
കൊച്ചി: രോഗിയുമായി ആശുപത്രിയിലേക്ക് കുതിച്ചുപാഞ്ഞ ആംബുലൻസിന്റെ വഴിമുടക്കി സ്കൂട്ടർ യാത്രക്കാരിയായ യുവതി. സൈറൺ മുഴക്കി വന്ന ആംബുലൻസ് നിരന്തരമായി ഹോൺ അടിച്ചിട്ടുപോലും മൈൻഡ് ചെയ്യാതെയാണ് യുവതി യാത്ര ചെയ്തത്. സ്കൂട്ടർ സൈഡ് ഒതുക്കി കൊടുത്തില്ലെന്നാണ് പരാതി. കലൂർ മെട്രോ സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്.
ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിൽനിന്നും കൈ അറ്റുപോയ രോഗിയുമായി കൊച്ചിയിലെ മറ്റൊരു ആശുപത്രിയിലേക്ക് പോയ ആംബുലൻസിനാണ് യുവതി മാർഗതടസ്സമുണ്ടാക്കിയത്. സംഭവത്തിന്റെ ദൃശങ്ങൾ സഹിതം പുറത്തുവന്നു. ആംബുലൻസിന്റെ മുൻസീറ്റിലുണ്ടായിരുന്ന വ്യക്തിയാണ് വീഡിയോ ചിത്രീകരിച്ചത്.
രോഗിയെ ആശുപത്രിയിലെത്തിച്ച ശേഷം ആംബുലൻസ് ഡ്രൈവർ പാലാരിവട്ടം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. സ്കൂട്ടറിന്റെ രജിസ്ട്രേഷൻ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ യുവതിയെ തിരിച്ചറിഞ്ഞതായും പോലീസ് അറിയിച്ചു.