കൊച്ചി: ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനങ്ങള്‍ക്ക് മലയാള ബ്രാഹ്മണര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിജ്ഞാപനത്തിലെ വ്യവസ്ഥ ഹൈക്കോടതി ശരിവെച്ചു. വിജ്ഞാപനത്തിലെ ഈ വ്യവസ്ഥ ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
ശബരിമല മേല്‍ശാന്തി നിയമനത്തിനായി അപേക്ഷ നല്‍കിയിരുന്ന മലയാളി ബ്രാഹ്മണരല്ലാത്ത ശാന്തിക്കാരായ സി.വി. വിഷ്ണുനാരായണന്‍, ടി.എല്‍. സിജിത്ത്, പി.ആര്‍. വിജീഷ് തുടങ്ങിയവരാണ് വ്യവസ്ഥ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. ഇത്തരമൊരു വ്യവസ്ഥ ഭരണഘടന വിരുദ്ധവും തൊട്ടുകൂടായ്മയും ആണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
എന്നാല്‍, ആരാധനയ്ക്കാനായി ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അവകാശം നിയന്ത്രണരഹിതമല്ലെന്ന് ശ്രീ വെങ്കിട്ടരമണ കേസില്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് തന്നെ വ്യക്തമാക്കിയിട്ടുള്ളത് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആരാധനയ്ക്കായി ക്ഷേത്രം എപ്പോഴും തുറന്നിടണമെന്നോ സ്വയം പൂജകള്‍ നടത്തണമെന്നോ അവകാശപ്പെടാനാകില്ല.
അതിനാല്‍ മലയാളി ബ്രാഹ്മണര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന വ്യവസ്ഥ തൊട്ടുകൂടായ്മയാണെന്ന വാദം നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. ശബരിമല മേല്‍ശാന്തി എന്നത് പൊതുവായിട്ടുളള നിയമനമോ സ്ഥിരം നിയമനമോ അല്ലെന്നും ഒരു സമുദായത്തില്‍ നിന്നുള്ള പൂജാരിമാരെ മേല്‍ശാന്തിമാരായി ക്ഷണിക്കുന്നത് കാലങ്ങളായുള്ള കീഴ്വഴക്കമാണെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നു. ഇതും കോടതി കണക്കിലെടുത്തു.