തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ ഇളയ മകള്‍ അച്ചു ഉമ്മനെ ലോക്സഭ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് മത്സരിപ്പിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസിലെ ഒരു വിഭാഗം. യു ഡി എഫില്‍ പരമ്പരാഗതമായി കേരള കോണ്‍ഗ്രസ് എം മത്സരിക്കുന്ന സീറ്റാണ് കോട്ടയം. ജോസ് കെ മാണി വിഭാഗം മുന്നണി വിട്ടുപോയ സാഹചര്യത്തില്‍ സീറ്റ് പാർട്ടി ഏറ്റെടുത്ത് അവിടെ അച്ചു ഉമ്മനെ മത്സരിപ്പിക്കണമെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്നത്.
എന്നാല്‍ കോട്ടയം സീറ്റ് ഒരു കാരണവശാലും വിട്ടു നല്‍കില്ലെന്ന് ജോസഫ് കൂട്ടരും വ്യക്തമാക്കുന്നു. ഫ്രാന്‍സിസ് ജോർജിനെ മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് പാർട്ടിയുടെ നീക്കം. സ്ഥാനാർത്ഥി നിർണയത്തിനായി കേരളാ കോൺഗ്രസ് ഉന്നതാധികാരസമിതി അടുത്താഴ്ച ചേരും. സീറ്റ് ജോസഫ് വിഭാഗത്തിന് തന്നെ നല്‍കാന്‍ യു ഡി എഫിലും ധാരണയായിട്ടുണ്ട്.
കേരളാ കോൺഗ്രസ് എമ്മിന്‍റെ മുന്നണി മാറ്റത്തിലൂടെ നഷ്ടമായ കോട്ടയം സീറ്റ് തിരിച്ച് പിടിക്കുകയെന്ന വലിയ ഉത്തരവാദിത്തമാണ് ജോസഫ് ഗ്രൂപ്പിന് മുന്നിലുള്ളത്. മുന്നണിക്കുള്ളിൽ നടന്ന ഉഭയകക്ഷി ചർച്ചയിൽ പാർട്ടിക്കുളളിൽ സമവായം ഉണ്ടാക്കണമെന്നും സ്ഥാനാർത്ഥി നിർണ്ണയം ഉള്‍പ്പെടേയുള്ള കാര്യങ്ങള്‍ അതീവ ശ്രദ്ധയോടെ വേണമെന്നുള്ള നിർദേശവും യു ഡി എഫ് നല്‍കിയിട്ടുണ്ട്.
അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവവുമായി ബന്ധപ്പെട്ട് യുഡിഎഫിലെ ഘടക കക്ഷികളുമായി കോണ്‍ഗ്രസിന്റെ ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി. മുന്നണിയിലെ ചെറുപാര്‍ട്ടികളായ സി എം പിയും, ഫോര്‍വേഡ് ബ്ലോക്കും ലോക്സഭയിലേക്ക് സീറ്റ് വേണ്ടെന്നും പകരം രാജ്യസഭയിലേക്ക് പരിഗണക്കെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
മൂന്ന് സീറ്റ് വേണമെന്ന ആവശ്യം മുസ്ലിം ലീഗ് ഉയർത്തുന്നുണ്ടെങ്കിലും ഇത്തവണ നല്‍കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. മലപ്പുറത്തിനും പൊന്നാനിക്കും പുറമെ മലബാർ മേഖലയില്‍ തന്നെ ഒരു സീറ്റ് കൂടി അധികമായി വേണമെന്നാണ് ലീഗ് ആവശ്യം. രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ വയനാട് സീറ്റ് വേണമെന്ന് ആവശ്യപ്പെടാനാണ് ലീഗ് ഉന്നമിടുന്നത്. അത് അല്ലെങ്കില്‍ കണ്ണൂർ, വടകരയാണ് ലീഗിന്റെ ആവശ്യം.
കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ജേക്കബ്, ആര്‍എസ്പി നേതാക്കളുമായും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതൃത്വം ചർച്ച നടത്തിയിരുന്നു. കൊല്ലം സീറ്റില്‍ ഇത്തവണയും ആർ എസ് പി തന്നെ മത്സരിക്കും. അടുത്ത ഘട്ട ചർച്ചകള്‍ ഫെബ്രുവരി അഞ്ചിനുള്ളില്‍ നടക്കും. ഈ ചർച്ചയോടെ തന്നെ സീറ്റ് ധാരണയുണ്ടാക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.