നോയിഡ: ഓപ്പറേഷൻ കഴിഞ്ഞ രോഗിയ്ക്ക് എതിരെ പരാതിയുമായി വനിതാ ഡോക്ടർ. മാസങ്ങളായി തന്നെ ശല്യം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി നേത്രരോഗ വിദഗ്ധയാണ് രോഗിയ്ക്ക് എതിരെ പരാതിയുമായി രംഗത്തെത്തിയത്. തൻ്റെ ക്ലിനിക്കിൽ ഓപ്പറേഷൻ നടത്തിയ രോഗിയുടെ ശല്യം കാരണം തന്റെ സൽപ്പേരിന് കളങ്കമുണ്ടായെന്നും ഡോക്ടറുടെ പരാതിയിൽ പറയുന്നു. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം.
2024 ഏപ്രിൽ 5 ന് രാവിലെ 10.30 ഓടെ ഇടത് കണ്ണിന് കാഴ്ച കുറവാണെന്ന് പറഞ്ഞ് പീയൂഷ് ദത്ത് കൗശിക് (48) എന്നയാൾ തന്റെ ക്ലിനിക്കിൽ വന്നെന്ന് ഡോക്ടർ പറഞ്ഞു. ഓപ്പറേഷൻ വേണ്ടി വരുമെന്ന് അറിയിച്ചപ്പോൾ അതിന് തയ്യാറാണെന്ന് കൗശികും ഭാര്യയും സമ്മതം അറിയിച്ചു. തുടർന്ന് ശസ്ത്രക്രിയയ്‌ക്ക് മുമ്പുള്ള ഒരു പരിശോധനയ്‌ക്കിടെ കൗശിക് തന്നോട് മോശമായി പെരുമാറിയെന്ന് ഡോക്ടറുടെ പരാതിയിൽ പറയുന്നു. ‘ഡോക്ടർ, നിങ്ങൾ വളരെ സുന്ദരിയാണ്. നിങ്ങൾ അവിവാഹിതയായത് നന്നായി, നിങ്ങൾ എന്നെ തൊടുമ്പോഴോ പരിശോധിക്കുമ്പോഴോ എനിക്ക് വളരെയേറെ സുഖം തോന്നുന്നു’ എന്ന് കൗശിക് പറഞ്ഞെന്നാണ് ഡോക്ടറുടെ പരാതി.
ഓപ്പറേഷൻ പൂർത്തിയാക്കി കൗശികിനെ അന്ന് തന്നെ ഡിസ്ചാർജ് ചെയ്തെങ്കിലും ശല്യം തുടരുകയായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു. കൗശിക് ഇടയ്ക്കിടെ വിളിച്ചിരുന്നു. അസമയത്ത് ഉൾപ്പെടെ ഇയാൾ തന്നെ വിളിച്ചിരുന്നുവെന്നും ഡോക്ടർ ആരോപിച്ചു. ചികിത്സയുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കാനാണെന്ന് ആദ്യം കരുതിയെങ്കിലും പിന്നീട് ഇയാൾ വ്യക്തിപരമായ കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങിയെന്നും ഇതോടെ മാതാപിതാക്കളോട് കാര്യങ്ങൾ പറയുകയായിരുന്നുവെന്നും ഡോക്ടർ പറഞ്ഞു.
താനൊരു അഭിഭാഷകനാണെന്ന് കൗശിക് പറഞ്ഞതായി ഡോക്ടർ പൊലീസിനെ അറിയിച്ചു. സംസാരിക്കാൻ തയ്യാറായില്ലെങ്കിൽ മെഡിക്കൽ പ്രാക്ടീസ് അവസാനിപ്പിക്കാൻ തനിയ്ക്ക് അറിയാമെന്നും സ്ഥാപനം പൂട്ടിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. തന്റെ ജോലിയെ ബാധിക്കുമെന്ന് കരുതിയാണ് ഇതുവരെ പരാതി നൽകാതിരുന്നതെന്ന് ഡോക്ടർ പറഞ്ഞു.
കണ്ണിന് വേദന തോന്നുമ്പോൾ ഡോക്ടറോട് സംസാരിച്ചാൽ ആശ്വാസം കിട്ടുന്നുണ്ടെന്നായിരുന്നു കൗശികിന്റെ വാദം. ശല്യം സഹിക്കാൻ കഴിയാതെ വന്നതോടെ നമ്പർ ബ്ലോക്ക് ചെയ്തു. ഇത് കൗശികിനെ പ്രകോപിതനാക്കി. തന്നെ കുറിച്ച് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ മോശമായി സംസാരിച്ചു. സ്റ്റാഫുകളുമായി ബന്ധപ്പെട്ട് തന്നെ സംസാരിപ്പിക്കാൻ നിർബന്ധിച്ചെന്നും പരാതിയിലുണ്ട്.
രോഗിയുടെ ശല്യം കൂടി വന്നതോടെ ക്ലിനിക്കിലെത്തുന്ന മറ്റ് രോഗികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതായി ഡോക്ടർ പറഞ്ഞു. തനിയ്ക്ക് സ്വന്തം ക്ലിനിക്കിൽ ഓപ്പറേഷൻ പോലും ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടായി. ഇതോടെ മറ്റ് സ്ഥലങ്ങളിൽ പോയി ഓപ്പറേഷനുകൾ ചെയ്യേണ്ടി വന്നെന്നും ഇത് തന്റെ കരിയറിനെ ദോഷകരമായി ബാധിച്ചെന്നും ഡോക്ടർ നൽകിയ പരാതിയിൽ പറയുന്നു. ഭാരതീയ ന്യായ സംഹിതയിലെ 75 (2) 351 (2) എന്നിവ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു. പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.