KeralaNews

കോട്ടയത്ത് സഹയാത്രികർ നോക്കിനിൽക്കേ ഓടുന്ന ട്രെയിനിൽനിന്ന് ചാടി യുവാവ്; ഗുരുതര പരുക്ക്

കോട്ടയം: സഹയാത്രികരുടെ മുന്നിൽ വെച്ച് വേണാട് എക്സ്പ്രസിൽ നിന്ന് നിന്ന് ചാടിയ യുവാവിനെ ഗുരുതര പരിക്കുകളോടെ കണ്ടെത്തി. യുവാവ് ട്രെയിനിൽ നിന്ന് ചാടുന്ന വീഡിയോ പ്രചരിച്ചതോടെയാണ് പൊലീസ് അന്വേഷണമാരംഭിച്ചത്. തിരച്ചിലിനൊടുവിൽ കുറ്റിക്കാട്ടിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. ​

ഗുരുതര പരിക്കുകളേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം പന്മന സ്വദേശിയായ അൻസാർ ഖാനാണ് സഹയാത്രികർ നോക്കി നിൽക്കേ ട്രെയിനിൽ നിന്ന് ചാടിയത്. ഇന്നലെ വൈകിട്ട് 6.30നായിരുന്നു സംഭവം.

വേണാട് എക്സ്പ്രസ് പിറവം സ്റ്റേഷൻ കഴിഞ്ഞ് വൈക്കത്ത് എത്തുന്നതിനിടെയാണ് സംഭവമുണ്ടായത്. യുവാവ് ട്രെയിനിൽ നിന്ന് ചാടുകയായിരുന്നു. ഇതിന്റെ രണ്ടു മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ഇതിൽ ഒരു പൊലീസ് ഉദ്യോ​ഗസ്ഥനടക്കം ട്രെയിനിൽ വാതിലിന് താഴെയുള്ള സ്റ്റെപ്പിൽ നിൽക്കുന്ന യുവാവിനോട് കയറി നിൽക്കാൻ ആവശ്യപ്പെടുന്നത് കേൾക്കാം.

എന്നാൽ ഇത് അനുസരിക്കാതെ യുവാവ് ട്രെയിനിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. യുവാവ് ചാടിയതിന് ശേഷം യാത്രക്കാരാരും ട്രെയിൻ നിർത്താനോ അധികൃതരെ അറിയിക്കാനോ തയ്യാറായില്ല. രാത്രിയോടെ യുവാവ് ചാടുന്നതിന്റെ വീഡിയോ കണ്ട തലയോലപ്പറമ്പ് പൊലീസ് രാത്രി പത്തരയോടെ യുവാവിനായി തിരച്ചിൽ തുടങ്ങുകയായിരുന്നു. 

വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് നാട്ടുകാരുൾപ്പെടെ തിരച്ചിൽ നടത്തിയപ്പോഴാണ് യുവാവിനെ കണ്ടെത്താൻ കഴിഞ്ഞത്. ട്രെയിനിൽ നിന്ന് ചാടി നാലുമണിക്കൂർ കഴിഞ്ഞാണ് യുവാവിനെ കണ്ടെത്തിയത്. ഗുരുതര പരിക്കുകളോടെ തലയോലപ്പറമ്പ് റെയിൽവേ പാലത്തിനു സമീപം കണ്ട യുവാവിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

കോട്ടയം മെഡിക്കൽ കോളേജിലേക്ക് യുവാവിനെ മാറ്റി. എന്നാൽ ആത്മഹത്യാ ശ്രമത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല. യുവാവിന്റെ മനോനില ഉൾപ്പെടെ പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button