സി.പി.എം രക്തസാക്ഷി അഭിമന്യുവിന്റെ കുടുംബം സർക്കാരിനെതിരെ, മുഴുവൻ പ്രതികളെയും പിടികൂടിയില്ലെങ്കിൽ ജീവനൊടുക്കും
ഇടുക്കി: ലോക് സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു ശേഷം സംസ്ഥാന സെക്രട്ടറിയുടെ മകനെതിരായ ലൈംഗികാരോപണം, ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ തുടങ്ങി ഭരണതലത്തിലും സംഘടനാ തലത്തിലും പ്രതിസന്ധിയിലായ സർക്കാരിനും സി.പി.എമ്മിനും തലവേദനയായി രക്തസാക്ഷിയുടെ കുടുംബവും.
എറണാകുളം മഹാരാജാസ് കോളേജിൽ കാമ്പസ് ഫ്രണ്ട് പ്രവർത്തകരുടെ കൊലക്കത്തിയ്ക്കിരയായ അഭിമന്യുവിന്റെ മാതാപിതാക്കളാണ് പോലീസിനെതിരെ രംഗത്തെത്തിയിരിയ്ക്കുന്നത്. അഭിമന്യു വധക്കേസിലെ പ്രതികളെ കണ്ടെത്തുന്നതിൽ പോലീസ് വീഴ്ച വരുത്തുന്നതായാണ് കുടുംബത്തിന്റെ ആരോപണം അഭിമന്യു കൊല്ലപ്പെട്ട് ഒരു വര്‍ഷമാകുമ്പോഴും മുഴുവന്‍ പ്രതികളേയും ഇതുവരേയും പിടികൂടാനായിട്ടില്ലെന്ന് അഭിമന്യുവിന്റെ പിതാവ് മനോഹരന്‍ പറഞ്ഞു.
എല്ലാ പ്രതികളേയും ഉടന്‍ പിടികൂടിയില്ലെങ്കില്‍ കോടതിയ്ക്ക് മുന്നില്‍ ജീവനൊടുക്കുമെന്നും കുടുംബം സർക്കാരിന് മുന്നറിയിപ്പ് നൽകുന്നു. മുഴുവൻ പ്രതികളെയും ഉടന്‍ പിടികൂടി ശിക്ഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
2018 ജൂലെ രണ്ടിനാണ് മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ അഭിമന്യു കുത്തേറ്റു മരിച്ചത്.