ജഡ്ജി ശേഖര്‍ കുമാര്‍ യാദവ് നടത്തിയ വിവാദപ്രസംഗത്തിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ അലഹബാദ് ഹൈകോടതിയോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശേഖര്‍ കുമാര്‍ യാദവിനോട് 17-ന് നേരിട്ട് ഹാജരാകാന്‍ സുപ്രീംകോടതി കൊളീജിയം നിര്‍ദേശിച്ചിരിക്കുന്നത്. ശേഖര്‍കുമാര്‍ യാദവിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭാ സെക്രട്ടറി ജനറലിന് കത്ത് നല്‍കിയതിനിടയിലാണ് സുപ്രീംകോടതിയുടെ പുതിയ നീക്കം.
മുംബൈയില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പിന്തുണച്ചത്. ജനാധിപത്യവാദികളാണ് തങ്ങളെന്നാണ് പ്രതിപക്ഷം പറയുന്നത്. എന്നാല്‍ സത്യം പറയുന്ന ജഡ്ജിമാര്‍ ഉള്‍പ്പടെയുള്ളവരെ പ്രതിപക്ഷം ഭീഷണിപ്പെടുത്തുകയാണെന്ന് യോഗി കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റെ ഇത്തരം നടപടികള്‍ പൊതുസമൂഹത്തിന് മുന്നില്‍ തുറന്ന് കാണിക്കണമെന്ന് യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു.
അലഹബാദ് ഹൈകോടതി ലൈബ്രറി ഹാളിൽ വിശ്വഹിന്ദു പരിഷത്ത് ലീഗൽ സെൽ സംഘടിപ്പിച്ച പരിപാടിയിലാണ് ജഡ്ജി എസ്.കെ യാദവ് വിവാദ പരാമർശം നടത്തിയത്. ഭൂരിപക്ഷത്തിന്‍റെ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടുമെന്ന് പറഞ്ഞ ജഡ്ജി, ഏക സിവിൽ കോഡ് ഉടൻ യാഥാർഥ്യമാകുമെന്നും ചൂണ്ടിക്കാട്ടി.
ഭൂരിപക്ഷത്തിന്‍റെ അഭിപ്രായ പ്രകാരമായിരിക്കും ഭരിക്കപ്പെടുകയെന്നും രാജ്യം മുന്നോട്ടു പോവുകയെന്നും ജഡ്ജി വ്യക്തമാക്കി. ഏക സിവിൽ കോഡ് ഭരണഘടനാപരമായി അനിവാര്യമുള്ളതാണ്. ഉടൻ യാഥാർഥ്യമാകും. ഏക സിവിൽ കോഡ് ഐക്യം, ലിംഗ സമത്വം, മതേതരത്വം എന്നിവ ഉറപ്പ് നൽകുന്നതാണ്.
ആർ.എസ്.എസും വി.എച്ച്.പിയും മാത്രമല്ല ഏക സിവിൽ കോഡ് ആവശ്യപ്പെടുന്നത്. രാജ്യത്തിന്‍റെ പരമോന്നത നീതിപീഠവും ഏക സിവിൽ കോഡിനെ പിന്തുണക്കുന്നു- ശേഖർ കുമാർ യാദവ് വ്യക്തമാക്കി.
ജഡ്ജി ശേഖർ കുമാർ യാദവ് മുമ്പും വിവാദ പരാമർശങ്ങൾ നടത്തിയിരുന്നു. പശു ദേശീയ മൃഗമാകണമെന്നായിരുന്നു പരാമർശം. പശു ഓക്സിജൻ ശ്വസിക്കുകയും ഓക്സിജൻ പുറത്തുവിടുകയും ചെയ്യുന്ന ജീവിയാണെന്നാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത് എന്നും പറഞ്ഞിട്ടുണ്ട്. പശുവിനെ കശാപ്പ് ചെയ്ത കേസിലെ പ്രതിക്ക് ജാമ്യം നിഷേധിച്ചു കൊണ്ടുള്ള വിധിയിലായിരുന്നു ഈ പരാമർശം.