KeralaNews

പോലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ച സംഭവം; പോലീസുകാര്‍ക്കെതിരെ കേസെടുത്തു

കാസർകോട്: വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പോലീസുകാർക്കെതിരെ നടപടി. പോലീസിനെ വെട്ടിച്ച് പോകുന്നതിനിടെ കാർ മറിഞ്ഞ് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി ഫർഹാസ് (17) മരിച്ച സംഭവത്തിൽ പോലീസുകാർക്കെതിരെ കോടതി കേസെടുത്തു. കുമ്പള പോലീസ് സ്റ്റേഷനിലെ എസ് ഐ എസ്. ആർ രജിത്, സി പി ഒമാരായ ദീപു, പി രഞ്ജിത്ത് എന്നിവർക്കെതിരെയാണ് കോടതി കേസെടുത്തത്.

ഫർഹാസിന്റെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കാസർകോട് ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് പോലീസുകാർക്കെതിരെ കേസെടുക്കാൻ നിർദേശിച്ചത്. നേരത്തെ മൂന്ന് പോലീസുകാർക്കും സ്ഥലം മാറ്റം ലഭിച്ചിരുന്നു. നരഹത്യക്കാണ് കോടതി കേസെടുത്തിരിക്കുന്നത്. ഫെബ്രുവരി 19ന് ഹാജരാകാൻ കോടതി പോലീസുകാ‌ർക്ക് സമൻസ് അയച്ചു.

പോലീസ് പിന്തുടർന്നതാണ് അപകടത്തിലേയ്ക്ക് വഴിവച്ചതെന്നും വിദ്യാർത്ഥി മരിക്കാൻ കാരണമായതെന്നും കുടുംബം ആരോപിക്കുകയും മുഖ്യമന്ത്രിക്കടക്കം പരാതി നൽകുകയും ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതെന്നായിരുന്നു പോലീസിന്റെ വിശദീകരണം.വിദ്യാർത്ഥിയുടെ മാതാവ് മനുഷ്യാവകാശ കമ്മിഷനും പരാതി നൽകിയിരുന്നു.

സുഹൃത്തുക്കളുമായി സഞ്ചരിക്കുമ്പോൾ പോലീസിനെ വെട്ടിച്ച് പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. അംഗഡിമൊഗർ ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു ഫർഹാസ്. കാസർകോട് കുമ്പളയിൽ നടന്ന അപകടത്തിൽ ഫർഹാസിന് നട്ടെല്ലിന് പരിക്കേ​റ്റിരുന്നു.

അംഗഡിമൊഗറിൽ നിന്നും കട്ടത്തടുക്ക വരെ അഞ്ചുകിലോറ്റീറോളം പൊലീസ് കാറിനെ പിൻതുടർന്നതാണ് അപകടത്തിന് കാരണമെന്ന് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ വലിയ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. അതേസമയം വിദ്യാർത്ഥികളുടെ അപകടകരമായ ഡ്രൈവിംഗാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസ് പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button