ഒരു രാജ്യം മുഴുവന്‍ അവര്‍ക്കായി കാത്തിരുന്നു,ആമസോണ്‍ കാടുകളില്‍ തെരഞ്ഞു,ഒടുവില്‍ സംഭവിച്ചത്
ബൊഗോട്ട: 40 ദിവസം നീണ്ട തിരച്ചിലിനൊടുവിൽ ആ നാല് കുട്ടികളെയും രക്ഷപ്പെടുത്തി. വിമാനാപകടത്തെത്തുടർന്ന് കൊളംബിയൻ ആമസോൺ മഴക്കാടുകളിൽ അകപ്പെട്ട കുട്ടികളെ വെള്ളിയാഴ്ച ജീവനോടെ കണ്ടെത്തിയതായി പ്രസിഡന്റ് ഗുസ്താവോ പെട്രോ അറിയിച്ചു. രാജ്യത്തിനാകെ സന്തോഷമെന്ന് പെട്രോ ട്വിറ്ററിൽ കുറിച്ചു. രാജ്യം മുഴുവൻ അവരുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു. രക്ഷപ്പെടുത്തിയ കുട്ടികളുടെ ഫോട്ടോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇടതൂർന്ന വനത്തിനുള്ളിൽ ഫോറസ്റ്റ് യൂണിഫോം ധരിച്ച് നിൽക്കുന്ന സൈനികർക്ക് നടുവിലാണ് കുട്ടികൾ നിൽക്കുന്നത്. 13, ഒമ്പത്, നാല്, ഒന്ന് എന്നിങ്ങനെയാണ് കണ്ടെത്തിയ കുട്ടികളുടെ പ്രായം. ഒരു വയസുള്ള കുട്ടിയെ മുതിർന്ന കുട്ടികൾ മാറി മാറി എടുത്തതായിരുന്നു കാട്ടിലൂടെ യാത്ര ചെയ്തിരുന്നത്.
യുടോട്ടോ സ്വദേശി ഗ്രൂപ്പിൽ നിന്നുള്ള കുട്ടികൾ മെയ് 1 നാണ് അപകടത്തിൽപ്പെട്ടത്. മാതാപിതാക്കൾക്കൊപ്പം അവർ സഞ്ചരിച്ചിരുന്ന സെസ്ന 206 വിമാനം അപകടത്തിൽപ്പെടുകയായിരുന്നു. മാതാപിതാക്കൾ തൽക്ഷണം മരണപ്പെട്ടു. ചെറിയ പരിക്കുകളോടെ കുട്ടികൾ മാത്രം ബാക്കിയായി. ഇവർ അന്ന് മുതൽ കാട്ടിൽ വഴിയറിയാതെ അലഞ്ഞുതിരിയുകയായിരുന്നു.
ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്ന് മുതിർന്നവരുടെ മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ നേരത്തെ കണ്ടെത്തിയിരുന്നു. കുട്ടികൾക്ക് ജീവനുണ്ടെന്നും അവർ കാട്ടിലൂടെ അലഞ്ഞ്‍തിരിഞ്ഞ് നടക്കുകയാണെന്നും മനസിലാക്കിയ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും ഇവർക്കായി തിരച്ചിൽ ആരംഭിച്ചിരുന്നു. കാണാതായ കുട്ടികൾക്കായുള്ള തിരച്ചിലിനിടെ, സെർച്ച് ആൻഡ് റെസ്ക്യൂ ടീമിലെ വിൽസൺ എന്നറിയപ്പെടുന്ന ഒരു നായയെ രക്ഷാപ്രവത്തകർക്ക് നഷ്ടമായിരുന്നു.
¡Una alegría para todo el país! Aparecieron con vida los 4 niños que estaban perdidos hace 40 días en la selva colombiana. pic.twitter.com/cvADdLbCpm
— Gustavo Petro (@petrogustavo) June 9, 2023