ഇന്ത്യൻ ഭരണകൂടവുമായി പോരാടുന്നുവെന്ന പരാമർശം; രാഹുൽ ഗാന്ധിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തg. ഗുവാഹത്തിയിലെ പൻ ബസാർ പോലീസ് ആണ് കെസെടുത്തത്. മൊഞ്ചിത് ചേട്ടിയ എന്നയാളാണ് പരാതി നൽകിയത്. ഭാരതീയ ന്യായ സൻഹിതയിലെ സെക്ഷൻ 152, 197 (1) എന്നീ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയത്.
ജനവരി 15 ന് ഡൽബിയിലെ പുതിയ കോൺഗ്രസ് ഓഫീസ് ഉദ്ഘാടന വേളയിലായിരുന്നു രാഹുൽ ഗാന്ധിയുടെ വിവാദ പരമാർശം. ‘ബി ജെ പിയും ആർ എസ് എസും രാജ്യത്തെ ഓരോ സ്ഥാപനത്തേയും പിടിച്ചെടുത്തിരിക്കുകയാണ്. ഇപ്പോൾ ഞങ്ങൾ ബി ജെ പിക്കും ആർ എസ് എസിനും ഇന്ത്യൻ ഭരണകൂടത്തിനും എതിരായാണ് പോരാടുന്നത്’, എന്നായിരുന്നു രാഹുൽ പറഞ്ഞു. രാഹുലിന്റെ ഈ പരാമർശം പൊതുസുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് ചേതിയയുടെ പരാതിയിൽ ആരോപിക്കുന്നത്. ഇന്ത്യൻ ഭരണകൂടത്തിനെതിരെ പോരാടുകയാണെന്ന് സൂചിപ്പിച്ചുകൊണ്ട് ജനങ്ങളെ കലാപത്തിനും അട്ടിമറിക്കും രാഹുൽ പ്രേരിപ്പിക്കുകയാണ് എന്നും ചേതിയ പരാതിയിൽ പറഞ്ഞു.
രാഹുലിന്റെ പ്രസ്താവന സംസ്ഥാനത്തിന്റെ അധികാരത്തെ തന്നെ ചോദ്യം ചെയ്യുകയും രാജ്യത്തെ ശത്രുവായി ചിത്രീകരിക്കുന്നതണെന്നും ഇത്തം പ്രസ്താവനകൾ അപകടകരമായ ആഖ്യാനം നൽകുന്നതാണെന്നും ചേതിയ പരാതിയിൽ ചൂണ്ടിക്കാട്ടി. രാജ്യത്ത് അശാന്തിയും വിഘടനവാദവും വളർത്താൻ ഇത് കാരണമാകുമെന്നും പരാതിയിൽ പറയുന്നു.
പ്രസ്താവനയ്ക്കെതിരെ നേരത്തേ ബി ജെ പിയും രംഗത്തെത്തിയിരുന്നു.കോൺഗ്രസിന്റെ യഥാർത്ഥ മുഖമാണ് രാഹുൽ ഗാന്ധിയിലൂടെ പുറത്തായിരിക്കുന്നതെന്ന് ബി ജെ പി നേതാക്കൾ കുറ്റപ്പെടുത്തി. ഇന്ത്യയ്ക്കെതിരെ പോരാടുന്ന രാഹുൽ എന്തിനാണ് ഭരണഘടന കൈയ്യിലേന്തുന്നത് എന്നായിരുന്നു നേതാക്കളുടെ ചോദ്യം. അതേസമയം രാഹുലിനെതിരെ കേസെടുത്ത നടപടിക്കെതിരെ കോൺഗ്രസ് രംഗത്തെത്തി.
പ്രസംഗത്തിൽ നിന്നും അടയർത്തിയെടുത്ത കാര്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ളതാണ് പരാതിയെന്നും ഭരണഘടനാ സ്ഥാപനങ്ങൾ സ്വതന്ത്രമല്ലെന്നും നീതിപൂർവ്വമായി പ്രവർത്തിക്കാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം എങ്ങനെയാണ് ചൂണ്ടിക്കാട്ടിയതെന്ന് പരാതിക്കാരൻ വിശദമായി മനസിലാക്കണമെന്നും കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി.
അതിനിടെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വൈറ്റ് ടീഷർട്ട് പോരാട്ടത്തിന് കോൺഗ്രസ് തുടക്കം കുറിച്ചു. . രാജ്യത്തെ യുവാക്കളും തൊഴിലാളികളും വെള്ള ടീഷർട്ട് ധരിച്ച് അസമത്വത്തിന് എതിരായ മുന്നേറ്റത്തിൽ പങ്കു ചേരണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. മോദി പാവങ്ങൾക്ക് നേർക്ക് പുറംതിരിഞ്ഞ് നിൽക്കുകയാണെന്നും കോർപറേറ്റുകൾക്ക് വേണ്ട മാത്രമാണ് അദ്ദേഹം നിലകൊള്ളുന്നതെന്നും രാഹുൽ ആരോപിച്ചു.