പ്രയാഗ്രാജ്: റെയിൽവേ ട്രാക്കിൽ കല്ലുകളും ഗ്യാസ് സിലിണ്ടറും സൈക്കിളും വച്ച് വീഡിയോ ചിത്രീകരിച്ച യൂട്യൂബര്‍ അറസ്റ്റിൽ. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ് സ്വദേശി ഗുൽസാര്‍ ഷെയ്ഖിനെയാണ് ആണ് ആര്‍പിഎഫ് അറസ്റ്റ് ചെയ്തത്. ട്രെയിൻ ഗതാഗതം തടസപ്പെടുത്താൻ ശ്രമിച്ചെന്ന കുറ്റത്തിനാണ് ഇയാളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. ട്രാക്കിലൂടെ ട്രെയിൻ പോകാനിരിക്കുമ്പോഴായിരുന്നു ഈ പരീക്ഷണങ്ങൾ.
24 കാരനായ ഗുൽസാർ ഇത്തരം വീഡിയോകൾ റെക്കോർഡ് ചെയ്ത് യൂട്യൂബിൽ അപ്ലോഡ് ചെയ്യുകയായിരുന്നു. ഭൂരിഭാഗം വീഡിയോകളും ചിത്രീകരിച്ചത് ലാൽഗോപാൽ ഗഞ്ചിലാണ്. പരാതിയുടെ അടിസ്ഥാനത്തിൽ റെയിൽവേ പൊലീസ് ഗുൽസാറിനെ ഉത്തർപ്രദേശിലെ ഖണ്ഡൗലി ഗ്രാമത്തിൽ എത്തിയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും ശേഷം, കോടതിയിൽ ഹാജരാക്കുമെന്നും ആര്‍പിഎഫ് അറിയിച്ചു.
പങ്കുവച്ച വീഡിയോ യൂട്യൂബ് പിൻവലിച്ചിട്ടുണ്ട്. പണം കണ്ടെത്താനാണ് യൂട്യൂബിൽ ഇയാൾ ഇത്തരം വീഡിയോ അപ്ലോഡ് ചെയ്തത്. എന്നാൽ ആയിരത്തിലധികം പേരുടെ ജീവൻ പന്താടുന്ന പ്രവൃത്തിക്ക് സോഷ്യൽ മീഡിയയിൽ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നുവന്നത്. ഇയാൾക്കെതിരെ മാതൃകാപരമായ നടപടി എടുക്കണമെന്നും നിരവധി കമന്റുകൾ വീഡിയോക്ക് ലഭിച്ചു.