മുംബൈ: മറാത്തി നടി ഊര്‍മിള കോട്ടാരെയുടെ കാര്‍ പാഞ്ഞുകയറി ഒരു തൊഴിലാളി കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുംബൈയിലെ കന്ദിവലിയില്‍ മെട്രോയുടെ നിര്‍മാണപ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളിലൊരാളാണ് കൊല്ലപ്പെട്ടത്. അപകടത്തില്‍ നടിക്കും ഡ്രൈവര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അപകടം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഊര്‍മിള കോട്ടാരെ വെള്ളിയാഴ്ച അര്‍ധരാത്രി ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ പോയസര്‍ മെട്രോ സ്റ്റേഷനു സമീപമാണ് അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മെട്രോ ജീവനക്കാരുടെ മേല്‍ പാഞ്ഞുകയറുകയായിരുന്നു. ഒരു തൊഴിലാളി സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാറിന്റെ എയര്‍ബാഗുകള്‍ യഥാസമയം പ്രവര്‍ത്തിച്ചതോടെയാണ് താരം വലിയ പരിക്കിലാതെ രക്ഷപെട്ടതെന്ന് പോലീസ് വ്യക്തമാക്കി.
അര്‍ദ്ധരാത്രിക്ക് ശേഷം കിഴക്കന്‍ കന്ദിവലിയിലെ പോയസര്‍ മെട്രോ സ്റ്റേഷന് താഴെ മെട്രോ റെയില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന രണ്ട് തൊഴിലാളികളെ ഊര്‍മിള കോട്ടാരെയുടെ കാര്‍ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഒരാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായും മറ്റൊരാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. ഡ്രൈവര്‍ക്കും സാരമായി പരിക്കേറ്റുവെങ്കിലും ഊര്‍മിളയുടെ പരിക്ക് ഗുരുതരമല്ലെന്നും പോലീസ് അറിയിച്ചു.
ഡ്രൈവര്‍ക്കെതിരെ സമതാ നഗര്‍ പോലീസ് സ്റ്റേഷനില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടത്തില്‍ നടിയുടെ കാറിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. നടനും സംവിധായകനുമായ അദിനാഥ് കോട്ടാരെയുടെ ഭാര്യയാണ് ഊര്‍മിള.