ആറു വയസുകാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ
ഹൈദരാബാദ്: തെലുങ്കാനയിൽ ആറുവയസുകാരിയെ മാനഭംഗപ്പെടുത്തി കൊന്ന കേസിലെ പ്രതിയുടെ മൃതദേഹം റെയിൽവേ പാളത്തിൽ കണ്ടെത്തി. സെയ്ദാബാദ് സ്വദേശി പല്ലക്കോണ്ട രാജു(30) ആണ് മരിച്ചത്. പ്രതി ട്രെയിനിനു മുന്നില്‍ ചാടിയെന്നാണ് പോലീസിന്റെ വിശദീകരണം.
കഴിഞ്ഞ വ്യാഴാഴ്ചയാണു ഹൈദരാബാദിൽ ആറുവയസുകാരിയെ രാജു(30)മാനഭംഗപ്പെടുത്തി കൊന്നത്. സെയ്ദാബാദ് മേഖലയിലായിരുന്നു സംഭവം. വ്യാഴാഴ്ച രാവിലെ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം വെള്ളിയാഴ്ച രാവിലെ പ്രതിയുടെ വീട്ടിൽ കണ്ടെത്തുകയായിരുന്നു.
കൊലപാതക ശേഷം രക്ഷപെട്ട പ്രതിയെ പിടികൂടാൻ കഴിയാത്തത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവർക്ക് ഹൈദരാബാദ് സിറ്റി പോലീസ് പത്തു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
അതിനിടെ, പ്രതിയെ പിടികൂടി ഏറ്റുമുട്ടലിൽ വധിക്കുമെന്ന് തെലുങ്കാന തൊഴിൽ മന്ത്രി മല്ല റെഡ്ഢി പറഞ്ഞത് വിവാദമായിരുന്നു.