News

അർജുന്റെ കുടുംബത്തിനുനേരേ സൈബർ ആക്രമണം; ആറ് യൂട്യൂബർമാർക്കും കമന്റിട്ട ഒട്ടേറെപ്പേർക്കുമെതിരേ നടപടി, മനാഫിനെ ഒഴിവാക്കിയേക്കും

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച ലോറിഡ്രൈവർ കണ്ണാടിക്കൽ സ്വദേശി അർജുന്റെ കുടുംബാംഗങ്ങൾക്കുനേരേ സാമൂഹികമാധ്യമങ്ങളിലുണ്ടായ സൈബർ ആക്രമണത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. മതവൈരം വളർത്തുന്നരീതിയിൽ പ്രചാരണങ്ങൾ നടത്തിയ ആറ് യുട്യൂബർമാർക്കെതിരേയും ലോറിയുടമ മനാഫിന്റെ യുട്യൂബ് ചാനലിൽ കമന്റിട്ട ഒട്ടേറെപ്പേർക്കെതിരേയും നടപടിയുണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്ന് കണ്ടെത്തിയവരുടെ വിവരങ്ങൾ ഔദ്യോഗികമായി ലഭിക്കാൻ ഗൂഗിൾ കമ്പനിക്ക് കോഴിക്കോട് സൈബർ പോലീസ് കത്തെഴുതി. ഇ-മെയിൽ വിലാസം, ഫോൺനമ്പറുകൾ, ഐ.പി. വിലാസങ്ങൾ തുടങ്ങിയ വിവരങ്ങളെല്ലാം ഗൂഗിളിൽനിന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോറിയുടമ മനാഫിന്റെ പേരിലും കേസെടുത്തിരുന്നെങ്കിലും അർജുന്റെ കുടുംബത്തെ ആക്ഷേപിക്കുന്ന വീഡിയോയൊന്നും ഇട്ടിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ, കുടുംബം ആവർത്തിച്ചാവശ്യപ്പെട്ടിട്ടും വീഡിയോകൾ ഒഴിവാക്കിയില്ലെന്നതും അതിൽ മറ്റുള്ളവർക്ക് അധിേക്ഷപകരമായ സന്ദേശങ്ങളിടാൻ അവസരമുണ്ടാക്കിയെന്നതും കുറ്റമായാണ് പോലീസ് കാണുന്നത്.

അർജുന്റെ സഹോദരി കമ്മിഷണർ ടി. നാരായണന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രാത്രിയാണ് ചേവായൂർ പോലീസ് കേസെടുത്തത്. സാമുദായികസ്പർധ സൃഷ്ടിക്കുന്നതും കലാപത്തിന് സാധ്യതയൊരുക്കുന്നതുമായ സന്ദേശങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് കേസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker