
കണ്ണൂര്‍: കണ്ണൂര്‍ കരിക്കോട്ടക്കരിയിലെ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ചു പിടികൂടി മാറ്റുന്നു. ആനക്കുട്ടിയുടെ ശാരീരികാവസ്ഥ പരിഗണിച്ചു ചെറിയ അളവിലുള്ള മരുന്നാണു മയക്കുവെടിക്കായി ഉപയോഗിച്ചത്. വയനാട്ടില്‍ നിന്നെത്തിയ വെറ്ററിനറി സംഘമാണ് ആനയെ മയക്കുവെടി വച്ചത്. വെറ്ററിനറി ഡോക്ടര്‍ അജീഷ് മോഹന്‍ദാസിന്റെ നേതൃത്വത്തിലായിരുന്നു ദൗത്യം. ഗുരുതരമായി പരുക്കേറ്റ കുട്ടിയാനയ്ക്ക് വിദഗ്ധ ചികിത്സ നല്‍കുമെന്നു വനംവകുപ്പ് അറിയിച്ചു.
പിടികൂടിയ ആനയുടെ കാലില്‍ വടം കെട്ടി മുറിവില്‍ മരുന്നുവെച്ചു. താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റ നിലയിലാണ് കുട്ടിയാനയുടെ അവസ്ഥ. കഴിഞ്ഞ 10 മണിക്കൂര്‍ നേരമായി ആന ജനവാസ മേഖലയിലുണ്ട്. ആനയ്ക്ക് വിദഗ്ധ ചികിത്സ നല്‍കുമെന്ന് വനംവകുപ്പ് അറിയിച്ചു.
ഇന്ന് പുലര്‍ച്ചെയാണ് ആനയെ ജനവാസ മേഖലയില്‍ കണ്ടെത്തിയത്. ആനയുടെ മുറിവ് ഗുരുതരമാണെന്ന് വിദഗ്ധ സംഘം അറിയിച്ചിരുന്നു. താടിയെല്ലിനാണ് മുറിവേറ്റിരിക്കുന്നത്. ഇതെങ്ങനെ സംഭവിച്ചുവെന്നതില്‍ വ്യക്തതയില്ല. അതേ സമയം മുറിവിന്റെ ആഴവും അറിയാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ തന്നെ തീറ്റയും വെള്ളവും എടുക്കാന്‍ ആന ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇന്നലെ ഇരിട്ടിയിലിറങ്ങിയ കാട്ടാന ഇന്ന് രാവിലെയാണ് കരിക്കോട്ടക്കരിയിലെ ജനവാസ മേഖലയിലെത്തിയത്.
മയക്കുവെടിവച്ചതിനു ശേഷം കാട്ടാന വനപാലകര്‍ക്കു നേരെ ഓടിയടുത്തെങ്കിലും പിന്നീട് റബ്ബര്‍ തോട്ടത്തില്‍ തന്നെ നിലയുറപ്പിക്കുകയായിരുന്നു. ശരീരം തളര്‍ന്ന ആനയുടെ കാലുകളിലും കഴുത്തിലും കയര്‍ ഉപയോഗിച്ച് കുരുക്കിട്ടതിനു ശേഷം പ്രാഥമിക ചികിത്സ നല്‍കി. 15 അംഗ സംഘമാണ് മയക്കുവെടി സംഘത്തില്‍ ഉണ്ടായിരുന്നത്.
ജെസിബി ഉപയോഗിച്ചു മണ്ണുമാറ്റി ലോറി അടുത്തെത്തിച്ചാണു ആനയെ വാഹനത്തില്‍ കയറ്റിയത്. ആനയെ ബന്ധിച്ച കയര്‍ വലിച്ചും പുറകില്‍ നിന്നു തള്ളിയും വാഹനത്തില്‍ കയറ്റുകയായിരുന്നു. ആന ചെറുക്കാന്‍ ശ്രമിച്ചെങ്കിലും വനപാലകര്‍ വാഹനത്തില്‍ കയറ്റുകയായിരുന്നു. രാവിലെ തുടങ്ങിയ ദൗത്യമാണ് പൂര്‍ത്തിയായിരിക്കുന്നത്.