കൊച്ചി: വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിതരെ ഹൃദയപൂർവം ചേർത്തുനിറുത്തി സമൃദ്ധി കിച്ചൺ. ചൊവ്വാഴ്ച സമൃദ്ധിയിൽ വിറ്റ ഭക്ഷണത്തിന്റെ മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ മേയർ എം. അനിൽകുമാറിന് കൈമാറി.
ഭക്ഷണം വിറ്റും സംഭാവനയായും ലഭിച്ച 3,51,004 രൂപയുടെ ചെക്കാണ് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീബാലാലും സമൃദ്ധി കിച്ചണിലെ ജീവനക്കാരും ചേർന്ന് കൈമാറിയത്.
24 മണിക്കൂറും പ്രവർത്തിക്കുന്ന സമൃദ്ധിയുടെ ഉദ്യമത്തിൽ നിരവധി പേരാണ് പങ്കാളികളായത്.
ഭക്ഷണം വാങ്ങാത്തവർ അവരവർക്കാവുന്ന തരത്തിൽ യു.പി.ഐ വഴിയും ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവ വഴിയും പണം നൽകി. ‘ഹൃദയപൂർവം വയനാടിന് ” എന്ന പേരിലാണ് പദ്ധതി നടപ്പാക്കിയത്. പ്രതിദിനം എത്തുന്നതിലും 500 പേർ അധികം ഭക്ഷണം കഴിക്കാനെത്തി. പ്രഭാത ഭക്ഷണത്തിൽ തുടങ്ങി അത്താഴം വരെ 3500 ഓളം പേർക്ക് ഭക്ഷണം വിളമ്പി. 2800 പേരാണ് ഊണ് കഴിച്ചത്.
കഴിഞ്ഞ ഫെബ്രുവരി മുതലാണ് സമൃദ്ധി 24 മണിക്കൂറും പ്രവർത്തനമാരംഭിച്ചത്. പ്രഭാതഭക്ഷണം, ഉച്ചയൂണ്, കഞ്ഞി, ബിരിയാണി എന്നിവയ്ക്ക് പുറമെ ചൈനീസ് ഭക്ഷണം, കപ്പ ബിരിയാണി എന്നിവയും വിൽക്കുന്നുണ്ട്. രണ്ടായിരത്തോളം പേർക്കുള്ള ഉച്ചയൂണാണ് സാധാരണ തയ്യാറാക്കുന്നത്. ചോറിനൊപ്പം ചിക്കൻ, മീൻ, ബീഫ്, ചെമ്മീൻ എന്നീ പ്രത്യേക വിഭവങ്ങൾക്ക് 40 മുതൽ 100 വരെയാണ് വില.
നോർത്ത് പരമാരറോഡിലെ സമൃദ്ധി പത്തു രൂപയ്ക്ക് ഊണുമായി രണ്ടുവർഷം മുമ്പാണ് തുടങ്ങിയത്. തുടർന്ന് പ്രാതലും രാത്രിഭക്ഷണവും തുടങ്ങി. സർക്കാർ സബ്‌സിഡി നിറുത്തിയതോടെ 10 രൂപ ഊണിന് 20 രൂപയാക്കി. ചായ, കാപ്പി, ദോശ, ഓംലെറ്റ്, ചപ്പാത്തി എന്നിവയാണ് രാത്രിയിൽ വിളമ്പുന്നത്. 100 രൂപയുടെ പൊതിച്ചോറും സമൃദ്ധിയിലൂടെ വിൽക്കുന്നുണ്ട്. ചോറിനൊപ്പം ചിക്കൻ, ബീഫ്, ഓംലെറ്റ്, ഫിഷ്‌ഫ്രൈ, അവിയൽ, സാമ്പാർ, രസം, മീൻചാർ, പായസം എന്നിവ അടങ്ങുന്നതാണ് പൊതിച്ചോർ. കൂടാതെ 100രൂപയുടെ ബിരിയാണി, 60രൂപയ്ക്ക് കഞ്ഞി എന്നിവയും വിൽക്കുന്നുണ്ട്.
വയനാടിന് നൽകിയത്
ആകെ ലഭിച്ച തുക- 3,51,004
ഭക്ഷണ വില – 2,93,593
പെട്ടിയിൽ ലഭിച്ചത്- 4,550
യു.പി.ഐ വഴി- 10,726
സംഭാവന- 42,135
എല്ലാവരും ഒറ്റക്കെട്ടായി നിന്നതിന്റെ പ്രതിഫലനമാണിത്. ഭക്ഷണം കഴിക്കാൻ നിരവധിപ്പേരെത്തി. സമൃദ്ധിയും കോർപ്പറേഷനും വയനാട്ടുകാരെ എന്നും ചേർത്തു നിറുത്തും.
ഷീബാലാൽ
ചെയർപേഴ്‌സൺ
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി
കൊച്ചി കോർപ്പറേഷൻ